

മധു സി. നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്‌സ് മികച്ച കൈയടി നേടി മുന്നേറുകയാണ്. ചിത്രത്തിലെ സജിയും ബോബിയും ബോണിയും ഷമ്മിയും ബേബിമോളുമെല്ലാം ആരാധകരുടെ മനസ് കവര്‍ന്നു കഴിഞ്ഞു. ചിത്രത്തിലെ പല രംഗങ്ങളും പ്രേക്ഷകര്‍ നെഞ്ചേറ്റിയത് കൈയടിയോടെയാണ്. അതിലൊന്നായിരുന്നു അവസാന ഭാഗത്തുള്ള ഷമ്മിയുടേയും ബോബി മോളുടേയും സംഭാഷണം. ഞാന്‍ ഒറ്റതന്തയ്ക്ക് പിറന്നതാണ് അല്ലാതെ അവന്മാരെ പോലെ പല തന്തയ്ക്കുണ്ടായതല്ല എന്ന് ഫഹദിന്റെ കഥാപാത്രം പറയുന്നുണ്ട്. അതിന് മറുപടിയായി ബേബി മോള്‍ പറയുന്നത്. പല തന്തയ്ക്ക് പിറക്കുക എന്നത് ടെക്‌നിക്കലി പോസിബിളല്ല എന്നാണ്. നിറഞ്ഞ കൈയടിയോടെയാണ് ബേബിമോളുടെ ഡയലോഗ് ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍ ഈ ഡയലോഗിനെ പൊളിച്ചെഴുതുകയാണ് ഫേയ്‌സ്ബുക്കിലെ ഒരു കുറിപ്പ്.
മനോജ് ബ്രൈറ്റ് എന്ന അക്കൗണ്ടില്‍ നിന്നാണ് വ്യത്യസ്തമായ പോസ്റ്റ് വന്നത്. പലതന്തയ്ക്ക് പിറക്കുക എന്നത് ടെക്‌നിക്കലി പോസിബിളാണ് എന്നാണ് കുറിപ്പില്‍ പറയുന്നത്. ഒരു ആണില്‍ നിന്ന് ഇരട്ട കുട്ടികള്‍ ഉണ്ടാകുന്നതു പോലെ, രണ്ട് ആണുങ്ങളുമായുള്ള ലൈംഗിക ബന്ധത്തിലൂടെ ഒരു പെണ്ണിന് ഇരട്ടക്കുട്ടികള്‍ ഉണ്ടാകാം എന്നാണ് കുറിപ്പില്‍ പറയുന്നത്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ് കുറിപ്പ്.
ഫേയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം
പല തന്തക്കു പിറക്കുക എന്നത് ടെക്‌നിക്കലി പോസിബിളാണ്
ശ്രദ്ധിക്കുക: ഇതൊരു സിനിമാ നിരൂപണ പോസ്റ്റല്ല.വിഷയം ജൈവശാസ്ത്രമാണ്. പൊളിറ്റിക്കല്‍ കറക്റ്റ് ബുദ്ധിജീവി നാട്യക്കാര്‍ ദയവായി ഒഴിഞ്ഞു നില്‍ക്കുക.
ആദ്യമായി Heteropaternal superfecundation പരിചയപ്പെടാം. പേര് സൂചിപ്പിക്കുന്നപോലെതന്നെ വ്യത്യസ്ത്ഥ പിതാക്കന്മാരില്‍ ഉണ്ടാകുന്ന കുട്ടികള്‍ എന്നര്‍ത്ഥം. ഒരു ആണിന്റെ രണ്ടു ബീജങ്ങള്‍ പെണ്ണിന്റെ രണ്ടു വ്യത്യസ്ത അണ്ഡങ്ങളുമായി സംയോജിച്ച് ഉണ്ടാകുന്ന ഇരട്ട സന്താനങ്ങളെ വിജാതീയ ഇരട്ടങ്ങള്‍ (fraternal twins) എന്നാണ് വിളിക്കുന്നത്. ഇതേപോലെ ഒരു പെണ്ണിന്റെ രണ്ടു വ്യത്യസ്ത അണ്ഡങ്ങളുമായി രണ്ടു വ്യത്യസ്ത ആണുങ്ങളുടെ ബീജങ്ങളുമായി സംയോജിക്കാന്‍ ഇടവന്നാലും രണ്ട് സന്തതികളുണ്ടാകാം . ഒറ്റനോട്ടത്തില്‍ വിജാതീയ ഇരട്ടകള്‍ എന്ന് തോന്നാമെങ്കിലും ഇവര്‍ ശരിക്കും അര്‍ദ്ധ സഹോദരങ്ങളായിരിക്കും. (വിജാതീയ ഇരട്ടകളില്‍ രണ്ടുപേരുടെയും അച്ഛന്‍ ഒരാളാണെങ്കില്‍ ഇവിടെ രണ്ടു പേരുടെയും അച്ഛന്മാര്‍ രണ്ടുപേരായിരിക്കും.) അടുത്തടുത്ത സമയങ്ങളില്‍ രണ്ട് ആണുങ്ങളുമായി ബന്ധം പുലര്‍ത്തിയാലോ, കൃത്രിമ മാര്‍ഗ്ഗങ്ങളിലൂടെയോ ഇത്തരത്തില്‍ ഗര്‍ഭിണിയാകാം.
ഇനി കൈമേര (Chimera) എന്ന പ്രതിഭാസം നോക്കാം. ബീജസങ്കലനത്തിനു ശേഷം ഭ്രൂണം രണ്ടായി വിഭജിച്ച് ഓരോന്നും ഓരോ സന്താനങ്ങളായി മാറുന്നതിനെയാണ് സജാതീയ ഇരട്ടകള്‍ (identical twins) എന്ന് പറയുന്നത്. ഇതിന്റെ വിപരീതവും സംഭവിക്കാം.സാധാരണ ഗതിയില്‍ വിജാതീയ ഇരട്ടങ്ങള്‍ (fraternal twins) ആകുമായിരുന്ന രണ്ടു ഭ്രൂണങ്ങള്‍ കൂടിച്ചേര്‍ന്ന് ഒരൊറ്റ സന്താനമായി മാറാം. ഇത്തരം സന്താനങ്ങളെയാണ് കൈമേര (Chimera) എന്ന് വിളിക്കുന്നത്.
ഇനി ഈ രണ്ടു പ്രതിഭാസങ്ങളും ഒരേ സമയത്ത് സംഭവിച്ചാല്‍ രണ്ട് അച്ഛന്മാരുള്ള സന്താനം സാധ്യമാണ്. A Chimera from Heteropaternal superfecundation അതായത് പല തന്തക്കു പിറക്കുക എന്നത് ടെക്‌നിക്കലി പോസിബിളായ കാര്യമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates