സംസാരിക്കുന്നതിനിടെ കൂവിയ വിദ്യാർത്ഥിയെ സ്റ്റേജിലെക്ക് വിളിച്ച് കൂവിച്ച നടൻ ടൊവിനോ തോമസിനെതിരേ രൂക്ഷ വിമർശനം ഉയർന്നിരുന്നു. സംഭവത്തിന്റെ വിഡിയോ വൈറലായതോടെയാണ് താരത്തിനെതിരേ വിമർശനം ശക്തമായത്. ഇപ്പോൾ താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ എം ബാദുഷ. ടൊവിനോ അതിഥിയായി എത്തിയത് തെരുവിലോ ചന്തയിലോ അല്ല, സംസ്കാര സമ്പന്നരായ തലമുറയെ വാർത്തെടുക്കുന്ന ഒരു കലാലയത്തിലാണ്. അതും സർക്കാരിന്റെ പരിപാടിയെന്ന് പറഞ്ഞ കളക്ടർ ക്ഷണിച്ച പരിപാടിയിൽ. സത്യാവസ്ഥ അറിയുന്ന കളക്ടർ മൗനം പാലിക്കുന്നത് തെറ്റാണെന്നും അദ്ദേഹം ഫേയ്സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. കൊളജ് പരിപാടിയിൽ ഉദ്ഘാടകനായി എത്തിയ സംവിധായകൻ ജോൺ പോളിനുണ്ടായ അനുഭവവും അദ്ദേഹം കുറിപ്പിൽ ചേര്‍ത്തിട്ടുണ്ട്. അറിവിന്റെ കാവൽ മാടങ്ങൾ കൂവൽ മാടങ്ങളാവുമ്പോൾ എന്ന തലക്കെട്ടിലാണ് കുറിപ്പ്.
എൻഎം ബാദുഷ പങ്കുവെച്ച് കുറിപ്പ്
അറിവിന്റെ *കാവൽ* മാടങ്ങൾ *കൂവൽ* മാടങ്ങൾ ആവുമ്പോൾ ...
കഴിഞ്ഞ ദിവസം നടൻ ടൊവിനോ തോമസുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളാണ് ഈ കുറിപ്പെഴുതാൻ കാരണം. കേരളത്തിലെ കലാലയങ്ങളുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ പരിപാടികളിൽ പങ്കെടുക്കുന്ന ഒരു യുവ താരമാണ് ടൊവിനോ. ഒരു യൂത്ത് ഐക്കൺ എന്നതിലുപരി കഷ്ടപ്പെട്ട് അധ്വാനിച്ച് തന്റെ ലക്ഷ്യത്തിലെത്തിയ പ്രചോദനപരമായ ഒരു വ്യക്തിത്വം എന്ന നിലയിലാണ് ചെറുപ്പക്കാർ കൂടുതലും ടൊവിനോയെ ഇഷ്ടപ്പെടുന്നത്. അത് തന്നെയാണ് അദ്ദേഹത്തെ ക്യാംപസുകളുടെ പ്രിയങ്കരനാകുന്നതും.
മിക്കവാറും എല്ലാ കലാലയങ്ങളിലും എന്തെങ്കിലും പരിപാടികൾ നടക്കുമ്പോൾ അതുമായി ബന്ധപ്പെട്ട് ഒരു താരത്തെ കിട്ടുമോ എന്ന അന്വേഷണവുമായി ഭാരവാഹികളും, അധ്യാപകരും, വിദ്യാർത്ഥികളും ഒക്കെ ഞാനുൾപ്പെടെയുള്ള പരിചയമുള്ള സിനിമ പ്രവർത്തകരെ സമീപിക്കാറ് പതിവാണ്.
എന്നാൽ പലയിടത്തും ആരെയെങ്കിലും ഏർപ്പാട് ചെയ്തിട്ട് അവർ പോയി വരുമ്പോൾ പറയുന്ന ദുരനുഭവങ്ങൾ കാരണമാണ് നമ്മൾ ഇത്തരം പ്രവർത്തികളിൽ നിന്നും പിൻതിരിയുന്നത്. ചിലപ്പോൾ ചില നല്ല ബന്ധങ്ങൾക്ക് പോലും ഇത്തരം സംഭവങ്ങൾ വിള്ളലുണ്ടാക്കുന്നു.
ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്ന അതിഥിയെ ഒരു വിദ്യാർത്ഥി അപമാനിക്കുന്നു. ഇത് ശരിയാണോ ? അതിഥി ഒരു ക്യാംപസിൽ എത്തുന്നത് യൂണിയന്റെ അതിഥിയായല്ല, ക്യംപസിന്റെ അതിഥി എന്ന നിലയിലാണ്. ഇവിടെ ടൊവിനോ എത്തിയത് സർക്കാർ പരിപാടി എന്ന് പറഞ്ഞ് ജില്ലാ കലക്ടർ ക്ഷണിച്ച ഒരു പരിപാടിയിലാണ്.
അപമാനം നേരിടുമ്പോൾ പ്രതികരിക്കുക സ്വാഭാവികമാണ്... പ്രതികരിക്കുന്നത് ഓരോരുത്തരുടെയും ശൈലിയിലാവും... അതേ ഇവിടെ ടൊവിനോയും ചെയ്തിട്ടുള്ളൂ. അദ്ദേഹത്തെ ക്ഷണിച്ച കലക്ടർ പ്രതികരിക്കാത്തതും അപലപനീയമാണ്.ഇവിടെ ചാനൽ ചർച്ചകൾ കൊഴുക്കുമ്പോൾ സത്യാവസ്ഥ അറിയുന്ന കളക്ടർ മൗനം പാലിക്കുന്നത് തെറ്റാണ്.
പഴയ ഒരു സംഭവം കേട്ടിട്ടുണ്ട്, ഒരു കോളജിൽ പരിപാടി ഉത്ഘാടനത്തിനായി സംവിധായകൻ ജോൺ എബ്രഹാം എത്തിയ കഥ. അതിഥിയായി എത്തിയ ജോൺ എബ്രഹാമിനെ കണ്ട് ഒരു സംഘം വിദ്യാർഥികൾ കൂകി വിളിച്ചു.
സറ്റേജിൽ കയറി മൈക്ക് കൈയ്യിലെടുത്ത ജോൺ അതിനേക്കാൾ ഉച്ചത്തിൽ കൂകി. ഒന്ന് അമ്പരന്ന വിദ്യാർഥികൾ വീണ്ടും കൂകി.ജോൺ വീണ്ടും ഉച്ചത്തിൽ കൂകി...
കുറച്ച് അങ്ങനെ തുടർന്നപ്പോൾ വിദ്യാർഥികൾ കൂകൽ നിർത്തി.ജോണും....
എന്നിട്ട് മൈക്കിലൂടെ അദ്ദേഹം ഇങ്ങനെ പറഞ്ഞു : -" ഈ പരിപാടി കഴിയുമ്പോൾ നിങ്ങളെല്ലാവരും ഓരോ പന്തം കൊളുത്തണം, എന്നിട്ട് എല്ലാവരും ചേർന്ന് ഈ കോളജിന് തീയിടണം, കത്തി നശിക്കട്ടെ - കാരണം ഒരു അതിഥിയോട്, -അയാൾ ആരുമാവട്ടെ - ഇങ്ങനെ പെരുമാറുന്ന സംസ്കാരം പഠിപ്പിക്കുന്ന ഈ കലാലയം നാടിന് ആപത്താണ്, അത് ഇനിയും ഇവിടെ നിലനിന്നു കൂടാ ... കത്തിയ്ക്കണം " എന്ന്!
ശരിയല്ലേ, ടൊവിനോ അതിഥിയായെത്തിയത് ഒരു തെരുവിലോ, ചന്തയിലോ അല്ല, സംസ്കാര സമ്പന്നരായ തലമുറയെ വാർത്തെടുക്കുന്ന ഒരു കലാലയത്തിലാണ് ...അതും ഗവൺമെന്റ് പ്രോഗ്രാം എന്ന് പറഞ്ഞ് കളക്ടർ ക്ഷണിച്ച ഒരു പരിപാടിയിൽ.
അതിഥി ദേവോ ഭവ:
അതാണ് നമ്മുടെ സംസ്ക്കാരം ..
അതിഥി - അത് ആരായാലും ..
പ്രതികരിക്കുവാനുള്ള അവകാശം അത് എല്ലാവർക്കും ഉള്ളതാണെന്ന് മനസിലാക്കുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates