മലയാള സിനിമയില്‍ അടുത്തിടെ കാണുന്ന ഒരു പ്രവണത, ശരാശരിയോ അതില്‍ താഴെയോ നിലവാരമുള്ള സിനിമകളെ മഹാസംഭവം എന്നോ ലോകോത്തരം എന്നോ മട്ടിലുള്ള വാഴ്ത്തലുകളാണ്. ഇതുകൊണ്ടുള്ള അപകടം എന്താണെന്നുവെച്ചാല്‍ മികച്ച സിനിമ ഇതാണ് എന്ന മട്ടില്‍ നിലവാരം താഴ്ത്തി സെറ്റുചെയ്യപ്പടുകയും അത്തരം സിനിമകള്‍ ഏറെ ഉണ്ടാകുകയും ചെയ്യും.
ട്രാന്‍സിനെ കുറിച്ച് സോഷ്യല്‍ മീഡീയയില്‍ ഉണ്ടാകുന്ന റിവ്യൂകളും വ്യത്യസ്തമല്ല. മികച്ച സിനിമയാകുമെന്ന മട്ടില്‍ തുടങ്ങി ശരാശരിയില്‍ അവസാനിക്കുന്ന സിനിമയാണ് ട്രാന്‍സ്. ഒരു സിനിമ എങ്ങനെ അവസാനിപ്പിക്കും എന്ന വെല്ലുവിളി മറികടക്കാനാകാതെ വീണുപോകുന്ന മലയാളത്തിലെ നിരവധി സിനിമകളില്‍ ഒന്ന്. ഓപ്പണിങ് പോലെ തന്നെ പ്രധാനവും വളരെയധികം ആലോചനകള്‍ ആവശ്യപ്പെടുന്നതുമായ ഒന്നാണ് സിനിമയുടെ പരിസമാപ്തി.
ട്രാന്‍സ് കണ്ടപ്പോള്‍ എനിക്ക് തോന്നിയ കമന്റ് ഇങ്ങനെയാണ്. അന്‍വര്‍ റഷീദിന്റെ ആദ്യപകുതിയും അമല്‍ നീരദിന്റെ രണ്ടാംപകുതിയും ഉള്ള സിനിമ. പലര്‍ക്കും ഈ സിനിമയുടെ ആദ്യപകുതി വളരെ ഹൃദ്യമായി തോന്നിയിട്ടുണ്ടാകും. ഉസ്താദ് ഹോട്ടല്‍ കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കുശേഷം അന്‍വര്‍ തിരിച്ചുവരുമ്പോള്‍ പ്രേക്ഷകര്‍ അതിലും മികച്ച സിനിമയാണ് പ്രതീക്ഷിക്കുക. പക്ഷേ ഉസ്താദ് ഹോട്ടലിന്റെ തട്ട് തന്നെയാണ് ട്രാന്‍സുമായി തട്ടിച്ചുനോക്കിയാല്‍ താഴ്ന്നിരിക്കുക. അഞ്ജലി മേനോന്റെ പ്രസന്‍സ് ഉസ്താദ് ഹോട്ടലില്‍ നിര്‍ണായക ഘടകമാണെന്ന് നമ്മള്‍ സമ്മതിക്കേണ്ടിവരും.
അമല്‍ നീരദ് നല്ല ഛായാഗ്രാഹകനാണ്. മലയാള സിനിമയുടെ ദൃശ്യഭാഷയെ അടിമുടി മാറ്റിപ്പണിതയുന്നതില്‍ അമലിന്റെ പങ്ക് പ്രധാനമാണ്. എങ്കിലും അദ്ദേഹത്തിന്റെ സിനിമകള്‍ക്കെല്ലാം സര്‍ഗാത്മകമായ പരിമിതികള്‍ പ്രകടമാണ്. സിനിമയുടെ സങ്കേതങ്ങളിലുള്ള അമിത ഊന്നലിന്റെ ഭാഗമായുള്ള പ്രകടനപരത പലപ്പോഴും ദൗര്‍ബല്യമാകുന്നു. വരത്തന്‍ ഉദാഹരണം. ട്രാന്‍സിന്റെ രണ്ടാംപകുതിയുടെ പ്രശ്‌നം ഇതാണ്. ഒരു ഫയര്‍വര്‍ക്‌സ് ആണ് നടത്തുന്നത്. അതുവരെ പറഞ്ഞുവരുന്ന കഥയുടെ ടോണ്‍ അല്ല പിന്നീട്.
ആഖ്യാനത്തില്‍ നടത്തുന്ന ചില കോംപ്രമൈസുകള്‍ ആണ് പല സിനിമകളെയും പിന്നോട്ടടിപ്പിക്കുന്നത്. ഫഹദ് ഫാസില്‍ എന്ന താരത്തെ പല രീതിയില്‍ ഉപയോഗിക്കാം. അദ്ദേഹം സ്‌ക്രീനില്‍ ചെയ്യുന്നതുതന്നെയാണ് ആ സിനിമയിലെ സ്‌പെഷല്‍ ഇഫക്ട്. ഫഹദിന്റെ സംസാരം, ചേഷ്ടകള്‍, പെരുമാറ്റ രീതികള്‍ എന്നിവയൊക്കെ കൊണ്ട് സിനിമ മുന്നോട്ടുപോയ്‌ക്കൊള്ളും. അതിനെ മറികടക്കുന്ന രീതിയില്‍ ഇഫക്ടുകള്‍ കൊണ്ടുവന്നാല്‍ അരോചകമാണ്. സ്റ്റാര്‍ഡം ആണ് ഉപയോഗിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഫഹദിന് വളരെ മിനിമല്‍ ആയ സ്‌പെഷല്‍ ഇഫക്ട്‌സേ അകമ്പടിയായി വേണ്ടൂ. തൊണ്ടിമുതലില്‍ ഇന്റര്‍വെല്‍ വരുമ്പോള്‍ ഉള്ള ചിരി പോലെ.
ട്രാന്‍സിലെ രണ്ടാംപകുതിയിലെ പശ്ചാത്തല ശബ്ദകല്‍പന വളരെ അരോചകമാണ്. ഓ ബഹളം കഴിഞ്ഞല്ലോ എന്നു തോന്നും സിനിമ തീരുമ്പോള്‍. സുഷിന്‍ ശ്യാം വളരെ നന്നായി സംഗീതം ചെയ്യുന്നയാളാണെന്ന് പലരും പറഞ്ഞുകേട്ടിട്ടുണ്ട്. എന്നാല്‍ അടുത്തകാലത്ത് കണ്ട അഞ്ചാംപാതിരയിലും ട്രാന്‍സിലും വളരെ ഔചിത്യമില്ലാതെ ശബ്ദം ഉപയോഗിക്കുന്നതായാണ് തോന്നിയത്. അഞ്ചാംപാതിരയുടെ അവസാന ഭാഗത്തുവരുന്ന മെലോഡ്രാമാറ്റിക് മ്യൂസിക് അതുവരെയുണ്ടായിരുന്ന പശ്ചാത്തലത്തിന്റെ ടെംപോ ഇല്ലാതാക്കുന്ന മട്ടിലാണ്. ട്രാന്‍സിലെ രണ്ടാംപകുതിയിലെ ഇരപ്പിക്കല്‍ പലപ്പോഴും എന്തിനാണെന്ന് തോന്നിപ്പോകും. പാട്ടല്ലല്ലോ പശ്ചാത്തല ശബ്ദം. ഇത് ട്രാന്‍സിന്റെ മാത്രം കാര്യമല്ല, അടുത്തകാലത്ത് കണ്ട കുറെ മലയാളം സിനിമകളില്‍ ഈ അലോസരം ഉണ്ട്.
മറ്റൊന്ന് ഈ സിനിമയിലെ നസ്രിയയുടെ കാരക്ടര്‍ ആണ്. നസ്രിയയെ എടുത്തുമാറ്റിയാലും ഈ സിനിമയ്ക്ക് ഒരു കുഴപ്പവും സംഭവിക്കില്ല. മാത്രമല്ല, അതുവരെ കാര്യമായി എസ്റ്റാബ്ലിഷ് ചെയ്യാത്ത ഒരു കഥാപാത്രത്തിന് പകരമായി നസ്രിയയുടെ എസ്തര്‍ വരുന്നതോടെ നറേഷനില്‍ ആശയക്കുഴപ്പം ഉണ്ടാകുകയാണ്. നസ്രിയ്ക്കാണെങ്കില്‍ ഇതില്‍ കാര്യമായി പെര്‍ഫോം ചെയ്യാനില്ല താനും. ചില ടിപ്പിക്കല്‍ ചേഷ്ടകള്‍ക്കപ്പുറത്ത് കാര്യമായ പങ്കൊന്നും ഇതിലില്ല.
സിനിമയില്‍ വിനായകന്‍ കൂടുതല്‍ അര്‍ഹിക്കുന്നുണ്ട്. നിങ്ങളുടെ അരിവാളും പേറി നടക്കേണ്ടയാളല്ല അദ്ദേഹം. ഗൗതം മേനോന്റെ ഇന്‍ട്രോയും കാരക്ടറും ഒക്കെ ഇന്ററസ്റ്റിങ് ആണെങ്കിലും ടോട്ടല്‍ ലെങ്തില്‍ അദ്ദേഹത്തിന്റെ കാരക്ടറിന് അധികം സ്‌പേസ് കിട്ടിയിട്ടില്ല എന്നുതോന്നുന്നു.
വ്യക്തിപരമായി കൗതുകം തോന്നിയ ചില കാര്യങ്ങളുണ്ട്. ഇതിന്റെ ടൈറ്റിലിനോടൊപ്പം വരുന്ന ഗ്രാഫിക്‌സ് വിഷ്വലുകള്‍ വളരെ ഫ്രെഷ് ആയി തോന്നി. അടുത്തിടെ അല്‍മദോവറിന്റെ 'പെയിന്‍ ആന്‍ഡ് ഗ്ലോറി'യുടെ ടൈറ്റില്‍ ഓര്‍മവന്നു. മോട്ടിവേഷന്‍ സ്പീക്കര്‍ എന്ന ടോപ്പിക്കും രസകരമാണ്. മുമ്പ് ഞാനും നോര്‍മന്‍ പീലിന്റെയും ഡെയില്‍ കാര്‍നജിയുടെയുമൊക്കെ പവര്‍ ഓഫ് പോസിറ്റീവ് തിങ്കിങ്ങും അയം ഓക്കെ, യു ആര്‍ ഓക്കെയും ഹൗ ടു വിന്‍ ഫ്രണ്ട്‌സും പോലെയുള്ള ബുക്കുകള്‍ വായിച്ച് ആത്മവിശ്വാസക്കുറവ് മറികടക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്. അത് നമ്മുടെ അപകര്‍ഷബോധവും ക്ലാസ് ലൊക്കേഷനുമൊക്കെയായി ബന്ധപ്പെട്ടതാണ്. താല്‍ക്കാലികമായ പരിഹാരം അത്തരം പുസ്തകങ്ങള്‍ തരുമെങ്കിലും 'മോട്ടിവേഷന്‍' കുറെക്കൂടി ഗൗരവമാര്‍ന്ന വിഷയമാണ്. വടക്കേ മലബാറിലെ മുത്തപ്പന്‍ തെയ്യം ഒക്കെ നല്ല മോട്ടിവേഷന്‍ തരുന്ന സംഭവമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates