

കൊച്ചി: ജോജു ജോസഫ് നായകനായ ജോസഫ് സിനിമയ്ക്ക് എതിരെ ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. അവയവ ദാനത്തിന് എതിരെ അശാസ്ത്രീയത പ്രചരിപ്പിക്കുന്ന തട്ടിപ്പ് സിനിമയാണ് ജോസഫ് എന്ന് ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോ. സുല്‍ഫി നൂഹു വിമര്‍ശിച്ചു. അവയവദാനത്തിലൂടെ പുതു ജീവന്‍ പ്രതീക്ഷിച്ച് കഴിയുന്നപതിനായിരക്കണക്കിന് നിത്യ രോഗികളേയും അവരുടെ കുടുംബങ്ങളേയും വെട്ടി നുറുക്കി പച്ചക്ക് തിന്നുന്ന കൊടും ക്രൂരതയാണ് സിനിമയെന്ന് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ഡോ. സുല്‍ഫി അഭിപ്രായപ്പെട്ടു.
ഡോ. സുല്‍ഫിയുടെ കുറിപ്പ്:
നിര്‍ണയവും ബെന്യാമിനും , പിന്നെ 'ജോസഫും'
============================
ജോസഫ് സിനിമ കണ്ടു
ഇത് കൊടും ക്രൂരതയാണ്.
അവയവദാനം പ്രതീക്ഷിച്ചു പുതു ജീവന്‍ പ്രതീക്ഷിച്ച് കഴിയുന്നപതിനായിരക്കണക്കിന് നിത്യ രോഗികളേയും അവരുടെ കുടുംബങ്ങളേയും വെട്ടി നുറുക്കി പച്ചക്ക് തിന്നുന്ന കൊടും ക്രൂരത.
ആവിഷ്‌കാര സ്വാതന്ത്രം പറഞ്ഞ് എന്നെ പിച്ചിചീന്താന്‍ വരുന്നവര്‍ അവിടെ നില്‍ക്കട്ടെ ഒരു നിമിഷം.
ആവിഷ്‌കാര സ്വാതന്ത്ര്യം നോലിസ്റ്റിനും , സംവിധായകനും, കഥാകൃത്തിനും, എനിക്കും , നിങ്ങള്‍ക്കും ഒരു പോലെയാണ്. സംവിധായകനോ, നോവലിസ്റ്റിനോ മാത്രം ഒതുങ്ങുന്ന ആവിഷ്‌കാര സ്വാതന്ത്ര്യം ഇന്ത്യാ മഹാ രാജ്യത്തില്‍ നിലനില്‍ക്കുന്നില്ല.
വളരെ മുന്‍പ് 'നിര്‍ണയം 'എന്ന മോഹല്‍ലാല്‍ ചിത്രം കേരളത്തില്‍ ഉടനീളം വന്‍ കളക്ഷന്‍ റിക്കാര്‍ഡുകള്‍ ഭേദിച്ച് നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ചത് നാം മറന്ന് കാണില്ല. അന്ന് ആ മോഹന്‍ലാല്‍ ചിത്രം പറഞ്ഞ കഥ മറ്റൊരു ഇംഗ്ലീഷ് നോവലിനെ അവലംബിച്ചായിരുന്നു.
. രോഗിയുടെ സമ്മതമില്ലാതെ രോഗിയെ ഓപ്പറേഷന്‍ ചെയ്ത് കിഡ്‌നിയും മറ്റ് അവയവങ്ങളും മോഷ്ടിച്ച് അവയവ ദാന കച്ചവടം നടത്തുന്ന വില്ലനെതിരെ പടപൊരുതുന്ന ഡോക്ടറുടെ കഥ
. കലാ സൃഷ്ടിയുടെ സത്യസന്ധത അവിടെ നില്‍ക്കട്ടെ. കഥയില്‍ പറഞ്ഞിരിക്കുന്ന അവയവ മോഷണം എങ്ങനെ എവിടെ വെച്ച് നടത്താമെന്ന് കൂടി പറഞ്ഞ് തന്നാല്‍ കൊള്ളാമായിരുന്നു.
, നിര്‍ണയം സിനിമയില്‍ നിന്നും ബെന്യമിനിലേക്ക് എത്തുമ്പോള്‍ സുവിശേഷ പ്രസംഗക്കാരുടെ' അസുവിശേഷ', വിശേഷങ്ങള്‍ പറയുന്നതിനോടൊപ്പം പ്രിയങ്കരനായി നോവലിസ്റ്റ് വരച്ച് വെക്കുന്ന സ്‌കൂട്ടര്‍ ഇടിച്ച് കൊന്ന് അവയവം മോഷ്ടിക്കുന്ന കഥ അവയവ ദാനത്തിന്റെ കടക്കല്‍ കത്തി വെക്കുകയാണ്.
ഇനി ജോസഫ്,
സിനിമ കള്ളങ്ങള്‍ കൂട്ടിയിണക്കിയ ഒരു വലിയ കള്ളം .
അശാസ്ത്രീയത മുഴച്ചു നിലനില്‍ക്കുന്ന തട്ടിപ്പ് സിനിമ .
മകളുടെ ഹൃദയം മറ്റോരു കുട്ടിയില്‍ അവയയ ദാനത്തിനു ശേഷം സ്പന്ദിക്കുന്നത് ശ്രദ്ധിക്കാതെ പോകുന്ന നായകന്‍
ഹൃദയം മറ്റൊരു ശരീരത്തിലെക്കു മാറ്റിവച്ചു എന്നു കള്ള രേഖ യുണ്ടാക്കുന്ന ആശുപത്രി
വിദേശികള്‍ക്ക് അവയവം കൊടുക്കുന്ന സര്‍ക്കാര്‍ പദ്ധതി
ചുറ്റിക കൊണ്ടടിക്കുന്നത് റോഡപകടം ആക്കുന്ന പോസ്റ്റ് മോര്‍ടം റിപ്പോര്‍ട്ട് ഉള്ള കഥ
എന്തെല്ലാം കാണണം .
ഇതിനേക്കാള്‍ 500 വെടിയുണ്ടകള്‍ ഒറ്റക്ക് തട്ടി കളയുന്ന രജനികാന്ത് എന്തു ഭേദം
ഇനി കുറച്ച് കണക്കുകള്‍ , കേരളത്തില്‍ അവയവദാനം കാത്ത് സര്‍ക്കാര്‍ ഏജന്‍സിയായ കെ എന്‍ ഒ എസില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നത് 2000 പേര്‍, ഒരു മൂവായിരം പേര്‍ എങ്കിലും കേരളത്തില്‍ ഇത് നടക്കില്ല എന്ന് കരുതി മറ്റ് സംസ്ഥാനങ്ങളില്‍ പോകാനോ, മറ്റ് രാജ്യങ്ങളിലോ പോകാനോ കാത്തിരിക്കുന്നവരുമുണ്ട്. ഇതൊന്നും വേണ്ട തല്‍ക്കാലം ഡയാലീസോ മറ്റ് മരുന്നുകളോ കൊണ്ടോ ജീവിതം തള്ളി നീക്കാമെന്നും ആര്‍ക്കും ഒരു പ്രാരാപ്തവും ആകണ്ട എന്ന് കരുതുന്നവരും ആയിരങ്ങള്‍ വരും.
അങ്ങനെ ആയിരക്കണക്കിന് ആളുകള്‍ ദിനം പ്രതി മരണ വക്കിലടുക്കുന്നത് കേരളം വീണ്ടും വീണ്ടും കണ്ണ് തുറന്ന് കാണേണ്ടതാണ് ജോസഫും, ബെന്യാമിനും, നിര്‍ണയവും ഒക്കെ കൂടി കൊലക്ക് കൊടുക്കുന്ന ഈ പാവം ജീവിതങ്ങളെ .
2017 ലും 18 ലും നടന്ന അവയവ ദാന ശസ്ത്രക്രിയകള്‍ വിരലില്‍ എണ്ണാവുന്ന മൂന്നോ നാലോ മാത്രമാണ്. മൂന്നോ നാലോ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച അവയവദാന പദ്ധതി വന്‍ മുന്നേറ്റമാണ് നടത്തിയത്. രക്ഷിച്ചത് ആയിരക്കണക്കിന് ജീവനുകളെ യും
മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുവാന്‍ മറ്റു സംസ്ഥാനങ്ങളിലും മറ്റ് രാജ്യങ്ങളിലും ഉള്ളത് പോലെ
കൂടുതല്‍ ലളിതമായ സംവിധാനം ഉണ്ടാകണം .
അവയവ ദാനം സര്‍ക്കാര്‍ ലിസ്റ്റില്‍ സീനിയോറിറ്റി അനുസരിച്ചു മാത്രം നല്‍കണം
വീഡിയോ റെക്കോഡിങ് രണ്ടാം തവണ മസ്തിഷ്‌ക്ക മരണം സ്ഥികരിക്കുവാന്‍ ടെസ്റ്റ് ചെയ്യുമ്പോള്‍ നിര്‍ബദ്ധം ആക്കാം.
അവയവദാനപ്രക്രിയക്കു ഉപദേഷക സമിതി നിയമ പ്രകാരം നിലവില്‍ വരണം .
ഇപ്പഴത്തെ തടസ്സങ്ങള്‍ മാറ്റാന്‍ മാര്‍ഗങ്ങള്‍ നിരവധി..
അതിനിടയില്‍ ചില 'ജോസഫ് '' മാരുടെ സ്ഥാനം ചവറ്റുകുട്ടയില്‍
മലയാളി എന്നും ആര്‍ജവം ഉള്ളവര്‍ ....
ഈ തട്ട് പൊളിപ്പന്‍ ജോസഫിനെ ഒരു മൂന്നാം കിട നേരം കൊല്ലിയായി മാത്രം മലയാളി കാണും
നമുക്ക് തിരിച്ചു നല്‍കേണ്ടത് അവയവദാനം കാത്തു കഴിയുന്ന ആയിരക്കണക്കിന് ജീവനുകള്‍.
വാല്‍ കഷ്ണം
ബബബബബബബബബബബ==ത്ഥത്ഥ
ലൈവ് ഡോണര്‍ എന്നാല്‍ ജീവിച്ചിരിക്കുന്ന ആള്‍ മറ്റൊരാള്‍ക്ക് അവയവം ദാനം ചെയ്യുന്ന ആള്‍.
കടവര്‍ ഡോണര്‍ അഥവാ ഡിസീസ്ഡ് ഡോണര്‍ എന്നാല്‍ ബ്രെയിന്‍ ഡെത്ത് സ്ഥിരീകരിച്ച ശരീരത്തില്‍ നിന്നും അവയവം നല്‍കുന്നത്.
രണ്ടും രണ്ടാണ്.
ആദ്യ പ്രക്രിയ അഴിമതിയില്‍ മുങ്ങിത്താണു. ലോകമെമ്പാടും.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രണ്ടാം പ്രക്രിയ നിലനിര്‍ത്താനും കൂടുതല്‍ വളര്‍ത്താനും പ്രതിജ്ഞാബദ്ധം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates