'പന്ത്രണ്ടാം വയസു മുതല്‍ ഞാന്‍ വിഷാദരോഗിയാണ്, ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചു'; തുറന്നു പറഞ്ഞ് സൈറ വസിം

'പന്ത്രണ്ടാം വയസു മുതല്‍ ഞാന്‍ വിഷാദരോഗിയാണ്, ആത്മഹത്യയെക്കുറിച്ച് വരെ ചിന്തിച്ചു'; തുറന്നു പറഞ്ഞ് സൈറ വസിം

ഒരിക്കലും വിശദീകരിക്കാനാകാത്ത തരത്തിലുള്ള  വേദനയും തളര്‍ച്ചയും മാനസികവിഷമവും ആത്മഹത്യ പ്രവണതയും എന്നെ തുടര്‍ച്ചയായി അലട്ടി
Published on

താന്‍ വിഷാദത്തിന്റെ പിടിയിലാണെന്ന് തുറന്നു പറഞ്ഞ് ബോളിവുഡ് താരം സൈറ വസിം. നാല് വര്‍ഷമായി താന്‍ വിഷാദത്തിന്റെ പിടിയിലാണെന്നും ആത്മഹത്യയെക്കുറിച്ചുവരെ താന്‍ ചിന്തിച്ചിട്ടുണ്ടെന്നുമാണ് ഫേയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ കുട്ടിതാരം പറയുന്നത്. വിഷാദത്തോട് പൊരുതാന്‍ തനിക്ക് അല്‍പ്പം സമയം വേണമെന്നും അതിനാല്‍ എല്ലാത്തില്‍ നിന്നും ഇടവേള എടുക്കുകയാണെന്നും സൈറ കുറിച്ചു. 

ഒരുപാട് കാലങ്ങളായി താന്‍ വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും നടുവിലാണ് ജീവിക്കുന്നത്. എന്നാല്‍ വിഷാദത്തിനോടുള്ള ലോകത്തിന്റെ കാഴ്ചപ്പാട് എന്നെ ഇത് തുറന്ന് പറയുന്നതില്‍ നിന്ന് ഇത്രകാലം അകറ്റി നിറുത്തുകയായിരുന്നു എന്നു പറഞ്ഞാണ് സൈറ പോസ്റ്റ് ആരംഭിക്കുന്നത്. 'ജീവിതത്തിലെ ഒരു ചെറിയ ഘട്ടത്തിലാണെങ്കില്‍പ്പോലും ആഗ്രഹിക്കാത്ത പല സാഹചര്യങ്ങളിലൂടെയാണ് ഞാന്‍ കടന്നുപോയത്. ഈ സമയങ്ങളില്‍ അഞ്ച് തരത്തിലുള്ള ആന്റി ഡിപ്രസന്റുകളാണ് ഒരോ ദിവസവും കഴിക്കേണ്ടിവന്നത്.  രാത്രികാലങ്ങളില്‍ ഉറക്കം കിട്ടാതെ തളര്‍ന്ന് ആശുപത്രിയിലേക്ക് പോകേണ്ട അവസ്ഥ വന്നിട്ടുണ്ട്. ഒരാഴ്ചയിലധികം ഉറക്കം കിട്ടാതെ വലഞ്ഞിട്ടുണ്ട്. ഒരിക്കലും വിശദീകരിക്കാനാകാത്ത തരത്തിലുള്ള  വേദനയും തളര്‍ച്ചയും മാനസികവിഷമവും ആത്മഹത്യ പ്രവണതയും എന്നെ തുടര്‍ച്ചയായി അലട്ടി.' താരം കുറിച്ചു. 

പന്ത്രണ്ടാം വയസിലാണ് ആദ്യമായി സൈറ വിഷാദത്തില്‍ ആകപ്പെടുന്നത്. പിന്നീട് പതിനാലാം വയസിലും സമാനമായ അവസ്ഥയുണ്ടായി. എന്നാല്‍ ഇത് വിഷാദമാണെന്ന് ആംഗീകരിക്കാന്‍ സൈറയ്ക്ക് സാധിക്കുന്നുണ്ടായിരുന്നില്ല. കാരണം ഇരുപത്തഞ്ചുവയസ്സിന് മുകളിലുള്ളവര്‍ക്കാണ് വിഷാദമുണ്ടാകുക എന്നായിരുന്നു അവള്‍ കേട്ടിരുന്നത്. എന്നാല്‍ പിന്നീട് പതുക്കേ തന്റെ പ്രശ്‌നങ്ങള്‍ക്ക് കാരണം വിഷാദമാണെന്ന് സൈറ തിരിച്ചറിയുകയായിരുന്നു. 

വിഷാദം ഒരു തോന്നലല്ല. ഒരു രോഗാവസ്ഥ തന്നെയാണ്. ഇത് മറ്റാരും നമുക്ക് നല്‍കുന്നതോ നമ്മള്‍ വരുത്തി വയ്ക്കുന്നതോ അല്ല. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വരാം. എന്നാണ് സൈറ പേസ്റ്റില്‍ പറയുന്നത്. താന്‍ വിഷാദരോഗിയാണെന്ന സത്യം തിരിച്ചറിഞ്ഞിട്ട് നാല് വര്‍ഷത്തിലേറെയായെന്നും രോഗത്തെ മനസിലാക്കുക എന്നതാണ് ആദ്യം ചെയ്യേണ്ടത് എന്നുമാണ് സൈറ പറയുന്നത്. മറ്റുള്ളവര്‍ നമ്മളെക്കുറിച്ച് എന്ത് ചെയ്യുമെന്ന് ചിന്തിക്കേണ്ട കാര്യമില്ലെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു. 

എല്ലാത്തില്‍ നിന്നും അവധി എടുത്ത് വിഷാദത്തെ മറികടക്കാനുള്ള തയാറെടുപ്പിലാണ് സൈറ ഇപ്പോള്‍. പൊതുജീവിതത്തില്‍നിന്നും ജോലിയില്‍നിന്നും സ്‌കൂളില്‍നിന്നും പ്രത്യേകിച്ച് സാമൂഹിക മാധ്യമങ്ങളില്‍ നിന്നും മാറി നില്‍ക്കുമെന്ന് പോസ്റ്റിലൂടെ താരം പറഞ്ഞു.

അമീര്‍ഖാന്റെ ധംഗലിലൂടെയാണ് സൈറ പ്രേക്ഷക ശ്രേദ്ധ നേടുന്നത്. അതിന് ശേഷം വന്ന സീക്രട്ട് സൂപ്പര്‍സ്റ്റാറിലും മികച്ച പ്രകടനമാണ് സൈറ കാഴ്ചവെച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com