

നടൻ സുശാന്ത് രാജ്പുത്തിന്റെ മരണത്തോടെ ബോളിവുഡിലെ ഒരു വിഭാഗം താരങ്ങൾക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ് നേരിടുന്നത്. സ്വജന പക്ഷപാതമാണ് സുശാന്തിന്റെ മരണത്തിന് കാരണമായതെന്നും അതിനാൽ താരസന്തതികളെല്ലാം സുശാന്തിന്റെ മരണത്തിന് കാരണക്കാരാണ് എന്നാണ് വിമർശകരുടെ ആരോപണം. ആക്രമണം രൂക്ഷമായതോടെ പല താരങ്ങളും സ്വന്തം കമന്റ് ബോക്സുകളെല്ലാം അടച്ചു. ഇപ്പോൾ ഇൻബോക്സിലൂടെയാണ് ചീത്തവിളി എത്തുന്നത്. വ്യക്തിഹത്യ മുതൽ ശാപവാക്കുകൾ വരെ നിറയുകയാണ് പല താരങ്ങളുടെയും കമന്റ് ബോക്സ്. ഇപ്പോൾ തനിക്ക് മോശം മെസേജ് അയച്ചവർക്ക് മറുപടിയുമായി എത്തുകയാണ് സോനം കപൂർ.
താരത്തിന് ജനിക്കാനിരിക്കുന്ന കുഞ്ഞ് മരിക്കുമെന്നും സുശാന്തിന്റെ മാതാപിതാക്കൾ കരയുന്നതുപോലെ നീയും കരയും എന്നായിരുന്നു ഒരാളുടെ കമന്റ്. സുശാന്തിന്റെ മരണത്തിൽ നിങ്ങളെല്ലാവരും കാരണക്കാരാണ്. ഒരിക്കലും സന്തോഷം കണ്ടെത്താൻ നിങ്ങൾക്കാവില്ല. അച്ഛൻ കാരണം മാത്രമാണ് നീ ഇവിടെ എത്തിയത് എന്നും കുറിച്ചിരുന്നു. എനിക്ക് ജനിക്കാനിരിക്കുന്ന കുഞ്ഞും കുടുംബവും മരിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. നിങ്ങൾ പറയുന്ന വിഡിയോ 7 വർഷം മുൻപുള്ളതാണ്. ഒരു സിനിമ പുറത്തിറങ്ങിയ സമയത്ത് എനിക്ക് സുശാന്തിനെ അറിയില്ലായിരുന്നു. അവൻ എന്നെ അറിയാതിരുന്നതുപോലെ. ഇതുവരെ എന്നെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. മാത്രമല്ല എന്റെ സഹതാരങ്ങൾ എന്നെക്കുറിച്ച് മോശം പറഞ്ഞിരിക്കുന്നതിന്റെ വിഡിയോയും കാണൂ. ഞാൻ എല്ലാം അതിന്റെ രീതിയിലാണ് എടുത്തത്. സോനം മറുപടിയായി കുറിച്ചു.
തന്റെയും മാതാപിതാക്കളുടേയും കമന്റ് ബോക്‌സ് അടച്ചതിന്റെ കാരണവും താരം വെളിപ്പെടുത്തി. 64 വയസ് പ്രായമുള്ള തന്റെ മാതാപിതാക്കൾ ഇതിലൂടെ കടന്നുപോകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ഇതുപോലെ ചീത്തവിളി കേൾക്കാൻ അവർ ഒന്നും ചെയ്തിട്ടില്ലെന്നുമാണ് സോനം കുറിച്ചത്. നിങ്ങളെപ്പോലുള്ള വൃത്തികെട്ടവരെ പേടിച്ചിട്ടല്ല എന്റെ മാനസികാരോഗ്യത്തിനുവേണ്ടിയാണ് അത് ചെയ്തതെന്നും താരം കൂട്ടിച്ചേർത്തു. തനിക്ക് മോശം മെസേജുകൾ അയക്കുന്നവരെ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും നടപടി സ്വീകരിക്കുമെന്നും താരം വ്യക്തമാക്കി.
ഫാദേഴ്‌സ് ഡേയിൽ ശക്തമായ പോസ്റ്റുമായാണ് താരം എത്തിയത്. ''ഈ ഫാദേഴ്‌സ് ഡേ യിൽഎ നിക്ക് ഒരു കാര്യം കൂടി പറയാനുണ്ട്. അതെ ഞാൻ എന്റെ അച്ഛന്റെ മകളാണ്. അതെ ഞാൻ അദ്ദേഹം കാരണമാണ് ഇവിടെ നിൽക്കുന്നത്, എനിക്ക് വിശേഷാധികാരവും ലഭിച്ചിട്ടുണ്ട്. അത് ഒരു മോശം വസ്തുതയല്ല. ഇതെല്ലാം എനിക്ക് നൽകാൻ എന്റെ അച്ഛൻ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. എവിടെ ജനിച്ചോ, ആർക്ക് ജനിച്ചോ എന്നത് എന്റെ കർമ്മയാണ്. അദ്ദേഹത്തിന്റെ മകളെന്നതിൽ ഞാൻ അഭിമാനിക്കുന്നു. '' എന്നാണ് സോനം കുറിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates