സംവിധായകൻ അനുരാഗ് കശ്യപിനെ അനുകൂലിച്ചതിന് പിന്നാലെ നേരിടേണ്ടിവന്ന വിദ്വേഷാക്രമണത്തിന് മറുപടിയുമായി അന്തരിച്ച നടൻ ഇർഫാൻ ഖാന്റെ മകൻ ബബിൽ ഖാൻ. പിതാവ് നിന്നെയോർത്ത് ലജ്ജിക്കുമെന്നാണ് ചിലർ ബബിൽ ഖാന് നേരെ പ്രതികരിച്ചത്. എന്നാൽ ഇത്തരം നിഗമനങ്ങളിലേക്കെത്തുന്നവരോട് വായടയ്ക്ക് എന്നാണ് പറയാനുള്ളതെന്ന് ബബിൽ ഖാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
"ബാബയും ഞാനും എറ്റവും നല്ല സുഹൃത്തുക്കളായിരുന്നു. അദ്ദേഹം എന്തായിരുന്നു ചെയ്യുകയെന്ന് എന്നെ പഠിപ്പിക്കാൻ വരേണ്ട. അദ്ദേഹത്തിന്റെ ഉത്തമവിശ്വാസങ്ങൾ എന്താണെന്ന് അറിയാതെ ആവേശപൂർവം ആൾക്കൂട്ടത്തിലേക്ക് എടുത്തുചാടരുത്. നിങ്ങൾ ഇർഫാൻ ആരാധകനാണെങ്കിൽ അദ്ദേഹത്തിന് തർക്കോവ്‌സ്‌കിയോടും ബർഗ്മാനോടുമുള്ള തീവ്ര ആരാധനയെക്കുറിച്ച് നമുക്ക് സംസാരിക്കാം. അദ്ദേഹം നിങ്ങളേക്കാൾ മുകളിലാണ്", എന്നായിരുന്നു ബബിലിന്റെ മറുപടി.
അതീവമോശമായ രീതിയിൽ പുരുഷാധിപത്യമുള്ള ഇൻഡസ്ട്രിയിൽ തുല്യതയ്ക്കായി നിലകൊണ്ട ഒരാൾക്കെതിരെ മീടൂ പോലൊരു പ്രസ്ഥാനത്തെ ദുരുപയോഗിക്കുന്നത് ലജ്ജാകരമാണെന്നാണ് അനുരാഗിനെ പിന്തുണച്ചുകൊണ്ട് ബബിൽ പറഞ്ഞത്. നടി പറയുന്നതാണ് ശരിയെങ്കിൽ എന്ന ചോദ്യം പലരും എന്നോട് ഉന്നയിക്കുന്നു. എന്നാൽ എന്റെ വിലയിരുത്തലിനെ ഞാൻ വിശ്വസിക്കുകയാണ്. മറിച്ചാണെങ്കിൽ പറഞ്ഞതിന്റെ ഉത്തരവാദിത്വം ഞാൻ എറ്റെടുക്കുക തന്നെ ചെയ്യുമെന്നും ബബിൽ രേഖപ്പെടുത്തിയിരുന്നു. അനുരാഗ് കശ്യപ് തന്നെ ലൈംഗികമായി ദുരുപയോഗിച്ചെന്നായിരുന്നു നടി പായൽ ഘോഷിന്റെ ആരോപണത്തിന് പിന്നാലെയായിരുന്നു ഈ അഭിപ്രായപ്രകടനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates