

കൊച്ചി: മലയാള സിനിമയില്‍ ഡസന്‍ കണക്കിന് മീറ്റൂ അനുഭവങ്ങള്‍ ഉണ്ടെന്ന് ബീനാ പോള്‍. സിനിമാവ്യവസായത്തെ നാണംകെടുത്താന്‍ ഉദ്ദേശിക്കാത്തതുകൊണ്ടാണ് ഇപ്പോള്‍ അവര്‍ വെളിപ്പെടുത്തലുകള്‍ നടത്താത്തതെന്ന് ബീനാ പോള്‍ പറഞ്ഞു.
കാര്യങ്ങള്‍ ഈ രീതിയിലാണ് മുന്നോട്ട് കൊണ്ടുപോകുന്നതെങ്കില്‍ ഈ അനുഭവങ്ങള്‍ തുറന്നുപറയേണ്ടി വരും. ഡബ്ലിയുസിസി എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു ബീനാ പോളിന്റെ പ്രതികരണം. ദേശീയ തലത്തില്‍ മീ ടൂ ക്യാമ്പയിന്‍ ശക്തമാകുമ്പോള്‍ ആമിര്‍ ഖാന്‍ അക്ഷയ് കുമാര്‍ പോലെയുള്ള താരങ്ങള്‍ എടുക്കുന്ന നിലപാടിനെ ഡബ്ല്യുസിസി പ്രശംസിച്ചു.
മീ ടൂവില്‍ എന്താണു നടക്കുന്നതെന്നു നമ്മള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. വലിയ വെളിപ്പെടുത്തലും അതിനെതിരെ നടപടികളും ഉണ്ടാകുകയാണ്. എന്നാല്‍ ഇവിടെ കുറ്റാരോപിതനെ വച്ച് സിനിമ ചെയ്യാന്‍ സംഘടനയുടെ തലപ്പത്തുള്ളവര്‍ മത്സരിക്കുകയാണെന്നും അംഗങ്ങള്‍ കുറ്റപ്പെടുത്തി.
ഞങ്ങള്‍ ഇപ്പോള്‍ ഇത് സംസാരിക്കുന്നത് നാളെ വരുന്നവര്‍ക്ക് സുരക്ഷിതരായ ഇടമൊരുക്കാനാണ്. പതിനേഴ് വയസ്സായ ഒരു പെണ്‍കുട്ടി എന്റെ വാതിലില്‍ വന്ന് 'ചേച്ചി എന്നെ രക്ഷിക്കണം' എന്നു പറഞ്ഞ ഒരു സംഭവമുണ്ട് ഇനിയാര്‍ക്കും ആ അനുഭവമുണ്ടാകരുത്. സിനിമാ രംഗം ശുദ്ധീകരിക്കുന്ന നടപടികളുമായി മുന്നോട്ടു പോകും രേവതി പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തിനിടെ മലയാള സിനിമയില്‍ നിന്നുണ്ടായ ദുരനുഭവം അര്‍ച്ചന പദ്മിനി പങ്കുവെച്ചു. മമ്മൂട്ടി നായകനായ പുള്ളിക്കാരന്‍ സ്റ്റാറാ എന്ന സിനിമയുടെ സെറ്റില്‍ വെച്ചുണ്ടായ പീഡനാനുഭവങ്ങളാണ് തുറന്ന് പറഞ്ഞത്. ഷെറിന്‍ സ്റ്റാന്‍ലി എന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ക്കെതിരെയായിരുന്നു മീ ടു ആരോപണം.ഇതുസംബന്ധിച്ച് ഫെഫ്കയില്‍ പരാതി അയച്ചിട്ടും ഫലമുണ്ടായില്ല. എനിക്ക് നീതി കിട്ടിയില്ല. നിലവിലുള്ള ഒരു സിസ്റ്റത്തിലും എവനിക്ക് പ്രതീക്ഷയില്ല, സോഹന്‍ സീനു ലാലാണ് സമവായ ചര്‍ച്ചയ്ക്ക് വന്നത്. ഇയാള്‍ ഇപ്പോള്‍ റേപ്പിസ്റ്റിന്റെ നീതി എന്ന സിനിമ ചെയ്യാന്‍ പോകുന്നുവെന്നാണ് കേട്ടത്.
ഞാന്‍ സിനിമയില്‍ ചെറിയ റോളുകള്‍ക്ക് ചെയ്യുന്ന ആളാണ്. ഒരു പ്രമുഖ നടിയ്ക്കുണ്ടായ അനുഭവം ഇതാണെങ്കില്‍ എന്നെ പോലെ ഒരു ചെറിയ ആര്‍ട്ടിസ്റ്റിന്റെ അനുഭവം എന്തായിരിക്കും. പോലീസില്‍ പരാതി നല്‍കാത്തത് എനിക്ക് ജീവിതത്തില്‍ മറ്റു കാര്യങ്ങള്‍ ചെയ്യാനുള്ളതുകൊണ്ടും ഈ ഈ ഊളകളുടെ പുറകെ നടന്ന് സമയം കളയാനില്ലാത്തതു കൊണ്ടാണെന്നും വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി
ഡബ്ല്യുസിസി വൈകിട്ട് വാര്‍ത്താസമ്മേളനം വിളിച്ച സാഹചര്യത്തില്‍ മീ ടു മുന്നേറ്റവുമായി ബന്ധപ്പെടുത്തി വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് എഴുത്തുകാരന്‍ എന്‍.എസ്.മാധവന്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates