'പാർവ്വതി ഒരു വിപ്ലവത്തിന് നേതൃത്വം നൽകുകയാണ്, ചങ്കുറപ്പും മനുഷ്യത്വവും ഉള്ള പെണ്ണ്'; കുറിപ്പ് 

'ശബ്ദിക്കാൻ മടിച്ച പല സിനിമാതാരങ്ങളും തന്ത്രപരമായ മൗനം പാലിച്ചപ്പോൾ പാർവ്വതി അവർക്ക് മാതൃക കാണിച്ചു'
'പാർവ്വതി ഒരു വിപ്ലവത്തിന് നേതൃത്വം നൽകുകയാണ്, ചങ്കുറപ്പും മനുഷ്യത്വവും ഉള്ള പെണ്ണ്'; കുറിപ്പ് 
Updated on
2 min read

നാടിന്റെ പേരിൽ ഉയർന്നുവന്ന ആരോപണങ്ങളെ ശക്തമായി എതിർത്ത നടി പാർവതി തിരുവോത്തിനെ പ്രശംസിച്ച് സോഷ്യൽ മീഡിയ. ഒരു ആനയുടെ ദൗർഭാഗ്യകരമായ മരണത്തിന്റെ പേരിൽ മലപ്പുറം ജില്ലയെ പ്രതിക്കൂട്ടിൽ നിർത്തുന്ന വിദ്വേഷപ്രചരണങ്ങൾ ലജ്ജാവഹമാണെന്ന് തുറന്നടിച്ച നടിയുടെ ചങ്കൂറ്റത്തെ പുകഴ്ത്തുകയാണ് ഇവിടെ. ശബ്ദിക്കാൻ മടിച്ച പല സിനിമാതാരങ്ങളും തന്ത്രപരമായ മൗനം പാലിച്ചപ്പോൾ പാർവ്വതി അവർക്ക് മാതൃക കാണിച്ചു എന്നാണ് എഴുത്തുകാരൻ സന്ദീപ് ദാസ് പറയുന്നത്. 

സന്ദീപ് ദാസിന്റെ കുറിപ്പ് വായിക്കാം:

നാടിനെ പിടിച്ചുകുലുക്കുന്ന സംഭവങ്ങളുണ്ടാവുമ്പോൾ എല്ലാവരും സിനിമ ഇൻഡസ്ട്രിയിലേക്ക് ഉറ്റുനോക്കാറുണ്ട്. ആ മേഖലയിലെ സെലിബ്രിറ്റികളുടെ പ്രതികരണങ്ങൾക്കുവേണ്ടി കാതോർക്കാറുണ്ട്. പക്ഷേ ഭൂരിപക്ഷം അവസരങ്ങളിലും നിരാശയായിരിക്കും ഫലം. സേഫ് സോണിന് പുറത്തുള്ള കളികളോട് സിനിമാതാരങ്ങൾക്ക് താത്പര്യമില്ല. അതിനാൽ പാർവ്വതി തിരുവോത്ത് എന്ന നടി ഒരു അപൂർവ്വപ്രതിഭാസമാണ്.

ഒരു ആനയുടെ ദൗർഭാഗ്യകരമായ മരണത്തിന്റെ പേരിൽ മലപ്പുറം ജില്ലയെ പ്രതിക്കൂട്ടിൽ നിർത്തുന്ന വൃത്തികേടിനെതിരെ പാർവ്വതി പ്രതികരിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. അവർ പ്രതീക്ഷ തെറ്റിച്ചില്ല. ഈ വിദ്വേഷപ്രചരണങ്ങൾ ലജ്ജാവഹമാണെന്ന് പാർവ്വതി തുറന്നടിച്ചു.

പാലക്കാട് ജില്ലയിൽ നടന്ന ദുരന്തം മലപ്പുറത്തിന്റെ അക്കൗണ്ടിൽ എഴുതിച്ചേർത്തതിനുപിന്നിൽ വളരെ നീചമായ ആസൂത്രണമുണ്ട്. ഗണപതിഭഗവാന്റെ പ്രതീകമായ ആന മുസ്ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറത്ത് വെച്ച് കൊലചെയ്യപ്പെട്ടു എന്ന വ്യാഖ്യാനമാണ് കേരളത്തിനുപുറത്ത് ഒാടിക്കൊണ്ടിരിക്കുന്നത്. അത് പറഞ്ഞുപരത്തിയത് ദേശീയതലത്തിൽ പ്രശസ്തിയുള്ള വ്യക്തികളാണ്.

മറ്റു ഇന്ത്യൻ സെലിബ്രിറ്റികളും സാധാരണക്കാരും ആ പച്ചക്കള്ളം ഏറ്റെടുത്തപ്പോൾ ഉത്തരേന്ത്യക്കാരുടെ മനസ്സിൽ മലപ്പുറത്തിന് ഡ്രാക്കുളയുടെ മുഖമായി. മലപ്പുറത്ത് ക്ഷേത്രങ്ങൾ നിർമ്മിക്കാനുള്ള അനുമതിയില്ല എന്ന് വരെ അവർ വിശ്വസിക്കുന്നുണ്ട്! കേരളത്തിന്റെയും മലപ്പുറത്തിന്റെയും ഇമേജിന് ഭീകരമായ ക്ഷതമേറ്റു എന്ന് ചുരുക്കം.

കേരളത്തിലെ സിനിമാതാരങ്ങൾക്ക് ഈ വിഷയത്തിൽ ഒരുപാട് ചെയ്യാനുണ്ട്. അവരുടെ വാക്കുകൾക്ക് വലിയ റീച്ച് കിട്ടും. ഫാസിസത്തിനെതിരെ പട നയിക്കുകയൊന്നും വേണ്ട. മലപ്പുറത്ത് വെച്ച് ആന ചെരിഞ്ഞു എന്നത് കള്ളമാണെന്ന് മാത്രം പറഞ്ഞാൽ മതി.

പക്ഷേ അവരിൽ പലരും ശബ്ദിക്കാൻ മടിച്ചു. തന്ത്രപരമായ മൗനം പാലിച്ചു. എന്നാൽ പാർവ്വതി അവർക്ക് മാതൃക കാണിച്ചു. വഴികാട്ടിക്കൊണ്ട് മുമ്പേ നടന്നു. പാർവ്വതിയ്ക്കുപിന്നാലെ മറ്റു നടീനടൻമാരും പ്രതികരിച്ചുതുടങ്ങി.

കാലം കാത്തുവെച്ച കാവ്യനീതിയാണിത്. മലയാള സിനിമയ്ക്ക് ഒരുപാട് സ്ത്രീകളെ അടിച്ചമർത്തിയ ചരിത്രമുണ്ട്. ആ പരിഹാസ്യമായ സമ്പ്രദായം ഇന്നും വേരറ്റുപോയിട്ടില്ല. അങ്ങനെയുള്ള ഒരു വ്യവസായത്തിന്റെ പതാക വഹിക്കാനുള്ള യോഗവും പാർവ്വതി എന്ന സ്ത്രീയ്ക്കുതന്നെ!

രജനീകാന്തും അമിതാബ് ബച്ചനുമൊക്കെ ഭരണകൂടത്തിന് പാദസേവ ചെയ്ത് ജീവിക്കുമ്പോൾ പാർവ്വതി ഒരു വിപ്ലവത്തിന് നേതൃത്വം നൽകുകയാണ്. പൗരത്വ ബില്ലിനെ എതിർക്കാനുള്ള കരളുറപ്പ് അവർക്കുണ്ടായിരുന്നു. അന്ന് നമുക്കുവേണ്ടി പാർവ്വതി തെരുവിലിറങ്ങുകയും ചെയ്തു.

പാർവ്വതിയ്ക്ക് ധാരാളം വിരോധികളുണ്ട്. വിശാലമായി ചിന്തിക്കുകയും ശക്തമായി പ്രതികരിക്കുകയും ചെയ്യുന്ന പെണ്ണിനെ മലയാളിയ്ക്ക് ഇന്നും ഭയമാണ്.

'ആനീസ് കിച്ചൺ' എന്ന പരിപാടിയിലൂടെ പുറത്തേക്ക് വമിക്കുന്ന സ്ത്രീവിരുദ്ധതയും പുരുഷാധിപത്യവും ഒരുപാട് ചർച്ചകൾക്ക് വഴിവെച്ചിരുന്നു. പക്ഷേ വിധേയത്വം മുഖമുദ്രയാക്കിയ ആനിമാരോടാണ് നമ്മുടെ സമൂഹത്തിന് ഇന്നും താത്പര്യം. പാർവ്വതിമാരുടെ മൂല്യം പൂർണ്ണമായും തിരിച്ചറിയാൻ നമുക്ക് കുറേ പതിറ്റാണ്ടുകൾ കൂടി വേണ്ടിവന്നേക്കാം.

ബോളിവുഡ് മുഴുവൻ കേരളത്തിനെതിരെയുള്ള പ്രചരണങ്ങളിൽ പങ്കുചേർന്നുകൊള്ളട്ടെ. നമുക്കൊരു പാർവ്വതി മാത്രം മതി ചെറുത്തുനിൽക്കാൻ.

ഐ.എഫ്.എഫ്.ഐ പോലുള്ള വലിയ വേദികളിൽ അംഗീകരിക്കപ്പെട്ട പാർവ്വതി.
ദേശീയ അവാർഡ് പരാമർശം ലഭിച്ച പാർവ്വതി.
ഇന്ത്യ കണ്ട ഏറ്റവും മികച്ച നടൻമാരിൽ ഒരാളായ ഇർഫാൻ ഖാനോടൊപ്പം അഭിനയിച്ചിട്ടുള്ള പാർവ്വതി!

വെറും പെണ്ണ് എന്ന് പരിഹസിച്ച് ശീലിച്ചവർ ഇന്നും തിരുത്തിപ്പറയുകയാണ്...

ചങ്കുറപ്പും മനുഷ്യത്വവും ആത്മവിശ്വാസവും ഉള്ള പെണ്ണ്...
ചാട്ടുളി പോലെ വാക്കുകൾ പായിക്കുന്ന പെണ്ണ്...
സമൂഹത്തിലെ ജീർണ്ണതകൾക്ക് ചാട്ടവാറടി നൽകുന്ന പെണ്ണ്....!
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com