'നയന്‍താരക്ക് പേരിട്ട ഞാന്‍ സമ്പൂര്‍ണ്ണ പരാജിതനായി വീട്ടിലിരിക്കുന്നു'; വൈറലായി സംവിധായകന്റെ കുറിപ്പ്

നയന്‍താരയുമായി ബന്ധപ്പെട്ട രസകരമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് സംവിധായകനും എഴുത്തുകാരനും അധ്യാപകനുമായ ജോണ്‍ ഡിറ്റോ പി.ആര്‍
'നയന്‍താരക്ക് പേരിട്ട ഞാന്‍ സമ്പൂര്‍ണ്ണ പരാജിതനായി വീട്ടിലിരിക്കുന്നു'; വൈറലായി സംവിധായകന്റെ കുറിപ്പ്
Updated on: 
1 min read

തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാറാണ് നയന്‍താര. മലയാളത്തിലൂടെ സിനിമയിലേക്ക് അരങ്ങേറിയ താരം ഇന്ന് തെന്നിന്ത്യന്‍ ലോകത്തെ താരറാണിയാണ്. തിരുവല്ലക്കാരി ഡയാന കുര്യനില്‍ നിന്ന് സൂപ്പര്‍താരം നയന്‍താരയിലേക്കുള്ള യാത്ര സിനിമ തിരക്കഥയെ വെല്ലുന്നതായിരുന്നു. ഇന്ന് നയന്‍താരയെ കാണാന്‍ വേണ്ടി മാത്രമായി ആരാധകര്‍ തീയെറ്ററില്‍ ഇടിച്ചുകയറുന്നു. ഇപ്പോള്‍ നയന്‍താരയുമായി ബന്ധപ്പെട്ട രസകരമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് സംവിധായകനും എഴുത്തുകാരനും അധ്യാപകനുമായ ജോണ്‍ ഡിറ്റോ പി.ആര്‍. നയന്‍താരക്ക് പേരിട്ടത് താനാണ് എന്നാണ് ഫേയ്‌സ്ബുക്ക് കുറിപ്പിലൂടെ ജോണ്‍ ഡിറ്റോ പറയുന്നത്. 

കുറിപ്പ് വായിക്കാം

2003.. തിരക്കഥാകൃത്തും സംവിധായകനുമായ A K Sajan സാറിന്റെ സ്‌ക്രിപ്റ്റ് അസിസ്റ്റന്റായി ഞാന്‍ പ്രവര്‍ത്തിച്ചിരുന്ന കാലം. ഒരു സിനിമയുടെ തിരക്കഥാ രചനയ്ക്കായി സാറും ഞാനും ചെറുതുരുത്തി റെസ്റ്റ് ഹൗസില്‍ താമസിക്കുകയായിരുന്നു. ഒരു ദിവസം വൈകുന്നേരം പ്രസിദ്ധ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ സ്വാമിനാഥന്‍ സാറിനെക്കാണാന്‍ എത്തി. വിശേഷം പറഞ്ഞ കൂട്ടത്തില്‍ ഷൊര്‍ണ്ണൂരില്‍ സത്യന്‍ അന്തിക്കാടിന്റെ ജയറാം പടം നടക്കുന്നുവെന്നും അതിലെ പുതുമുഖ നായികയ്ക്ക് ഒരു പേരു വേണമെന്നും പറഞ്ഞു. ക്രിസ്ത്യന്‍ പെണ്‍കുട്ടി ഡയാനയെന്നാണ് പേരത്രെ. 'ഡിറ്റോ ഒരു പേര് ആലോചിക്ക് 'സര്‍ നിര്‍ദ്ദേശിച്ചു. ആലോചിക്കാനും ചിന്തിക്കാനും മാത്രമറിയാവുന്ന ഞാന്‍ ചിന്തിച്ചു .. മാധവിക്കുട്ടിയുടെ ഒരു കഥയിലെ ഒരു പെണ്‍കുട്ടിയുടെ ബംഗാളിപ്പേര് ചിന്തയിലുടക്കി. ...നയന്‍താര.... ഞാന്‍ പറഞ്ഞു: നയന്‍താര ..

സാജന്‍സാര്‍ തലയാട്ടി... സ്വാമിനാഥന്‍ സാറും തലകുലുക്കി. പിന്നീട് മനസ്സിനക്കരെ എന്ന സിനിമയുടെ പേരും നായിക നയന്‍താരയുടെ പേരും സത്യന്‍ സര്‍ അനൗണ്‍സ് ചെയ്തു. അങ്ങനെ തെന്നിന്ത്യയിലെ സൂപ്പര്‍ നായികയുടെ പേരിട്ട ഞാന്‍ ... സമ്പൂര്‍ണ്ണ പരാജിതനായി വീട്ടിലിരിക്കുന്നു. നായിക ഇതൊന്നുമറിയാതെ തലൈവര്‍ രജനീകാന്തിനൊപ്പം അഭിനയിക്കുന്നു.

ഇന്ന് സാജന്‍ സാറിനെക്കാണാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ച്ചെന്നപ്പോള്‍ പഴയ കാര്യങ്ങള്‍ പറഞ്ഞ കൂട്ടത്തിലാണ് ഈ കാര്യം വീണ്ടും ഓര്‍ത്തത്.. 'പുതിയ നിയമം' എന്ന മമ്മൂട്ടിപ്പടം സാജന്‍ സര്‍ ഡയറക്റ്റ് ചെയ്തപ്പോള്‍ നായികയായ നയന്‍താരയെ കാണാന്‍ കഴിഞ്ഞിരുന്നില്ല. എങ്കില്‍ ഈക്കഥ പറയാമായിരുന്നു.

നടി മീരാ ജാസ്മിനെ എനിക്ക് കല്യാണം ആലോചിച്ച കഥ അടുത്ത ലക്കമെഴുതാം... വിടില്ല ഞാന്‍ ...

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER