നടന് ബിനീഷ് ബാസ്റ്റിനെതിരേ രൂക്ഷ വിമര്‍ശനവുമായി നവാഗത സംവിധായകന്‍ ഷാരിഫ് അയിരൂര്‍. ചിത്രത്തില്‍ നിന്ന് ബിനീഷിനെ ഒഴിവാക്കിയതിന് തന്റെ ലേഡി അസോസിയേറ്റ് ഡയറക്ടറെ വിളിച്ച് തന്നെയും ചിത്രത്തില്‍ അഭിനയിച്ച നടിമാരെ തെറിവിളിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തു എന്നാണ് അദ്ദേഹം പറയുന്നത്.തുടക്കക്കാരനായ തന്നെ തളര്‍ത്തുകയാണ് അദ്ദേഹം ചെയ്തത്. ബിനീഷിനു വേണ്ടി ഒരു കഥാപാത്രത്തെ തന്റെ ചിത്രത്തില്‍ മാറ്റിവെച്ചിരുന്നു. എന്നാല്‍ പ്രതിഫലകാര്യത്തില്‍ ഒത്തുപോകാന്‍ സാധിച്ചില്ലെന്നും അതിനാലാണ് അദ്ദേഹത്തെ മാറ്റിയത് എന്നുമാണ് ഷാനിഫ് പറയുന്നത്. താന്‍ മനുഷ്യനാണെന്നും സാധാരണക്കാരനാണ് എന്നുമെല്ലാമാണ് ബിനീ്ഷ് പറയുന്നത് എന്നാല്‍ തനിക്ക് അദ്ദേഹത്തില്‍ നിന്ന് മനുഷ്വത്വം ലഭിച്ചില്ല എന്നും ഷാനിഫ് കൂട്ടിച്ചേര്‍ത്തു.
'ബിനീഷ് ബാസ്റ്റിന്റെ ജീവിതം, സിനിമകള്‍, അദ്ദേഹത്തിന്റെ ശരീരഭാഷ ഇതൊക്കെ കണ്ടാണ് ജാഫര്‍ ഖാന്‍ എന്ന കഥാപാത്രത്തെ എഴുതുന്നത്. ആ കഥാപാത്രമായി ബിനീഷ് വരണം എന്ന് തനിക്ക് നിര്‍ബന്ധമായിരുന്നു. തുടര്‍ന്ന് പലതവണ അദ്ദേഹത്തെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഒടുവില്‍ പലരുടേയും സഹായത്തിലാണ് അദ്ദേഹവുമായി ബന്ധപ്പെടുന്നത്. കൊച്ചിയില്‍ വന്നാല്‍ നേരിട്ടു കാണാമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ മൂന്ന് തവണ ചുറ്റിച്ച് ശേഷമാണ് നേരില്‍ കാണാന്‍ പറ്റുന്നത്. കഥ പറഞ്ഞു, ഇഷ്ടപ്പെട്ടു. പ്രതിഫലം സംസാരിക്കാന്‍ തുടങ്ങി. ഞങ്ങളുടേത് ചെറിയ സിനിമയാണെന്ന് ആദ്യമേ പറഞ്ഞിരുന്നു. ഒരു ദിവസം 25000 രൂപ വേണമെന്ന് ബിനീഷ് പറഞ്ഞു. ഞങ്ങളെ സംബന്ധിച്ചടത്തോളം അത് വലിയ സംഖ്യ ആയിരുന്നു. പക്ഷേ ആ കഥാപാത്രം ബിനീഷ് ചെയ്യണമെന്നത് എന്റെ ആഗ്രഹമായിരുന്നു. അങ്ങനെ ഒരു ദിവസം 20000 രൂപ നല്‍കാമെന്ന ഉറപ്പില്‍ അദ്ദേഹം സമ്മതിച്ചു.
എന്നാല്‍ സിനിമ തുടങ്ങാന്‍ സിനിമ തുടങ്ങുന്ന ദിവസം ബിനീഷ് എന്നെ വിളിച്ചു. 'സര്‍, 20000 നു പുറമെ ഷൂട്ട് തുടങ്ങുന്ന ദിവസം ചാലക്കുടിയില്‍ രാവിലെ കാറില്‍ വന്ന് വിളിക്കണം. അതുപോലെ തിരികെ വിടണമെന്നും ബിനീഷ് പറഞ്ഞു. മൂന്ന് ദിവസത്തെ ഷൂട്ട് ആണ്. ആദ്യമേ തന്നെ ഇതൊരു ലോ ബജറ്റ് സിനിമയാണെന്ന് പറഞ്ഞിരുന്നു. നിങ്ങള്‍ ഈ സിനിമയില്‍ വേണമെന്നത് ഞങ്ങളുടെ നിര്‍ബന്ധമായിരുന്നു. അതുകൊണ്ടാണ് 20000 രൂപയ്ക്ക് പോലും സമ്മതിച്ചതെന്ന് ഞാന്‍ ബിനീഷിനോട് പറഞ്ഞു. എന്നാല്‍ കാറില്‍ വന്ന് കൊണ്ടുപോയാലേ സിനിമ െചയ്യൂ എന്ന് ബിനീഷ് നിര്‍ബന്ധം പിടിച്ചു. അങ്ങനെയെങ്കില്‍ ഞാന്‍ പിന്നെ വിളിക്കാമെന്ന് ബിനീഷിനോട് പറഞ്ഞു. അയാളുടെ വാക്കുകള്‍ എന്നെ ഒരുപാട് വേദനിപ്പിച്ചു. കാരണം തുടക്കക്കാരനായ സംവിധായകനോട് ആണ് അയാള്‍ അങ്ങനെ പറഞ്ഞത്. ആദ്യ സിനിമയായതുകൊണ്ടുള്ള ഒരുപാട് സമ്മര്‍ദം ഉണ്ട്. എന്റെ മനസ്സില്‍ അത് വല്ലാതെ വേദനയുണ്ടാക്കി.
അവസാനം ബജറ്റില്‍ ഒതുങ്ങാത്ത കാരണം നടനെ മാറ്റി. പരീക്കുട്ടി എന്ന നടനാണ് ഈ കഥാപാത്രത്തെ ഇപ്പോള്‍ അവതരിപ്പിക്കുന്നത്. ഈ പടം ഷൂട്ട് തുടങ്ങിയതിനു ശേഷം ബിനീഷ് എന്നെ വിളിച്ചു. പടം തുടങ്ങാന്‍ താമസിച്ചതിന്റെ ടെന്‍ഷന്‍ ഉണ്ടായിരുന്നതു കൊണ്ട് ബിനീഷ് വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാന്‍ സാധിച്ചില്ല. അതിന്റെ ദേഷ്യത്തില്‍ ഞങ്ങളുടെ ലേഡി അസ്സോസിയേറ്റിനെ വിളിച്ച് മോശമായ പല വാക്കുകളും അയാള്‍ വിളിച്ചു. എന്നെക്കുറിച്ചും മോശം പറഞ്ഞു. സംവിധായകനെ പച്ചയ്ക്ക് തെറിവിളിക്കുന്നതാണോ സംസ്‌കാരം. പുതുമുഖ നായികയെവച്ച് സിനിമ എടുക്കുന്നത് മറ്റേ പണിക്കാണോ എന്നുവരെ അയാള്‍ ചോദിച്ചു. തുടക്കക്കാരനായ എന്നെ ഇത്രയും മാനസികമായി തളര്‍ത്തിയ ബിനീഷിനോട് ഞാന്‍ ചോദിക്കുന്നു, ഇതാണോ മനുഷ്യത്വം. നിങ്ങള്‍ തന്നെ പറഞ്ഞല്ലോ, എന്നെ വളരാന്‍ ആരും സമ്മതിക്കുന്നില്ല, ഞാന്‍ നല്ലൊരു മനുഷ്യനാണ്, മനുഷ്യത്വം ഉണ്ടെന്ന്. അങ്ങനെ പറഞ്ഞ വ്യക്തിയാണ് ഇതുപോലെ പെരുമാറിയത്.
കല്‍പണി എടുത്തും ടൈലിന്റെ പണിയെടുത്തും ജീവിച്ചുവന്ന കലാകാരനാണ് നിങ്ങളെന്ന് പറയുന്നു. ഇവിടെയുള്ള അന്‍പത് ശതമാനം ആളുകളും ഇതുപോലെ വളര്‍ന്നുവന്നവരാണ്. ഞാന്‍ പോലും കല്‍പണിയും കൂലിപ്പണിയും എടുത്തിട്ടുണ്ട്. ബിനീഷ് ബാസ്റ്റിനേക്കാള്‍ വലിയ താരങ്ങള്‍ ഈ സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞു. ഇവരൊക്കെ വാങ്ങിയ പ്രതിഫലവും സഹകരിച്ച രീതിയുമൊക്കെ നമുക്ക് നന്നായി അറിയാം.' ഫേയ്‌സ്ബുക്ക് ലൈവിലൂടെ ആരിഫ് പറഞ്ഞു. ഇനിയും ബിനീഷിനെ പുതുമുഖ സംവിധായകര്‍ വിളിക്കുമെന്നും അവരോട് മനുഷ്യത്വത്തോടെ പെരുമാറാന്‍ പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates