'ഞാന്‍ അവിടെ കണ്ട കാഴ്ചകള്‍ അസത്യം ആയിരുന്നോ? എന്റെ കണ്ണുകള്‍ കള്ളം പറഞ്ഞതോ?'; മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയെന്ന് രഞ്ജു രഞ്ജിമാര്‍

എനിക്കും നാളെ ഒരു ആപത്തു സംഭവിച്ചേക്കാം. ശബ്ദം ഉയർത്താൻ ആരും ഉണ്ടാവില്ല
Renju Renjimar
Renju Renjimarഇന്‍സ്റ്റഗ്രാം
Updated on
2 min read

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധിക്കെതിരെ മേക്കപ്പ് ആര്‍ട്ടിസ്റ്റും കേസിലെ സാക്ഷിയുമായ രഞ്ജു രഞ്ജിമാര്‍. 28 സാക്ഷികള്‍ കൂറുമാറിയ കേസില്‍ കൂറുമാറാത്ത സാക്ഷികളില്‍ ഒരാളാണ് രഞ്ജു രഞ്ജിമാര്‍. സാക്ഷി പറഞ്ഞതിന്റെ പേരില്‍ തനിക്ക് ഭീഷണികള്‍ നേരിടേണ്ടി വന്നുവെന്നും, സിനിമയില്‍ നിന്നും ഇപ്പോഴും മാറ്റി നിര്‍ത്തലുകള്‍ നേരിടുന്നുണ്ടെന്നും കഴിഞ്ഞ ദിവസം സമകാലിക മലയാളത്തോട് രഞ്ജു രഞ്ജിമാര്‍ വെളിപ്പെടുത്തിയിരുന്നു.

പണത്തിന് മീതെ ഒരു കോടതിയും ശബ്ദമുയര്‍ത്തില്ല എന്നതിന്റെ ഉദാഹരമാണ് വിധിയെന്നാണ് രഞ്ജു രഞ്ജുമാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. കേസിലെ എട്ടാം പ്രതിയായിരുന്നു ദിലീപ്. പള്‍സര്‍ സുനി ഒന്നാം പ്രതിയായ കേസില്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയ കോടതി ദിലീപിനെതിരായ ഗൂഢാലോചന ആരോപണം തെളിയിക്കാന്‍ സാധിച്ചില്ലെന്നാണ് വിധിന്യായത്തില്‍ പറഞ്ഞത്. രഞ്ജു രഞ്ജിമാറിന്റെ വാക്കുകളിലേക്ക്:

''3215 ദിവസങ്ങള്‍. നീതിന്യായ പീഠമേ നിന്നെ കേരള ജനത നമിക്കുന്നു. പണത്തിനുമീതെ ഒരു കോടതിയും ശബ്ദം ഉയര്‍ത്തില്ല എന്നതിന്റെ ഉത്തമ ഉദാഹരണത്തിന് ഇന്ന് ഈ ലോകം സാക്ഷ്യം വഹിച്ചു. ഒരു കാര്യത്തില്‍ സന്തോഷം ഉണ്ട്. വിധി എങ്ങനെ വന്നാലും സത്യം സത്യമായി തുറന്നു പറയാന്‍ കഴിഞ്ഞു എന്ന ഉറച്ച വിശ്വാസത്തില്‍ ഉറങ്ങാന്‍ കഴിയും എന്നാല്‍ ഇന്ന് നീതി പീഠം ഉറങ്ങില്ല, 100%. ഇതോ? സത്യമേവ ജയതേ!

മുന്‍കൂട്ടി തയ്യാറാക്കിയ ഒരു തിരക്കഥ ഇന്ന് കോടതിയില്‍ വായിച്ചു കേള്‍പ്പിച്ചു അത്ര തന്നെ, പണവും പദവിയും ആള്‍ബലവും എവിടെ അവിടെ നീതി കണ്ണടക്കും. ഇതാണ് ഇനി നാം കാണാന്‍ പോകുന്നതും ചിലപ്പോള്‍ നാളെയുടെ തുടക്കം പലതും സംഭവിച്ചേക്കാം. ജനനത്തേക്കാള്‍ സത്യമാണ് മരണം. 10 വര്‍ഷം ആലുവയില്‍ താമസിച്ച ഞാന്‍ അവിടെ കണ്ട കാഴ്ചകള്‍ അസത്യം ആയിരുന്നോ, എന്റെ കണ്ണുകള്‍ കള്ളം പറഞ്ഞതോ. സത്യം വിളിച്ചു പറഞ്ഞപ്പോള്‍ ചുറ്റിനും ഞാന്‍ അന്ന് കണ്ടു പരിഹാസം നിറഞ്ഞ ചിരികള്‍. ഇന്നും ഞാന്‍ കാണുന്നു എന്റെ നേരെ നീളുന്ന ചില പരിഹാസങ്ങള്‍.'' എന്നാണ് അവർ പറയുന്നത്.

''സത്യം എന്നെ ജയിച്ചു കഴിഞ്ഞു. ഇന്നത്തേത് വെറും പ്രഹസനം മാത്രമല്ലേ. അന്ന് സാക്ഷി കൂട്ടിൽ നിൽക്കുമ്പോൾ എനിക്ക് ഉള്ളിൽ തോന്നിയ ആശങ്ക. ഇന്ന് പ്രഖ്യാപനത്തിലൂടെ തെളിഞ്ഞു. ദൈവത്തിന്റെ കണക്കു പുസ്തകം തുറക്കുന്ന ദിവസം നിനക്കായി വരും മോളെ ഒരു ദിവസം. രാത്രി കാലങ്ങളിൽ ഒരു കാലി ചായ കുടിക്കാൻ പോകുന്ന ശീലം എനിക്കുണ്ട്. അവിടെ എവിടെ എങ്കിലും വച്ചു എനിക്കും നാളെ ഒരു ആപത്തു സംഭവിച്ചേക്കാം. ശബ്ദം ഉയർത്താൻ ആരും ഉണ്ടാവില്ല എങ്കിലും. എങ്കിലും എനിക്കുറപ്പുണ്ട് എല്ലാം സത്യം ആയിരുന്നു, കണ്മുന്നിൽ കണ്ട കാഴ്ചകൾ മറക്കാനും പറ്റുന്നതായിരുന്നില്ല, അവൾക്കൊപ്പം'' എന്നും രഞ്ജു രഞ്ജിമാർ കുറിക്കുന്നുണ്ട്.

Summary

Renju Renjimar on Dileep being aquitted in actress attack case. says it's all pre-written script.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com