'ഞാൻ പരാജയപ്പെട്ട് പിന്മാറിയിടത്തുനിന്ന് അവൻ തുടങ്ങുന്നു', നയൻതാര ചിത്രത്തിലെ കുട്ടിത്താരത്തിന്റെ അച്ഛൻ കുറിക്കുന്നു

വർഷങ്ങൾക്കു മുൻപ് സിനിമ നടനാവാൻ കൊച്ചിയിൽ എത്തിയതിനെക്കുറിച്ചും പിന്നീട് തനിക്ക് നേരിടേണ്ടിവന്ന പരാജയങ്ങളെക്കുറിച്ചുമൊണ് ഹാഷ് കുറിക്കുന്നത്
'ഞാൻ പരാജയപ്പെട്ട് പിന്മാറിയിടത്തുനിന്ന് അവൻ തുടങ്ങുന്നു', നയൻതാര ചിത്രത്തിലെ കുട്ടിത്താരത്തിന്റെ അച്ഛൻ കുറിക്കുന്നു
Updated on: 
2 min read

നയൻതാരയും കുഞ്ചാക്കോ ബോബനും പ്രധാനവേഷത്തിൽ എത്തുന്ന നിഴലിന്റെ ചിത്രീകരണം കൊച്ചിയിൽ പുരോ​ഗമിക്കുകയാണ്. ഇരുവർക്കുമൊപ്പം പ്രധാനവേഷത്തിൽ ഒരു അന്താരാഷ്ട്ര താരം  കൂടി വേഷമിടുന്നുണ്ട്. നിരവധി അന്താരാഷ്ട്ര ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കുട്ടിമോഡൽ ഐസിൻ ഹാഷാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഐസിന്റെ അച്ഛൻ ഹാഷ് ജാവേദിന്റെ കുറിപ്പാണ്. വർഷങ്ങൾക്കു മുൻപ് സിനിമ നടനാവാൻ കൊച്ചിയിൽ എത്തിയതിനെക്കുറിച്ചും പിന്നീട് തനിക്ക് നേരിടേണ്ടിവന്ന പരാജയങ്ങളെക്കുറിച്ചുമൊണ് ഹാഷ് കുറിക്കുന്നത്. എന്നാൽ തന്റെ സ്വപ്നങ്ങളെല്ലാം മകനിലൂടെ യാഥാർത്ഥ്യമാക്കുകയാണ് ഈ അച്ഛൻ.

ഹാഷ് ജാവേദിന്റെ കുറിപ്പ് വായിക്കാം

മകൻ Izin Hash ലേഡി സൂപ്പർ സ്റ്റാർ നയൻതാരയോടൊപ്പം അഭിനയിക്കുന്നു.
"നീ സിനിമാനടനാകും" പണ്ട് സ്‌കൂളിലും കോളജിലും വിവിധ കലോത്സവങ്ങളിലുമൊക്കെമിമിക്രിയും,മോണോആക്റ്റും നാടകവുമൊക്കെ കളിച്ചു നടന്നപ്പോൾ എന്നെ ഏറ്റവും സുഖിപ്പിച്ച ഡയലോഗ്. അങ്ങിനെ ഞാനും സിനിമ സ്വപ്നം കാണാൻതുടങ്ങി, പ്ലസ്ടുവിനു പഠിക്കുമ്പോൾ ഡിഗ്രിക്ക് എറണാംകുളംമഹാരാജാസ് കോളേജിൽ പഠിക്കണെമന്നായിരുന്നു ആഗ്രഹം. ഒരുപാട് സിനിമകളുടെ ലൊക്കേഷനായ, നിരവധിസിനിമാക്കാരെ മലയാളസിനിമയ്ക്ക് സമ്മാനിച്ച മഹാരാജാസ് വഴി സിനിമയിലെത്താമെന്നായിരുന്നു വ്യാമോഹം. പക്ഷേ പ്ലസ്ടുവിനു മാർക്ക് കുറഞ്ഞതോടെ ആ സ്വപ്നം തകർന്നു.

പിന്നീട് ചുങ്കത്തറ മാർത്തോമ കോളേജിൽപഠിക്കുമ്പോൾ തൊട്ടടുത്ത സ്റ്റുഡിയോയിൽ പോയി ഇടയ്ക്കു ഫോട്ടോസ് എടുത്ത് സിനിമാ മാസികകളിൽകാണുന്ന ഒഡീഷൻ അഡ്രെസ്സിലേക്ക് അയച്ചുകൊടുക്കും എന്നാൽ അതും വെളിച്ചംകണ്ടില്ല. അതുകഴിഞ്ഞുപൂരപ്പറമ്പിൽ മിമിക്സ് അവതരിപ്പിച്ചുനടക്കുമ്പോഴും ഫുട്ബോൾ-പരസ്യ അന്നൗൺസറായി നാട്ടിലൂടെകറങ്ങിനടക്കുമ്പോഴും അടുത്ത ലക്ഷ്യം കൊച്ചിൻ കലാഭവനായിരുന്നു. “കലാഭവൻ വഴി സിനിമാ നടൻ”, അതുംനടന്നില്ല. സിനിമയിലഭിനയിക്കാൻ അടുത്ത കുറുക്കുവഴി കണ്ടെത്തിയത് 'ടിവി അവതാരകൻ' എന്നപേരായിരുന്നു.ആ സമയത്താണ് INDIAVISION ന്റെ പുതിയ Entertainment channel, YES INDIAVSION ആരംഭിക്കുന്നുഎന്നറിഞ്ഞതും VJ ആകാൻ അപേക്ഷിക്കുന്നതും ഒഡീഷൻ കാൾ വരുന്നതും. അങ്ങിനെ കൊച്ചിയിലേയിലേക്ക് വണ്ടി കയറി ഇന്റർവ്യൂവിൽ പങ്കെടുത്തു. പക്ഷേ അതും പരാജയമായിരുന്നു. എന്നാൽ അന്ന് ഒഡീഷനിൽതൊട്ടടുത്തിരുന്ന ആസിഫലി അവതാരകനാകുകയും നടനാകുകയും ചെയ്തു. എങ്കിലും കൊച്ചി എന്നെ കൈവിട്ടില്ല, സിനിമാനടനാകാൻ എത്തിയ ഞാൻ ചാവറ എന്ന പരസ്യ ഏജൻസിയിലെ Content Writerറായി .


അപ്പോഴാണ് എഫ് എം റേഡിയോ കാലഘട്ടം ആരംഭിക്കുന്നത്. അടുത്ത ലക്ഷ്യം " ഒരു റേഡിയോ ജോക്കിയാകുക''. ആ ശ്രമം വിഫലമായില്ല കൊച്ചി Radio Mangoയിൽ റേഡിയോ ജോക്കിയായി. ഞാൻഒന്ന് കാണാനാഗ്രഹിച്ച താരങ്ങളെയും, സംവിധായകരെയും അടുത്തുകാണുന്നു, അവരുമായി സംസാരിക്കുന്നു, പരിചയപ്പെടുന്നു. എങ്കിലും നല്ല ശമ്പളം ലഭിക്കുന്ന ഈ ജോലി വെറുതെ കളയണ്ടല്ലോ എന്നുകരുതി സിനിമാ ആഗ്രഹം ഉള്ളിലൊതുക്കി. കൊച്ചിയിൽ ഒരുവർഷം കഴിഞ്ഞപ്പോഴാണ് എനിക്ക് കോഴിക്കോട് സ്റ്റേഷനിലേക്ക് ട്രാൻസ്ഫർ ലഭിച്ചത്. കോഴിക്കോട്ടേക്ക് പോകുന്നതിനുമുൻപ് വിനീത് ശ്രീനിവാസന്റെ ആദ്യസിനിമയായ മലർവാടി ആർട്സ് ക്ളബ്ബിന്റെ ഒഡീഷനിൽ പങ്കെടുത്തു. അത് ഒരു ഗ്രൂപ്പ് ഒഡീഷനായിരുന്നു. അന്ന് നന്നായി പെർഫോം ചെയ്ത നിവിൻ പോളിയെയും, അജു വർഗ്ഗീസിനെയുമെല്ലാം അവസാന റൗണ്ടിലേക്ക് മാറ്റി നിർത്തി. സിനിമയിൽ അഭിനയിക്കാനുള്ള അവസാന ശ്രമവും പരാജയപ്പെട്ട് ഞാൻ കോഴിക്കോട്ടേക്ക് വണ്ടികയറി.

കൂടെയുണ്ടായിരുന്ന പല റേഡിയോക്കാരും സിനിമാക്കാരായി.പിന്നീടാണ് കോഴിക്കോട്ടെ റേഡിയോ ലൈഫിനിടക്ക് കല്ല്യാണം കഴിയുന്നതും, ദുബായിലെ റേഡിയോയിൽ ജോലികിട്ടുന്നതും ഒരു മകനുണ്ടാകുന്നതും. അവന്റെ ഓരോ വളർച്ചയിലും എന്റെ ഓരോ സ്വപ്നങ്ങളും അവനിലൂടെ യാഥാർത്യമായിത്തുടങ്ങി. അറുപതിലേറെ അന്താരാഷ്ട്ര പരസ്യങ്ങളിൽ അഭിനയിച്ച മകൻ ആദ്യമായി ഒരു മലയാള സിനിമയിൽ തുടക്കംകുറിച്ചുകഴിഞ്ഞു. അതും ഞാൻ പരാജയപ്പെട്ട് പിന്മാറിയ കൊച്ചിയിലെ സിനിമാലോകാത്തുനിന്നും !! പ്രാർത്ഥനകൾ വേണം!. നയൻ‌താര നായികയായ ഈ സിനിമയിൽ കുഞ്ചാക്കോ ബോബനാണ് നായകൻ.  ഐസിൻ ഒരു സുപ്രധാന വേഷത്തിൽ അഭിനയിക്കുന്ന നിഴൽ എന്നത്രില്ലർ സിനിമ സംവിധാനം ചെയ്യുന്നത് നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററും, സംസ്ഥാന ഫിലിം അവാർഡ്ജേതാവുമായ അപ്പു ഭട്ടതിരിയാണ്.
ഈ സിനിമയിലേക്ക് വഴികാണിച്ച Riyaz Shah ഒരായിരം നന്ദി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com