പുതിയ പ്രൊഡക്‌ഷൻ കമ്പനിയുമായി നടിയും നിർമാതാവുമായ സാന്ദ്ര തോമസ്. സാന്ദ്രാ തോമസ് പ്രൊഡക്ഷൻസ് (എസ്ടിപി) എന്ന പേരിൽ സ്വന്തമായി സിനിമ നിർമാണ കമ്പനി പ്രഖ്യാപിച്ചിരിക്കുകയാണ് സാന്ദ്ര. തന്റേതായിരുന്ന ഫ്രൈഡേ ഫിലിം ഹൗസും താൻ ഭാഗമായ റൂബി ഫിലിംസും പോലെ പുതിയ സംവിധായകർക്ക് അവസരങ്ങൾ നൽകുന്നതായിരിക്കും എസ്ടിപി എന്ന് സാന്ദ്ര പറയുന്നു. എസ്ടിപിയുടെ ആദ്യ സിനിമ ഒരു നവാഗത സംവിധായകന്റേതാണെന്നും സാന്ദ്ര അറിയിച്ചു.
സാന്ദ്രയുടെ ഫേസ്ബുക്ക് കുറിപ്പ്
*ഇനി സാന്ദ്രാ തോമസ് പ്രൊഡക്ഷൻസ്*
*****************
കഥകളുടെ മിന്നാമിനുങ്ങുകൾ നിറഞ്ഞ വെളിച്ചത്തിന്റെ ഒരു കുപ്പി നിലാവിലേക്ക് തുറന്ന് വിടുന്നതു പോലെയുള്ള സ്വപ്‌നക്കാഴ്ചയിലാണ് ഫ്രൈഡേ ഫിലിം ഹൗസിന്റെ സിനിമകൾ തുടങ്ങിയിരുന്നത്. സത്യം പറയട്ടെ, സിനിമ ഒരിക്കലും എന്റെ സ്വപ്‌നത്തിന്റെ അറ്റങ്ങളിൽ പോലും ഉണ്ടായിരുന്നില്ല. പക്ഷേ, കണ്ടറിഞ്ഞതും കേട്ട്‌നിറഞ്ഞതും മനസിനെ തൊട്ടതുമൊക്കെ സ്വപ്‌നമാക്കാൻ പഠിപ്പിച്ചത് സിനിമയാണ്. ആ സിനിമ പിന്നെ എന്റെ ഹൃദയത്തോട് ചേർന്ന് നിന്നു. സിനിമയിലുടെയുള്ള നടത്തങ്ങൾ കിതച്ചും വീണുമുള്ള ഒരു മലകയറ്റം പോലെയായിരുന്നു. എങ്കിലും ഒരുപാട് പേരുടെ സ്വപ്‌നത്തിന്റെ ഭാഗമാകാൻ ഭാഗ്യമുണ്ടായത് സിനിമയിലൂടെയാണ്.
ആദ്യചിത്രം ഫ്രൈഡേ പുറത്തിറങ്ങിയിട്ട് അടുത്തമാസം 8 വർഷങ്ങൾ കഴിയുന്നു.
എന്റെ തങ്കത്തിന്റെയും കൊലുസുവിന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇടുമ്പോൾ ഒരു പാട് സുമനസുകൾ ഞാൻ സിനിമയിലേക്ക് തിരിച്ചുവരുന്നില്ലേ എന്ന് ചോദിക്കുന്നുണ്ട്. സത്യത്തിൽ ഞാൻ സിനിമയുടെ പരിസരം വിട്ട് എങ്ങോട്ടും പോയിട്ടില്ല. എവിടേക്കും പോകുന്നുമില്ല. എന്റെ പപ്പയുടെ റൂബി ഫിലിംസിന്റെ ചിത്രങ്ങളിൽ നിർമാണത്തിന്റെ മേൽനോട്ടവുമായി ഞാൻ ഇവിടെത്തന്നെയുണ്ടായിരുന്നു. ടൊവിനോ തോമസ് നായകനായ എടക്കാട് ബറ്റാലിയനും സൗബിൻ നായകനാകുന്ന കള്ളൻ ഡിസൂസയും റൂബി ഫിലിംസ് നിർമിച്ചതാണ്. കള്ളൻ ഡിസൂസ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്. ഇതിനുമപ്പുറം ഒട്ടേറെച്ചിത്രങ്ങൾക്ക് സഹായത്തിന്റെ ഒരു കൈത്താങ്ങാൻ കഴിഞ്ഞു. കഥാചർച്ചകൾ മുതൽ റിലീസ് വരെയുള്ള സിനിമയുടെ നീണ്ട ഘട്ടങ്ങളിൽ പലർക്കുമൊപ്പം ഒരുമനസോടെ നിൽക്കുന്നുണ്ട്.
'ഇവിടെയുണ്ടായിരുന്നു
ഞാനെന്നതിനൊരു
തൂവൽകൂടി താഴെയിടുകയാണ്'
- എന്റെ സ്വന്തം സിനിമാ നിർമാണക്കമ്പനി സാന്ദ്രാ തോമസ് പ്രൊഡക്ഷൻസ് ഉടനുണ്ടാകും. എന്റേതായിരുന്ന ഫ്രൈഡേ ഫിലിം ഹൗസും ഞാൻ ഭാഗമായ റൂബി ഫിലിംസും പുതിയ സംവിധായകർക്ക് അവസരങ്ങൾ നൽകുന്നതായിരുന്നു. സ്വന്തം നിർമാണക്കമ്പനി സാന്ദ്രാ തോമസ് പ്രൊഡക്ഷൻസ് വരുമ്പോഴും ഇതിന് മാറ്റമുണ്ടാകില്ല. STPയും പുതിയ സംവിധായകരെ സിനിമയിലേക്ക് കൈപിടിക്കും.
സാന്ദ്രാതോമസ് പ്രൊഡക്ഷൻസിന്റെ ആദ്യ ചിത്രവും ഒരു നവാഗത സംവിധായകന്റേതാണ്.
സിനിമ കൊതിക്കുന്നവർക്ക് ഈ ആകാശത്തിലേക്കുള്ള ജനാലകൾ തുറന്നിടുന്നതാവും പുതിയ നിർമാണക്കമ്പനി. കഥപറയാൻ വേണ്ടി സിനിമ സ്വപ്‌നം കാണുന്ന കുറേയേറെപ്പേർ വിളിക്കുന്നുണ്ട്. കോവിഡ് പ്രതിസന്ധിയ്ക്കപ്പുറം തിയറ്റർ തുറന്നിട്ട് കഥകേൾക്കാനിരിക്കാം. കുറേ കഥകൾ കേൾക്കാനുണ്ട്. ഒരു കാര്യം കൂടി പറയട്ടെ, സിനിമയോട് ചേർന്ന് നിൽക്കുന്ന എല്ലാത്തിനെയും നിലനിർത്തുന്നത് കാഴ്ചക്കാരാണ്. അവരുടെ ഹൃദയങ്ങളിലാണ് യഥാർഥ സിനിമകൾ നിലനിൽക്കുന്നതും. ഇതുവരെയുണ്ടായിരുന്നത് പോലെ ഒപ്പമുണ്ടാകണം.
സ്‌നേഹം മാത്രം
സാന്ദ്രാതോമസ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates