ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച പ്രണയമായി വിശേഷിപ്പിക്കുന്ന രാജിന്റെയും സിമ്രാന്റെയും കഥ പ്രേക്ഷകരിലേക്കെത്തിയിട്ട് 25 വർഷം തികയുന്നു. 1995ൽ ഇതുപോലെ ഒരു ഒക്ടോബർ 20നാണ് ‘ദിൽവാലെ ദുൽഹനിയാ ലേ ജായേംഗെ’ എന്ന ചിത്രം തിയറ്ററുകളിലെത്തിയത്. സിനിമയുടെ 25-ാം വാർഷികം സോഷ്യൽ മീഡിയയിലടക്കം ആവേശമാകുമ്പോൾ ചില പിന്നണി കഥകളും ഇതോടൊപ്പം പ്രചരിക്കുന്നുണ്ട്.
ആദിത്യ ചോപ്രയുടെ കന്നി സിനിമയായ ദിൽവാനെയിൽ അഭിനയിക്കാൻ ഒരുതരത്തിലും സമ്മതം മൂളാതിരുന്ന ഷാറുഖിനെ സിനിമയിലേക്കെത്തിച്ചതാണ് ഇക്കുറി കൂടുതൽ പേരും ചർച്ചചെയ്യുന്ന പിന്നണിക്കഥ. പ്രണയ സിനിമ എന്ന ഒറ്റക്കാരണം കൊണ്ടാണ് ഷാറൂഖ് ഈ ചിത്രം നിരസിച്ചതെന്നതാണ് രസകരമായ വസ്തുത. പിന്നീട് ഇതേ ചിത്രം തന്നെ ബോളിവുഡിൻറെ 'കിംഗ് ഓഫ് റൊമാൻസ്' എന്ന ലേബൽ ഷാരൂഖ് ഖാന് നേടിക്കൊടുത്തു.
ആമിർ ഖാനും സൽമാൻ ഖാനുമൊക്കെ ലവർ ബോയി റോളുകളിൽ നിറഞ്ഞു നിന്ന ആ സമയത്ത് ഗൗരവമായ കഥാപാത്രങ്ങൾ ചെയ്യാനാണ് ഷാറൂഖ് ഇഷ്ടപ്പെട്ടിരുന്നത്. അന്ന് ബോളിവുഡിലെ സ്ഥിരം ചേരുവകളായ മനോഹര സ്ഥലങ്ങളിലെ പ്രണയഗാനവും നായികയ്ക്കൊപ്പം ഒളിച്ചോട്ടവുമൊക്കെ ചെയ്യാൻ താത്പ്പര്യമില്ലെന്ന് പറഞ്ഞ് ഷാരൂഖ് ദിൽവാലെ നിരസിച്ചു.
പ്രതീക്ഷകളെല്ലാം അസ്തമിച്ച് തുടങ്ങിയ സമയത്താണ് അപ്രതീക്ഷിതമായി താരം സമ്മതം മൂളിയതെന്ന് ഫിലിം ജേണലിസ്റ്റ് അനുപമ ചോപ്ര 'ദിൽവാലെ ദുൽഹനിയാ ലേ ജായേംഗെ: എ മോഡേൺ ക്ലാസിക്' എന്ന പുസ്തകത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്.
ചിത്രത്തിൽ ഷാരൂഖിൻറെ നായിക സിമ്രൻ ആയി എത്തിയത് കജോളായിരുന്നു. തൻറെ കഥാപാത്രം കുറച്ച് ബോറിംഗ് ആയാണ് ആദ്യം തോന്നിയതെന്ന് ഒരു അഭിമുഖത്തിൽ കജോൾ പറഞ്ഞിട്ടുണ്ട്. അമരീഷ് പുരി, അനുപം ഖേർ, ഫരീദ ജലാൽ, പർമീത് സേതി എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates