

അന്തരിച്ച നടൻ ഇർഫാൻ ഖാനോടുള്ള ആദരസൂചകമായി മഹാരാഷ്ട്രയിലെ ഇഗത്പുരി ഗ്രാമത്തിലെ തെരുവിന് നടന്റെ പേര് നൽകി ഗ്രാമവാസികൾ. 'ഹീറോ-ചി-വാദി' എന്നാണ് പുതിയ പേര്. 'നായകന്റെ ദേശം' എന്നാണ് ഈ വാക്കിന്റെ അർത്ഥം. സിനിമ നടൻ എന്നതിലപ്പുറം ഇർഫാൻ എന്ന വ്യക്തിയോടുള്ള അടുപ്പമാണ് ഈ തീരുമാനത്തിന് പിന്നിലെ കാരണം.
ഇർഫാന്റെ ഫാം ഹൗസ് സ്ഥിതി ചെയ്യുന്നത് ഈ ഇഗത്പുരിയിലായതിനാൽ ഇർഫാനെ വ്യക്തിപരമായി ഇവർക്കറിയാം. "നാടിന്റെ രക്ഷകനെ ഞങ്ങൾക്ക് നഷ്ടമായി. ഞങ്ങൾക്ക് അദ്ദേഹം സിനിമാ നടൻ മാത്രമായിരുന്നില്ല. അടുത്ത സുഹൃത്തുമായിരുന്നു. ഞങ്ങളുടെ നാടിന്റെ വികസനത്തിനായി അദ്ദേഹം ഒരുപാട് കാര്യങ്ങൾ ചെയ്തിരുന്നു. അതുകൊണ്ടു തന്നെ ഈ തെരുവ് ഇനി അദ്ദേഹത്തിന്റെ പേരിൽ അറിയപ്പെടും", ഗ്രാമവാസികളുടെ വാക്കുകൾ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പത്ത് വർഷമായി ഇഗത്പുരിയിലെ സ്ഥിരം സന്ദർശകനാണ് ഇർഫാൻ. കമ്പ്യൂട്ടർ ആംബുലൻസ് അടക്കമുള്ള സഹായങ്ങൾ ഇവിടേക്കെത്തിക്കാൻ ഇർഫാന് കഴിഞ്ഞിട്ടുണ്ട്. സ്കൂൾ കുട്ടികൾക്കുള്ള പുസ്തകങ്ങൾ, മഴക്കോട്ട്, സ്വെറ്റർ എന്നിങ്ങനെ നീളും ഗ്രാമവാസികൾക്കായുള്ള ഇർഫാന്റെ കരുതൽ.
വൻകുടലിലെ അണുബാധയെത്തുടർന്ന് കഴിഞ്ഞ മാസം 29നാണ് ഇർഫാൻ മരിച്ചത്. 2018ൽ നടന് ന്യൂറോ എൻഡോക്രൈൻ ട്യൂമർ സ്ഥിരീകരിച്ചിരുന്നു. മുംബൈയിലെ കോകിലബെൻ ധീരുഭായ് അംബാനി ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates