'നിങ്ങള്‍ ഇങ്ങനെ ചിരിക്കരുത്'; പരിപാടിക്കിടെ ചിരി നിര്‍ത്താന്‍ ആവശ്യപ്പെട്ട ആള്‍ക്ക് മറുപടിയുമായി സിതാര; കയ്യടിച്ച് സോഷ്യല്‍ മീഡിയ

കുടുംബത്തിന്റെ ചിരി ചിത്രത്തോടൊപ്പമാണ് സിതാര കുറിപ്പ് പങ്കുവെച്ചത്‌
'നിങ്ങള്‍ ഇങ്ങനെ ചിരിക്കരുത്'; പരിപാടിക്കിടെ ചിരി നിര്‍ത്താന്‍ ആവശ്യപ്പെട്ട ആള്‍ക്ക് മറുപടിയുമായി സിതാര; കയ്യടിച്ച് സോഷ്യല്‍ മീഡിയ
Updated on
2 min read

നിരവധി മികച്ച ഗാനങ്ങളിലൂടെ ആരാധകരുടെ മനസു കവര്‍ന്ന ഗായികയാണ് സിതാര കൃഷ്ണകുമാര്‍. പ്രമുഖ റിയാലിറ്റി ഷോയില്‍ ജഡ്ജായി എത്തുന്ന സിതാര ഇപ്പോള്‍ ആരാധകര്‍ ഏറെയാണ്. എന്നാല്‍ അടുത്തിടെ ഒരു സ്‌റ്റേജില്‍ വെച്ച് തന്നോട് ചിരിക്കരുത് എന്നു പറഞ്ഞ ആള്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സിതാര. തിരുവനന്തപുരത്ത് വെച്ചുനടന്ന സ്റ്റേജ് ഷോയ്ക്കിടെയാണ് കാണികളില്‍ ഒരാള്‍ ചിരിക്കരുത് എന്ന് പറഞ്ഞത്. താന്‍ പാട്ടു പാടുമ്പോള്‍ മുഴുവന്‍ ആലോചിച്ചത് ആ വാക്കുകള്‍ ആയിരുന്നു എന്നാണ് സിതാര കുറിച്ചത്.

തന്റെ കുടുംബത്തിലെ എല്ലാവര്‍ക്കും തന്റെ പോലെയുള്ള അന്തംവിട്ട ചിരിയാണെന്നും അത് മാറ്റുന്നു എന്നതിന്റെ അര്‍ത്ഥം വീടിയും ഇടത്തേയും എന്നെയും മറക്കുന്ന പോലെയാണ് എന്നാണ്. തന്റെ ചിരി ഇഷ്ടമല്ലാത്ത സഹോദരന്‍ മ്യൂട്ട് ബട്ടനാണ് ശരണമെന്നും സിതാര പറഞ്ഞു. ഇതുമൂലം തനിക്കുണ്ടായ നെഗറ്റിവിറ്റിയെക്കുറിച്ചും ഗായിക പറഞ്ഞു. ഒരു നിമിഷാര്‍ത്ഥം മതി, അര വാക്ക് മതി വര്‍ഷങ്ങള്‍ പഠിച്ചും കരഞ്ഞും തളര്‍ന്നും നിവര്‍ന്നും നടന്നും കിതച്ചും ധ്യാനിച്ചും ഉരുവപ്പെടുത്തിയ ഒരുപിടി സന്തോഷം തല്ലിക്കെടുത്താന്‍. ആരോടും അങ്ങനെ പറയരുതെന്നും പറയാനുള്ളതെന്തും നന്നായി സ്‌നേഹമായി ചേര്‍ത്തു പിടിച്ചു പറയണമെന്നും സിതാര പറയുന്നു. കുടുംബത്തിന്റെ ചിരി ചിത്രത്തോടൊപ്പമാണ് സിതാര കുറിപ്പ് പങ്കുവെച്ചത്‌. മികച്ച പിന്തുണയാണ് പോസ്റ്റിന് ലഭിക്കുന്നത്. കളങ്കമില്ലാതെ ഇങ്ങനെ തുറന്നു ചിരിക്കണം എന്നാണ് എല്ലാവരും പറയുന്നത്. 

സിതാര കൃഷ്ണകുമാറിന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

സ്ഥലം തലസ്ഥാനനഗരം ! ഒരു സംഗീത പരിപാടിക്കായി എത്തിയതാണ്.
എയര്‍പോര്‍ട്ടില്‍ കാത്തുനിന്നവര്‍ മുതല്‍, വേദിയുടെ പുറകിലും, മുന്നിലും, സദസ്സിലും എല്ലാം കണ്ടവരും പരിചയപ്പെട്ടവരും എല്ലാം നല്ല മുത്തുപോലത്തെ മനുഷ്യരായ സംഘാടകര്‍, കാണികള്‍ ! 
ആദ്യഗാനം പാടിയ ശേഷം ഉള്ള നിശബ്ദതയുടെ ഒരു മൈക്രോ സെക്കന്റ് ഇടവേളയില്‍ ഉയര്‍ന്നു കേട്ട ഒരു ശബ്ദം ! സദസ്സില്‍ നിന്ന് ഒരു സുഹൃത്ത് ഉറക്കെ പറയുന്നു, നിങ്ങള്‍ ടീവിയില്‍ ഇങ്ങനെ ചിരിക്കരുത് ! ആദ്യം കേട്ടുകേട്ടില്ല എന്ന മട്ടില്‍ 'എന്തോ? ' എന്നു ചോദിച്ചു ! പക്ഷെ അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു, വീണ്ടും അതുതന്നെ പറഞ്ഞു, ചിരിക്കരുത് !

തമാശ പോലെ ഞാന്‍ ചോദിച്ചു നോക്കി 'ഒരാളുടെ ചിരി അവസാനിപ്പിക്കുന്നത് ശരിയാണോ ''  ആ സഹോദരന്‍ വീണ്ടും പറഞ്ഞു, 'ശരിക്കും ഉള്ള ചിരിയല്ല നിങ്ങളുടെ' ! ആ ഒരു പാട്ട് പാടുമ്പോള്‍ മുഴുവന്‍ ഞാന്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ ഓര്‍ത്തു ! ശരിയാണ്, മഹാഅബദ്ധമാണ് എന്റെ ചിരി, ചിലപ്പോള്‍ അരോചകവും !

പക്ഷെ അന്നും ഇന്നും എപ്പോളും പറയാനുള്ളത് ഒരു കാര്യമാണ് ! ഓര്‍ത്തുനോക്കുമ്പോള്‍ എന്റെ അമ്മയുടെ, അച്ഛമ്മയുടെ, ചെമ്മയുടെ അങ്ങനെ വീട്ടില്‍ മിക്കവാറും എല്ലാവര്‍ക്കും ഇതേ അന്തംവിട്ട ചിരിയാണ് ! ഞാന്‍ എന്റെ ചിരി മാറ്റുന്നു എന്നതിന്റെ അര്‍ത്ഥം ഞാന്‍ എന്റെ വീടിനെ മറക്കുന്നു, എന്റെ ഇടത്തെ മറക്കുന്നു, എന്നെ തന്നെ മറക്കുന്നു എന്നാണ്  അതിനു തത്കാലം തയ്യാറല്ല! ആ പ്രിയ സഹോദരന് റിമോട്ടിലെ മ്യുട്ട് ബട്ടണ്‍ തന്നെ ശരണം !

ഇപ്പോള്‍ ഞാന്‍ ഓര്‍ക്കുന്നത് മറ്റൊന്നാണ്, സ്‌നേഹോഷ്മളമായ പെരുമാറ്റം കൊണ്ട് ചേര്‍ത്ത് പിടിച്ച പലരുടെയും മുഖങ്ങള്‍ മനസ്സില്‍ നിന്ന് മാഞ്ഞിട്ടും വാക്കുകള്‍ കൊണ്ട് വെറും രസത്തിനും കാര്യത്തിനും ഒക്കെ വേദനിപ്പിക്കുന്ന പല മുഖങ്ങളും മനസ്സില്‍ മായാതെ നില്‍ക്കുന്നു. അത്രയ്ക്ക് ശക്തിയുണ്ട് നെഗറ്റിവിറ്റിക്ക് ഒരു നിമിഷാര്‍ത്ഥം മതി, അര വാക്ക് മതി വര്‍ഷങ്ങള്‍ പഠിച്ചും കരഞ്ഞും തളര്‍ന്നും നിവര്‍ന്നും നടന്നും കിതച്ചും ധ്യാനിച്ചും ഉരുവപ്പെടുത്തിയ ഒരുപിടി സന്തോഷം തല്ലിക്കെടുത്താന്‍ ! ആരും ആരോടും അങ്ങനെ അരുത് ! പറയാനുള്ളതെന്തും നന്നായി സ്‌നേഹമായി ചേര്‍ത്ത് പിടിച്ചു പറയാം നമുക്ക് !
#NoToNegativeVibes 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com