നയൻതാരക്കെതിരെ അശ്ലീല പരാമർശം : രാധാരവിയെ ഡിഎംകെ സസ്പെൻഡ് ചെയ്തു ; നടികർ സംഘത്തിന്റെ കാരണം കാണിക്കൽ നോട്ടീസ്

രാധാരവി ഇനി മേലിൽ തങ്ങളുടെ ഒരു പ്രോജക്ടിലും ഉണ്ടാകില്ലെന്ന് നിർമ്മാതാക്കളായ കെജെആർ സ്റ്റുഡിയോസ് അറിയിച്ചു
നയൻതാരക്കെതിരെ അശ്ലീല പരാമർശം : രാധാരവിയെ ഡിഎംകെ സസ്പെൻഡ് ചെയ്തു ; നടികർ സംഘത്തിന്റെ കാരണം കാണിക്കൽ നോട്ടീസ്
Updated on
2 min read

ചെന്നൈ : പ്രസസ്ത നടി നയൻതാരക്കെതിരെ മോശം പരാമർശം നടത്തുകയും, പൊള്ളാച്ചി പീഡനത്തിനിരയായ പെൺകുട്ടിയെ അപഹസിക്കുകയും ചെയ്ത സംഭവത്തിൽ നടൻ രാധാരവിയെ ഡിഎംഎകെ സസ്പെൻഡ് ചെയ്തു. നയൻതാര അഭിനയിച്ച കൊലൈയുതിർ കാലം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കുന്ന ചടങ്ങിൽ വച്ചായിരുന്നു രാധാ രവിയുടെ വിവാദ പ്രസംഗം. നയൻതാരയ്ക്കെതിരെ ലൈംഗികച്ചുവയോടെ പൊതുവേദിയിൽ പരാമർശം നടത്തുകയായിരുന്നു രാധാ രവി.

അച്ചടക്കം ലംഘിച്ചതിനാൽ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നും, എല്ലാ പദവികളിൽനിന്നും രാധാ രവിയെ നീക്കുന്നതായി ഡിഎംകെ ജനറൽ സെക്രട്ടറി കെ അൻപഴകൻ ഞായറാഴ്ച രാത്രി വൈകി പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. പൊതുവേദിയിൽ പാർട്ടിയുടെ അന്തസ്സ് ഹനിക്കുന്നതായി രാധാരവിയുടെ പ്രസ്താവനയെന്നും ഡിഎംകെ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. 

നയൻതാരയെ ലേഡി സൂപ്പർ സ്റ്റാർ എന്നൊന്നും വിളിക്കരുതെന്നും പുരട്ചി തലൈവർ, നടികർ തിലകം, സൂപ്പർ സ്റ്റാർ എന്നൊക്കെയുള്ള വിശേഷണങ്ങൾ ശിവാജി ഗണേശൻ, എംജിആർ, രജനീകാന്ത് തുടങ്ങിയവർക്കാണ് ചേരുക എന്നുമാണ്‌ രാധാ രവിയുടെ വാക്കുകൾ. നടിയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ചും പ്രസം​ഗത്തിൽ പ്രതിപാദിച്ചു. 'നയൻതാരയുടെ ജീവിതത്തിലെ കാര്യങ്ങളൊക്കെ ഇവിടെ അറിയാം. പക്ഷേ അവർ ഇപ്പോഴും വലിയ താരമാണ്. അതിന് കാരണം എല്ലാം പെട്ടെന്ന് മറക്കുന്ന തമിഴ് മക്കളുടെ സ്വഭാവമാണ്', രാധാ രവി പറഞ്ഞു. 

‘നയൻതാര പ്രേതമായും സീതയായും അഭിനയിക്കുന്നു. മുൻപ്, കെ.ആർ. വിജയയെപോലെ മുഖത്തു നോക്കുമ്പോൾ പ്രാർഥിക്കാൻ തോന്നുന്നവരാണ് സീതയായി അഭിനയിച്ചിരുന്നത്’ എന്നു പറഞ്ഞ ശേഷമായിരുന്നു നയൻ താരയ്ക്കെതിരായ അശ്ലീല പരാമർശം. രാധാ രവിയുടെ പരാമർശത്തിനെതിരെ, നയൻതാരയുടെ കാമുകനായ  സംവിധായകൻ വിഘ്നേഷ് ശിവൻ, ഗായിക ചിന്മയി തുടങ്ങിയവർ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. 

പൊള്ളാച്ചി പീഡനവുമായി ബന്ധപ്പെട്ട് രാധാ രവി നടത്തിയ പരാമർശം ഇങ്ങനെ - എന്താണു വലിയ സിനിമയും ചെറിയ സിനിമയും തമ്മിലുള്ള വ്യത്യാസം? ഒരാൾ ഒരു പെൺകുട്ടിയെ പീഡിപ്പിച്ചാൽ അതു ചെറിയ ചിത്രം. പൊള്ളാച്ചിയിലേതു പോലെ, 40 പേർ ഒരു പെൺകുട്ടിയെ പീഡിപ്പിച്ചാൽ അതു വലിയ ചിത്രം. 

അതിനിടെ വിവാദ പ്രസം​ഗത്തിൽ തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികർ സംഘം രാധാരവിക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചു. നോട്ടീസിന് മറുപടി നൽകിയില്ലെങ്കിൽ രാധാരവിയെ സംഘവുമായി തുടർന്ന് സഹകരിപ്പിക്കില്ലെന്ന് അസോസിയേഷൻ പ്രസിഡന്റ് നാസർ അറിയിച്ചു. അതിനിടെ രാധാരവി ഇനി മേലിൽ തങ്ങളുടെ ഒരു പ്രോജക്ടിലും ഉണ്ടാകില്ലെന്ന് നിർമ്മാതാക്കളായ കെജെആർ സ്റ്റുഡിയോസ് അറിയിച്ചു.  നയൻതാരയുടെ പുതിയ ചിത്രം ഐറയുടെ നിർമ്മാതാക്കളാണ് കെജെആർ സ്റ്റുഡിയോസ് . 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com