വിവാഹത്തോടെ സിനിമയില്‍ നിന്ന് വിട്ടുനിന്ന നസ്‌റിയ നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയപ്പോള്‍ ഗംഭീര വരവേല്‍പ്പാണ് ആരാധകര്‍ താരത്തിന് സമ്മാനിച്ചത്. ബാംഗ്ലൂർ ഡെയ്സിന് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന കൂടെയിലെ ആദ്യ വീഡിയോ ഗാനത്തിനു ലഭിച്ച സ്വീകരണം നസ്‌റിയയെ വീണ്ടും വെള്ളത്തിരയില്‍ കാണാന്‍ കാത്തിരുന്ന ആരാധകരുടെ ആവേശമാണ് തുറന്നുകാട്ടിയിരിക്കുന്നത്. യൂട്യൂബില്‍ ടോപ് ട്രെന്‍ഡിങ് ലിസ്റ്റില്‍ ഇടം നേടിയെടുത്ത ഗാനം ഇതിനോടകം ഒരുലക്ഷത്തിനടുത്ത് ആളുകള്‍ കണ്ടുകഴിഞ്ഞു.
പൃഥ്വിരാജ്, പാര്‍വതി, നസ്‌റിയ എന്നീ മികച്ച താരനിരയുമായി എത്തുന്ന ചിത്രത്തിനായി ആകാംഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരുന്നത്. ഈ ആകാംഷയെ ഒട്ടും ചോര്‍ത്താതെയാണ് ചിത്രത്തെകുറിച്ചുള്ള ഓരോ വിവരങ്ങളും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടുകൊണ്ടിരുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവന്നതിന് പിന്നാലെ കൂടെയിലെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ എത്തി. ജെന്നിയുടെ ലുക്കാണ് ഇതിന് പിന്നാലെയെത്തിയത്. ഗാനത്തിലെ വിഷ്വലുകളില്‍ നിന്നുള്ള ചിത്രങ്ങളാണ് ഇവ. ഗാനം പൂര്‍ണ്ണമായും പുറത്തുവിടുന്നതിന് മുമ്പ് 30സെക്കന്റ് ദൈര്‍ഘ്യമുള്ള ഇതിന്റെ ടീസര്‍ അവതരിപ്പിച്ചത് നസ്‌റിയയ്ക്കായുള്ള കാത്തിരിപ്പിന്റെ ആവേശം കൂട്ടാനുള്ള അഞ്ജലി മേനോന്‍ ബ്രില്യന്‍സായാണ് ആരാധകര്‍ വിലയിരുത്തുന്നത്. ഇതുകൊണ്ടുതന്നെ ഇന്നലെ വൈകുന്നേരം അഞ്ച് മണിക്ക് പുറത്തുവിട്ട ആരാരോ എന്ന ഗാനത്തിനായി കാത്തിരുന്നതു ലക്ഷകണക്കിന് നസ്‌റിയ ഫാന്‍സാണ്.
പുറത്തുവിട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ ഗാനം ഹിറ്റാകുകയായിരുന്നു. നസ്‌റിയയുടെ ക്യൂട്‌നെസ്സും സ്‌ക്രീന്‍പ്രെസന്‍സും വാഴ്ത്തിപാടുകയായിരുന്നു ഗാനത്തിന് ലഭിച്ച ഓരോ കമന്റും. വെല്‍ക്കം ബാക്ക് നസ്‌റിയ എന്ന ഹാഷ്ടാഗോടെയായിരുന്നു കൂടെയിലെ നസ്‌റിയയുടെ ഓരോ അപ്‌ഡേറ്റും എത്തിയിരുന്നത്. ഈ ഹാഷ്ടാഗ് ആരാധകരം ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.
ആരാധകര്‍ സമ്മാനിച്ച അതിഗംഭീര സ്വീകരണത്തിന്റെ സന്തോഷം നസ്‌റിയയും മറച്ചുവയ്ക്കുന്നില്ല. മണിക്കൂറുകള്‍ക്കുള്ളിള്‍ ആര്‍ത്തിരമ്പിയെത്തിയ പ്രേക്ഷക പ്രതികരണങ്ങള്‍ക്കുള്ള നന്ദി താരം അറിയിച്ചുകഴിഞ്ഞു. കൂടെയുടെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് താരം നന്ദി പറയുന്നത്. പ്രേക്ഷകരുടെ ഈ പിന്തുണ കാണുമ്പോള്‍ തനിക്ക് ഒരു ചിത്രത്തില്‍ അഭിനയിച്ചിട്ട് നാലുവര്‍ഷമായെന്നോ നാലുവര്‍ഷങ്ങള്‍ക്കു ശേഷമാണ് താന്‍ ഒരു ചിത്രത്തിന്റെ ഭാഗമാകുന്നതെന്നോ തോന്നുന്നിലെലന്നാണ് വീഡിയോയില്‍ താരം പറയുന്നത്. ഞാനിവിടത്തന്നെ ഉണ്ടായിരുന്നു എന്ന രീതിയിലാണ് നിങ്ങളെന്നെ സ്വീകരിച്ചതെന്നും ഇതുപോലെതന്നെ ഈ ചിത്രത്തിലുടനീളം പ്രേക്ഷകര്‍ കൂടെയുണ്ടാകണമെന്നും താരം വീഡിയോയില്‍ പറയുന്നുണ്ട്.
ആരാരോ വരാമെന്നൊരീ മോഹം എന്നുതുടങ്ങുന്ന റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് രഘു ദീക്ഷിത്താണ് സംഗീതം നല്‍കിയിരിക്കുന്നത്. ആന്‍ ആമിയാണ് എന്ന ഗാനം ആലപിച്ചിരിക്കുന്നത്. ഗാനത്തില്‍ ഏറ്റവും കൈയ്യടി നേടിയത് നസ്‌റിയയും വിഷ്വലുകളും തന്നെ. എന്നാല്‍ ആന്‍ ആമിയുടെ ശബ്ദം നസ്‌റിയയ്ക്ക് യോജിക്കുന്നുണ്ടോ എന്ന സംശയം പ്രകടിപ്പിക്കുന്നവരുമുണ്ട്. ഗാനത്തിലെ ലിപ്‌സിങ്ക് പോരായ്മകളും ആവര്‍ത്തിക്കുന്ന വിഷ്വലുകളും ചിലര്‍ ചൂണ്ടികാട്ടുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates