ടൊറൊന്റോയില്‍ മൂത്തോന് കയ്യടി; നിവിന്‍ പോളിയെ തന്നെ കാസ്റ്റ് ചെയ്യാനുള്ള കാരണം തുറന്ന് പറഞ്ഞ് ഗീതു മോഹന്‍ദാസ്

ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ്.
ടൊറൊന്റോയില്‍ മൂത്തോന് കയ്യടി; നിവിന്‍ പോളിയെ തന്നെ കാസ്റ്റ് ചെയ്യാനുള്ള കാരണം തുറന്ന് പറഞ്ഞ് ഗീതു മോഹന്‍ദാസ്
Updated on
3 min read

നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത ചിത്രമാണ് 'മൂത്തോന്‍'. ചിത്രത്തിന് ടൊറന്റോ രാജ്യാന്തര ഫെസ്റ്റിവലില്‍ മികച്ച പ്രതികരണം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍. സിനിമയുടെ വേള്‍ഡ് പ്രീമിയര്‍ ആണ് ടോറന്റോയില്‍ വച്ചു നടന്നത്. സ്‌പെഷല്‍ റെപ്രസന്റേഷന്‍ വിഭാഗത്തിലായിരുന്നു മൂത്തോന്‍ പ്രദര്‍ശിപ്പിച്ചത്. 

'വൗ! ഗീതു മോഹന്‍ദാസിന്റെ മൂത്തോന്‍ കഥയിലും കഥാപാത്ര നിര്‍മ്മിതിയിലും, ഉള്‍ക്കരുത്തുള്ള, പ്രേക്ഷകരെ ഗ്രസിക്കുന്ന ചിത്രമാണ്. വ്യത്യസ്ത കാരണങ്ങളാല്‍ വീട് ഉപേക്ഷിക്കുന്ന മുല്ലയേയും അക്ബറിനേയും ഞാന്‍ മറക്കില്ല.'- മറിയം സെയ്ദി എന്ന പ്രേക്ഷകയുടെ ട്വീറ്റായിരുന്നു ഇങ്ങനെ. ജല്ലിക്കെട്ടിനു ശേഷം മറ്റൊരു മലയാള സിനിമയും ലോകത്തിനു മുന്നില്‍ ചര്‍ച്ചയായുകയാണ്. ചിത്രം മാസ്റ്റര്‍ ക്ലാസാണെന്നും മറിയം ട്വീറ്റില്‍ പറഞ്ഞു.

ഇത് തന്റെ സ്വപ്‌ന സാക്ഷാത്കമാരമാണെന്നാണ് നിവിന്‍ പോളി പറഞ്ഞത്. 'എന്റെ സിനിമകള്‍ വിശാലമായ പ്രേക്ഷകരിലേക്കെത്തിക്കണമെന്ന് എപ്പോഴും ആഗ്രഹിച്ചിരുന്നു. ഇത് അത്തരമൊരു നിമിഷമാണ്. പൂര്‍ണ്ണ ആത്മാര്‍ഥതയോടെ ചെയ്ത ചിത്രമാണ് മൂത്തോന്‍. ഒരുപാട് തയ്യാറെടുപ്പുകളും പ്രയത്‌നവുമെല്ലാം ഈ ചിത്രത്തിന്റെ നിര്‍മാണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്'- നിവിന്‍ പറഞ്ഞു. 

ഇതിനിടെ ചിത്രത്തില്‍ നിവിന്‍ പോളി എന്ന നടനെ കാസ്റ്റ് ചെയ്യാനുണ്ടായ കാരണവും സംവിധായിക ഗീതു മോഹന്‍ദാസ് വ്യക്തമാക്കി. ഷോ കഴിഞ്ഞുള്ള മീറ്റില്‍ ഗീതുവിനോട് പ്രേക്ഷകരിലൊരാള്‍ ചോദിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് ഗീതു നിവിന്‍ പോളിയെക്കുറിച്ച്് സംസാരിച്ചത്.  

തനിക്ക് ഇന്നസെന്‍സ് മുഖത്തുള്ള ഒരു നടനെ വേണമായിരുന്നു എന്നാണ് ഗീതു പറഞ്ഞത്. 'പുറത്തു വന്നിരിക്കുന്ന പോസ്റ്ററും ടീസറും ഒക്കെ കണ്ടിട്ട് നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും ഇതില്‍ എന്തിനാണ് ഇന്നസെന്‍സ് എന്ന്. അഥവാ ഉണ്ടെങ്കില്‍ തന്നെ അതെങ്ങനെയാണ് നിവിന്റെ അയലത്തെ വീട്ടിലെ പയ്യന്‍ റോളുകളില്‍ നിന്ന് വ്യത്യസ്തമാകുന്നത് എന്ന്? അതിനുത്തരം ലഭിക്കാന്‍ ചിത്രം ഇറങ്ങുന്നത് വരെ നിങ്ങള്‍ കാത്തിരിക്കണം എന്നെ എനിക്കിപ്പോള്‍ പറയാനാവൂ'- ഗീതു മോഹന്‍ദാസ് പറഞ്ഞു.

ലയേഴ്‌സ് ഡയസിന് ശേഷം ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ്. മിനി സ്റ്റുഡിയോ, ജാര്‍ പിക്‌ചേഴ്‌സ്, പാരഗണ്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകള്‍ക്കൊപ്പം അനുരാഗ് കശ്യപും നിര്‍മാണത്തിലും പങ്കാളിയാകുന്നുണ്ട്. രാജീവ് രവിയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. 

മുംബൈ അന്താരാഷ്ട ചലച്ചിത്രോത്സവത്തില്‍ ഉദ്ഘാടന ചിത്രവും മൂത്തോനാണ്. ഈ ഒക്ടോബറില്‍ തുടക്കമാവുന്ന ജിയോ മാമി ഫെസ്റ്റിവലിന്റെ 21ാം പതിപ്പിലാണ് മൂത്തോന്‍ പ്രദര്‍ശിപ്പിക്കുന്നത്.

പ്രീമിയര്‍ കണ്ട ശേഷം ജെറിന്‍ ചാക്കോ എന്ന പ്രേക്ഷകന്‍ ചിത്രത്തെ വിലയിരുത്തി എഴുതിയ കുറിപ്പ് ചുവടെ.

'അക്ബര്‍ എന്ന പരിവേഷം അദ്ദേഹത്തെ കൊണ്ട് നന്നായി ചെയ്യാന്‍ പറ്റുമോ എന്ന് പലര്‍ക്കും സംശയം ആയിരുന്നു. ചിത്രം തുടങ്ങിയപ്പോള്‍ ഞാനും ഒന്ന് സംശയിച്ചു എന്ന് വേണേല്‍ പറയാം. പൊതുവെ ഡയലോഗ് ഡെലിവറിയുടെ പേരില്‍ പഴികേള്‍ക്കാറുള്ള നിവിന്റെ ആദ്യ ഡയലോഗ് ഹിന്ദിയിലായിരുന്നു. ഞെട്ടല്‍ നമ്പര്‍ വണ്‍. ഈ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന ലക്ഷദ്വീപ് മലയാളത്തേക്കാള്‍ മികച്ചതായി അദ്ദേഹം ഹിന്ദി ഭാഷ കൈകാര്യം ചെയ്തിട്ടുണ്ട്. അതിനു വേണ്ടിയെടുത്ത പരിശ്രമം നന്നായി കാണാനാവും.

നിവിന്റെ കഴിഞ്ഞ കുറെ സിനിമകളിലെ പ്രധാന ചര്‍ച്ചാവിഷയമായിരുന്നു അദ്ദേഹത്തിന്റെ തടി. മൂത്തോന് വേണ്ടി കൂട്ടിയ ശരീരഭാരം അദ്ദേഹത്തിന്റെ മറ്റു പല ചിത്രങ്ങള്‍ക്കും വിനയായി മാറുകയായിരുന്നു. അത്ര മേല്‍ ആവശ്യമായിരുന്നോ ഈ ഗെറ്റപ്പ് ചേഞ്ച്? അതെ എന്ന് ഇപ്പോള്‍ തോന്നുന്നു....സാധാരണ സിക്‌സ് പായ്ക്ക്/ ഫിറ്റ് ബോഡി കാണിക്കാന്‍ വേണ്ടി ഷര്‍ട്ട് ഊരിമാറ്റുന്ന നായകന്മാരെയാണ് നാം കാണുക....ഇതില്‍ അക്ബറിന്റെ ശരീരത്തിന്റെ അഭംഗി കാട്ടിത്തരാന്‍ വേണ്ടി നിവിന്‍ ഷര്‍ട്ട് ഇല്ലാതെ സ്‌ക്രീനില്‍ വരുന്നുണ്ട്.

അഭിനയത്തെ പറ്റി പറയുകയാണെങ്കില്‍, അക്ബര്‍ എന്ന കഥാപാത്രം ചെയ്യാന്‍ വേറെ ഒരു നടനെക്കൊണ്ടും പറ്റില്ല എന്നുള്ള ഒരു അവകാശവാദവും ഉയര്‍ത്തുന്നില്ല. പക്ഷേ നിവിന്‍ പൊളിച്ചടുക്കി എന്ന് എടുത്തു പറയേണ്ട ചില രംഗങ്ങള്‍ ഉണ്ട്...അദ്ദേഹത്തിന്റെ 9 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ ഒരിക്കല്‍ പോലും ചെയ്യേണ്ടി വന്നിട്ടില്ലാത്ത തരത്തിലുള്ള ചില മുഹൂര്‍ത്തങ്ങള്‍ (സെന്‍സര്‍ ബോര്‍ഡ് വെട്ടി കളഞ്ഞില്ല എങ്കില്‍ സ്‌ക്രീനില്‍ കാണാം). 

അക്ബര്‍ എന്ന ഗുണ്ടയെക്കാളും നിവിനെന്ന നടനെ പുറത്തുകൊണ്ടുവന്നത് അക്ബര്‍ എന്ന ചെറുപ്പക്കാരനാണ്. നിവിന്‍ പോളി ഇനി എത്ര മോശം പ്രകടനം കാഴ്ചവച്ചാലും, ഈ ഒരു കഥാപാത്രം അദ്ദേഹത്തിന്റെ മികച്ച പ്രകടനത്തിന്റെ പേരില്‍ അറിയപ്പെടും എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ബാക്കിയൊക്കെ നിങ്ങള്‍ കണ്ടു വിലയിരുത്തുക.'- ജെറിന്‍ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com