

സുഡാനി ഫ്രം നൈജീരിയയുടെ നിര്‍മാതാക്കള്‍ പറഞ്ഞ പണം നല്‍കാതെ പറ്റിച്ചെന്ന് ചിത്രത്തില്‍ അഭിനയിച്ച നൈജീരിയന്‍ താരം സാമുവല്‍ അബിയോള റോബിന്‍സന്‍. മലയാളത്തിലെ പുതുമുഖങ്ങള്‍ക്കു പോലും കൊടുക്കുന്ന പ്രതിഫലത്തേക്കാള്‍ കുറവാണ് തനിക്കു നല്‍കിയതെന്നും കറുത്തവനായതുകൊണ്ടാണ് ഇത്തരത്തില്‍ വിവേചനം നേരിടേണ്ടി വന്നതെന്നും, ചിത്രത്തിലെ 'സുഡു'വായി ജനപ്രതീ നേടിയ റോബിന്‍സന്‍ കുറ്റപ്പെടുത്തി.
കേരളത്തില്‍ നിര്‍മാതാക്കളില്‍നിന്ന് വംശീയ വിവേചനമാണ് താന്‍ നേരിട്ടതെന്ന് സാമൂഹ്യ മാധ്യമത്തില്‍ എഴുതിയ കുറിപ്പില്‍ സാമുവല്‍ അബിയോള റോബിന്‍സന്‍ പറഞ്ഞു. ഇനിയാര്‍ക്കും ഇതു നേരിടേണ്ടിവരരുത് എന്നതുകൊണ്ടാണ് ഇപ്പോള്‍ ഇക്കാര്യം പറയുന്നത്. വംശീയ വിവേചനം എന്നു താന്‍ പറയുന്നത് അക്രമമോ നേരിട്ടുള്ള അധിക്ഷേപമോ അല്ല. മറിച്ച് ഇന്ത്യന്‍ നടന്മാരേക്കാള്‍ കുറഞ്ഞ പ്രതിഫലം ലഭിച്ചതുകൊണ്ടാണ്. മറ്റു നടന്മാരുമായി സംസാരിച്ചതില്‍നിന്നാണ് ഇതു സംബന്ധിച്ചു തനിക്കു വ്യക്തത വന്നത്. കറുത്തവനായതുകൊണ്ടാണ് ഇതു സംഭവിച്ചത് എന്നാണ് താന്‍ കരുതുന്നത്. ആഫ്രിക്കക്കാരെല്ലാം ദരിദ്രരാണെന്നും അവര്‍ക്കു പണത്തിന്റെ വില അറിയില്ലെന്നുമുള്ള ആളുകളുടെ നിഗമനമാണ് ഇത്തരം സാഹചര്യമുണ്ടാക്കുന്നത്- സാമുവല്‍ എഴുതുന്നു.
സംവിധായകന്‍ സക്കറിയ എന്നെ സഹായിക്കാന്‍ പരമാവധി ശ്രമിച്ചു. എന്നാല്‍ അദ്ദേഹമല്ല ചിത്രത്തിനു പണം മുടക്കുന്നത്. അതുകൊണ്ടു വലിയ മാറ്റമൊന്നും വരുത്താന്‍ അദ്ദേഹത്തിനായില്ല. സക്കറിയ നല്ല മനസുള്ളയാളാണ്, മികച്ച സംവിധായകനും. എനിക്കു പണം നല്‍കാമെന്നു പറഞ്ഞത് നിര്‍മാതാക്കളാണ്. ചിത്രം വിജയിച്ചാല്‍ കൂടുതല്‍ പണം നല്‍കാമെന്നായിരുന്നു വാഗ്ദാനം. അതു പാലിക്കപ്പെട്ടില്ല. അതെന്നെ പിടിച്ചുനിര്‍ത്തുന്നതിനുള്ള തന്ത്രം മാത്രമായിരുന്നു. ഷൂട്ടിനും പ്രമോഷനുമാണ് അഞ്ചു മാസമാണ് ഞാന്‍ കേരളത്തില്‍ തങ്ങിയത്. ചിത്രം വലിയ വിജയമാവുകയും ചെയ്തു.
കേരളത്തിലെ സിനിമാ പ്രേമികള്‍ എന്നോടു കാണിച്ച സ്‌നേഹത്തിന് നന്ദിയുണ്ട്. കേരളത്തിന്റെ സംസ്‌കാരം എനിക്ക് അനുഭവിച്ചറിയാനായി. എന്നാല്‍ ഇക്കാര്യം എനിക്കു പറയാതിരിക്കാനാവില്ല. ഒരു കറുത്തവന്‍ എ്ന്ന നിലയില്‍ ഞാനിതു പറഞ്ഞേ തീരൂ, അതെന്റെ ഉത്തരവാദിത്വമാണ്. വരും തലമുറയിലെ കറുത്തവരായ നടന്മാര്‍ക്കു ഇങ്ങനെ വരാതിരിക്കാന്‍ അതാവശ്യമാണ്. വംശത്തിന്റെയും ജാതിയുടെയും പേരിലുള്ള വിവേചനത്തോട് അരുത് എന്നു പറയണം- സാമുവല്‍ റോബിന്‍സണ്‍ എഴുതി.
വംശീയ വിവേചനം നേരിട്ടെന്ന് ആരോപിച്ചുകൊണ്ടുള്ള പോസ്റ്റ് ചര്‍ച്ചയായതോടെ പിന്നാലെ വിശദീകരണവുമായി സാമുവല്‍ രംഗത്തുവന്നു. കേരളത്തിലെ പൊതുജനങ്ങളില്‍നിന്നല്ല തനിക്കു വിവേചനം നേരിട്ടതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ കഴിഞ്ഞ ദിവസങ്ങള്‍ അത്രയും താന്‍ ആസ്വദിക്കുകയാണ് ചെയ്തത്. നിര്‍മാതാക്കള്‍ തനിക്കു പണം നല്‍കാതിരുന്നത് കറുത്തവന്‍ ആയതുകൊണ്ടാണെന്നാണ് താന്‍ കരുതുന്നതെന്ന് പുതിയ പോസ്റ്റില്‍ സാമുവല്‍ ആവര്‍ത്തിച്ചു. ഏഴു ദിവസം കൊണ്ട് ബജറ്റിന്റെ ഇരട്ടി തിരിച്ചുപിടിച്ച ചിത്രത്തില്‍ തനിക്കു വാഗ്ദാനം ചെയ്ത പണം നല്‍കാമായിരുന്നെന്ന് സാമുവല്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates