പാവം ആന്റോ ജോസഫ് രക്ഷപ്പെട്ടു, ബാക്കിയുള്ളവർക്ക് പണികിട്ടും; പരിഹാസവുമായി ആഷിഖ് അബു
ടൊവിനോ തോമസ് ചിത്രം ‘കിലോമീറ്റേർസ് ആൻഡ് കിലോമീറ്റേർസിന്’ ഓൺലൈൻ റിലീസ് ചെയ്യാൻ അനുവാദം നൽകിയതിന് പിന്നാലെ തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്കിനെ വിമർശിച്ച് സംവിധായകൻ ആഷിഖ് അബു. ‘കിലോമീറ്റേർസ് ആൻഡ് കിലോമീറ്റേർസിന് ഒടിടി റിലീസിന് അനുവാദം നൽകുകയും മറ്റ് സിനിമകൾക്ക് അനുമതിയില്ലെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്യുന്നതാണ് ഫിയോക്കിന്റെ നിലപാട്. ഇതിനെ പരിഹസിച്ചുകൊണ്ടാണ് അഷിഖ് അബുവിന്റെ കുറിപ്പ്.
ലോകം മുഴുവൻ മഹാ വ്യാധിക്കെതിരെ പൊരുതുമ്പോൾ സംസ്ഥാനത്തെ ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്വ എന്നു പറഞ്ഞുകൊണ്ടാണ് ഫിയോക്കിന്റെ വാർത്താക്കുറിപ്പ് പങ്കുവെച്ച് ആഷിഖ് കുറിച്ചത്. 'ലോകം മുഴുവനുള്ള മനുഷ്യർ ഒരു മഹാവ്യാധിയെ അതിജീവിക്കാൻ പൊരുതുമ്പോൾ കേരളത്തിൽ ഒരു മുതലാളി സംഘടന പുറപ്പെടുവിച്ച ഫത്വ ! പാവം ആന്റോ ജോസഫിന് ഇളവനുവദിച്ചിട്ടുണ്ട്. അദ്ദേഹം രക്ഷപെട്ടു. ബാക്കിയുള്ളവർക്ക് പണികിട്ടും. സിനിമ തിയറ്റർ കാണില്ല. ജാഗ്രതൈ !'- ആഷിഖ് കുറിച്ചു.
അദ്ദേഹത്തെ കൂടാതെ നിർമാതാവ് ആഷിഖ് ഉസ്മാനും പ്രതികരണവുമായി എത്തി. ഈ കൊറോണ കാലത്ത് ഞങ്ങളെ ചിരിപ്പിച്ചതിന് നന്ദി എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ആന്റോ ജോസഫ് നിർമിക്കുന്ന ‘കിലോമീറ്റേർസ് ആൻഡ് കിലോമീറ്റേർസ്’ പൈറസി ഭീഷണിയിലാണ്. നേരത്തെ സിനിമയുടെ ചില ഭാഗങ്ങൾ ഓണ്‍ലൈന്‍ സൈറ്റിലൂടെ ലീക്കായി പുറത്തുവന്നിരുന്നു. പൈറസി ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് തിയറ്റർ സംഘടന ഡിജിറ്റൽ റിലീസിന് അനുവാദം നൽകിയത്. ഇനിയും ചിത്രത്തിന്റെ റിലീസ് വൈകിയാൽ നിർമാതാക്കൾക്ക് വലിയ നഷ്ടം ഉണ്ടാകുമെന്ന് ഫിയോക്ക് വിലയിരുത്തി. അതേ സമയം മറ്റ് ചിത്രങ്ങൾ ഒടിടി. പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്താൽ, അതിന്റെ നിർമാതാക്കളുമായി ഭാവിയിൽ സഹകരിക്കേണ്ടതില്ല എന്നാണ് തിയറ്റർ ഉടമകളുടെ തീരുമാനം.
ഓൺലൈൻ റിലീസിന്റെ പേരിൽ ആദ്യമായിട്ടല്ല നിർമാതാക്കളും തീയെറ്റർ ഉടമകളും തമ്മിൽ കൊമ്പുകോർക്കുന്നത്. വിജയ് ബാബു നിർമിച്ച സൂഫിയും സുജാതയും ഓൺലൈൻ റിലീസ് ചെയ്തത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. എന്നാൽ ലിജോ ജോസ് പെല്ലിശ്ശേരി, ആഷിഖ് അബു ഉൾപ്പടെയുള്ള സംവിധായകവർ ഇതിനെതിരെ രംഗത്തെത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
