

ആമിര്‍ ഖാൻ ചിത്രം ദംഗലിലെ പ്രകടനം കൊണ്ടുതന്നെ സിനിമാപ്രേമികളുടെ മനസ്സിൽ സ്ഥാനം നേടിയ നടിയാണ് സൈറ വാസിം. ദേശീയ പുരസ്കാര നേട്ടമടക്കം സ്വന്തമാക്കിയ താരം അപ്രതീക്ഷിതമായാണ് അഭിനയം നിർത്തുന്നു എന്ന തീരുമാനം പ്രഖ്യാപിച്ചത്. മതവിശ്വാസത്തിന് തടസമാകുന്നതിനാല്‍ അഭിനയം ഉപേക്ഷിക്കുന്നു എന്നായിരുന്നു സൈറ നിലപാടറിയിച്ചത്. കഴിഞ്ഞ ദിവസം തന്നെ തേടിയെത്തുന്ന പ്രശംസകൾക്കും താരം വിലക്ക് വയ്ക്കുകയായിരുന്നു.
തന്റെ അഭിനയത്തേയും കഴിവിനെയും പ്രശംസിക്കരുതെന്നായിരുന്നു സൈറയുടെ അഭ്യർത്ഥന. അഭിനന്ദന വാക്കുകൾ തന്നെ സന്തോഷിപ്പിക്കുന്നില്ലെന്നും അത് തന്റെ വിശ്വാസത്തിന് അപകടമാണെന്നുമാണ് താരം അറിയിച്ചത്. ഇതേത്തുടർന്നുണ്ടായ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് താരമിപ്പോൾ.
പറയുന്ന വാക്കുകളുടെ വീര്യം എത്രത്തോളമാണെന്ന് മനസ്സിലാക്കാതെയാണ് പലരും സംസാരിക്കുന്നതെന്നും അങ്ങനെ പറയുന്ന ചില വാക്കുകളും നിലവാരം കെട്ട തമാശകളും മറ്റുള്ളവരുടെ വിശ്വാസത്തെയും അഭിമാനത്തെയും മുറിവേൽപ്പിക്കുമെന്ന് ഇക്കൂട്ടർ ചിന്തിക്കാറില്ലെന്നുമാണ് സൈറയുടെ വാക്കുകൾ. രൂക്ഷമായ പരിഹാസങ്ങളെ അതിജിവിക്കാനുള്ള തൊലിക്കട്ടി എല്ലാവർക്കും ഉണ്ടാകുമെന്ന് കരുതരുതെന്നും സൈറ ട്വീറ്റിൽ കുറിച്ചു.
മതപരമായ കാര്യങ്ങള്‍ നഷ്ടമായെന്ന് പറഞ്ഞാണ് സൈറ സിനിമ ഉപേക്ഷിക്കാൻ തീരുമാനമെടുത്തത്. സമൂഹമാധ്യമങ്ങളിലെ തന്റെ ഔദ്യോഗിക അക്കൗണ്ടുകളില്‍ നീണ്ട കുറിപ്പില്‍ വിശദമായി കാര്യങ്ങള്‍ പറഞ്ഞുകൊണ്ടായിരുന്നു താരം തീരുമാനം അറിയിച്ചത്. അഞ്ച് വര്‍ഷം മുന്‍പ് താനെടുത്ത ഒരു തീരുമാനം ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിച്ചെന്നും അത് തനിക്ക് പ്രശസ്തിയും ശ്രദ്ധയും നേടിത്തന്നെന്നും പറഞ്ഞുകൊണ്ടാണ് സൈറ കുറിപ്പ് തുടങ്ങിയത്. എന്നാല്‍ അത്തരത്തില്‍ മുന്നോട്ടുപോകുന്നതില്‍ താന്‍ സന്തോഷവതിയല്ലെന്നും വെള്ളിത്തിരയിലെ ജീവിതം തന്റെ മതത്തെയും വിശ്വാസത്തെയും ബാധിച്ചെന്നും സൈറ പറയുന്നു.
2016ല്‍ തീയേറ്ററുകളിലെത്തിയ ആമീര്‍ ഖാന്‍ ചിത്രം ദംഗലിലൂടെയാണ് സൈറ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. സൈറ പ്രധാന വേഷത്തില്‍ എത്തിയ സീക്രട്ട് സൂപ്പര്‍സ്റ്റാറും മികച്ച വിജയമാണ് നേടിയത്. 'ദ സ്‌കൈ ഈസ് പിങ്ക്' ആയിരുന്നു അവസാന ചിത്രം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates