'പൊറിഞ്ചു മറിയം ജോസ്' എന്ന ജോഷി പടത്തിനു പിന്നിലെ ചതി; ആരോപണം, കുറിപ്പ്

'പൊറിഞ്ചു മറിയം ജോസ്' എന്ന ജോഷി പടത്തിനു പിന്നിലെ ചതി; ആരോപണം, കുറിപ്പ്
'പൊറിഞ്ചു മറിയം ജോസ്' എന്ന ജോഷി പടത്തിനു പിന്നിലെ ചതി; ആരോപണം, കുറിപ്പ്
Updated on
3 min read

ജോഷി സംവിധാനം ചെയ്ത പൊറിഞ്ചു മറിയം ജോസ് എന്ന ചലച്ചിത്രത്തിനെതിരെ ആരോപണവുമായി എഴുത്തുകാരി ലിസി. വിലാപ്പുറങ്ങള്‍ എന്ന തന്റെ നോവലിനെ അവലംബിച്ച് തന്നെക്കൊണ്ടുതന്നെ തിരക്കഥയെഴുതിച്ച് ഒരു പ്രതിഫലവും തരാതെയാണ് ചിത്രം പുറത്തിറക്കുന്നതെന്ന് ലിസി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു. ഇതു സംബന്ധിച്ച കേസ് കോടതിയുടെ പരിഗണയില്‍ ഇരിക്കെയാണ് ചിത്രം പുറത്തിറക്കുന്നതെന്നും ലിസി കുറിപ്പില്‍ പറഞ്ഞു.


ചതിയുടെ ആള്‍രൂപങ്ങള്‍ ..

ഏറെ വേദനയോടെയാണ് ഈ കുറിപ്പെഴുതുന്നത്. വിലാപ്പുറങ്ങള്‍ എന്ന എന്റെ നോവല്‍ വായിച്ചവര്‍ അതിലെ പനങ്കേറിമറിയത്തെയും കാട്ടാളന്‍പൊറിഞ്ചുവിനെയും പാണ്ടിജോസിനെയും ദയാലുവിനെയൊന്നും മറന്നിട്ടുണ്ടാകില്ല.

ഞാന്‍ ജനിക്കുന്നതിനു മുമ്പുള്ള വിമോചനസമരകാലഘട്ടവും അതിന്റെ രാഷ്ട്രീയ പശ്ചാത്തലവും ഒരു ഗവേഷണകൗതുകത്തോടെ ഏറെ കാലം തിരഞ്ഞുനടന്ന് തൃശൂരിന്റെ പുരാവൃത്തങ്ങളില്‍ നിന്നു ഈ നോവലെഴുതാനിരിക്കുമ്പോള്‍ ആ കാലഘട്ടത്തേയും രൂപകങ്ങളയും ആളുകളേയും അടയാളപ്പെടുത്തണമെന്നും എന്നാല്‍ ഫിക്ഷന്റെ എല്ലാ ചാരുതയും ചൈതന്യവും ജൈവികതയും എന്റെ കഥാപാത്രങ്ങള്‍ക്കും കഥാസന്ദര്‍ഭണ്ങ്ങള്‍ക്കും ഉണ്ടാവണമെന്ന നിര്‍ബ്ബന്ധത്താല്‍ ഒരു പാട് കാലം ഉള്ളില്‍ കൊണ്ടു നടന്നു പാകപ്പെട്ടതിന് ശേഷമുള്ള കുത്തൊഴുക്കിലാണ് 'വിലാപ്പുറങ്ങള്‍ എന്ന നോവല്‍ പിറവിയെടുക്കുന്നത്.

ഈ നോവലിലെ ഓരോ കഥാപാത്രസൃഷ്ടിക്കു പിറകിലും സര്‍ഗ്ഗപിറവിയുടെ നോവും രൂപപ്പെടലിന്റെ കാത്തിരിപ്പുമേറെ അനുഭവിച്ചിട്ടുണ്ട്.

അതൊന്നും വെറുതെയായില്ലെന്ന് എന്റെ വായനക്കാരുടെ പ്രതികരണങ്ങളില്‍ നിന്നും എം.ടി , സക്കറിയ ,സാറാ ജോസഫ് ,ആനന്ദ് ,അഷ്ടമൂര്‍ത്തി, എം.എം ബഷീര്‍, എം. കെ. സാനു ,ബാലചന്ദ്രന്‍വടക്കേടത്ത് തുടങ്ങിയ പ്രഗല്‍ഭരുടെ വാക്കുകളില്‍ നിന്നും സാക്ഷ്യപ്പെട്ടതുമാണ്.

ഇതെല്ലാം ഇത്രയും വിസ്തതിച്ചെഴുതിയത് 'പൊറിഞ്ചു മറിയം ജോസ്' എന്ന ജോഷി പടത്തിനു പിന്നിലെ ചതി നിങ്ങളെ അറിയിക്കാനാണ് ..എന്റെ നോവലിലെ കഥാപാത്രങ്ങളുടെ കോപ്പി റെയ്റ്റ് എങ്ങിനെ മറ്റൊരാള്‍ക്കായി പോകുന്നുവെന്ന ഉല്‍ക്കണ്ഠയും രോഷവും ഖേദവും നിങ്ങളുമായി പങ്കുവെക്കാനാണ്..

ഒരു പ്രതിഫലവും തരാതെ എഴുത്തുകാരിയെ കൊണ്ടു തന്നെ തിരക്കഥ പലരിതിയിലുമെഴുതിച്ച് അവര്‍ക്കാവശമുള്ളതെടുത്ത് സിനിമ നിര്‍മ്മിക്കുന്ന പകല്‍കൊള്ളയുടെയും ചതിയുടേയും പേരാണോ , 'പൊറിഞ്ചു മറിയം ജോസ്' ?

2017 ലാണ് ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷനു വേണ്ടി ഡേവിഡ് കാച്ചപ്പിള്ളിയും സംവിധായകന്‍ ടോം ഇമ്മട്ടിയും ഡാനി പ്രൊസ്‌കഷന്റെ ജോണി വട്ടക്കുഴിയും വിലാപ്പുറങ്ങളിലെ കാട്ടാളന്‍ പൊറിഞ്ചുവിനെ മുഖ്യകഥാപാത്രമാക്കി ഒരു സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നു എന്നും അതിനും തിരക്കഥ എഴുതാമോ എന്നവാശ്യപ്പെട്ട് എന്നെ സമീപിക്കുന്നത്.

വെള്ളിത്തിരയില്‍ സ്വന്തം കഥാപ്രാത്രങ്ങളെ കാണുന്നതിലുള്ള ഉദ്വേഗത്തേക്കാള്‍ , സിനിമ
ഒരഭിനിവേശമായി എന്നും ഉള്ളിലുള്ളതുകൊണ്ട് തിരക്കഥ എഴുതാമെന്നു സമ്മതിക്കുകയും ജോലിയുടെ വലിയ ഉത്തരവാദിത്വത്തിനിടയിലും പല രീതിയില്‍ കഥാന്ത്യങ്ങള്‍ മാറ്റിയെഴുതിയും ചര്‍ച്ചയുമായി ഒരു വര്‍ഷത്തോളമെടുത്ത് തിരക്കഥ ഏതാണ്ട് പൂര്‍ത്തിയാവുകയും സിനിമ'കാട്ടാളന്‍ പൊറിഞ്ചു' എന്ന പേരില്‍ ഫിലിം ചേബറില്‍ 2018 ജനുവരിയില്‍ ഡാനി പ്രൊഡക്ഷന്‍ രജിസ്റ്റര്‍ ചെയ്യുകയും ,കാട്ടാളന്‍ പൊറിഞ്ചുവായി മമ്മുട്ടി എന്ന അനൗണ്‍സ്‌മെന്റ് വെള്ളിനക്ഷത്രത്തിലും സോഷ്യല്‍ മീഡിയയിലും വന്നതുമാണ്.
എന്നാല്‍ കരാറെഴുതുനതിനു മുമ്പുള്ള തര്‍ക്കത്തില്‍ ഡാനി പ്രൊഡക്ഷ9, ഡേവിഡ്കാച്ചപ്പിള്ളി പ്രൊഡക്ഷനുമായി സഹകരിക്കാന്‍ തയ്യാറല്ലെന്നറിയിച്ച് പിന്‍ മാറുകയും അതേ തുടര്‍ന്ന് ടോം ഇമ്മട്ടി മറ്റൊരു പ്രോജക്റ്റിലേക്ക് പോവുകയും ചെയ്യുന്നു.

പുതിയ കഥയുമായി മറ്റൊരു പ്രോജക്ടാണ് ചെയ്യുന്നതെന്ന് വിശ്വസിപ്പിച്ച് ഞാനെഴുതി കൊടുത്ത 'കാട്ടാളന്‍ പൊറിഞ്ചു ' എന്ന തിരക്കഥയിലെ കഥയും കഥാപാത്രങ്ങളും സീനുകളും ഉപയാഗിച്ചാണ് ' പൊറിഞ്ചു മറിയം ജോസ്' ഇപ്പോള്‍ ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് , രചന നടത്തിയെന്ന് അവകാശപ്പെടുന്ന അഭിലാഷ് എന്‍.ചന്ദ്രനും, ജോഷിയുടെ സംവിധാനത്തില്‍ , കീര്‍ത്തന മൂവീസ് പുറത്തിറക്കുന്നത്.

എന്റെ 'കാട്ടാളന്‍ പൊറിഞ്ചു ' എന്ന തിരക്കഥയിലെ ഉള്ളടക്കവും പ്രധാന സന്ദര്‍ഭങ്ങളും ഇവിടെ പങ്കുവെയ്ക്കാം.

•പള്ളിപെരുന്നാളുംഅതിനോടനുബന്ധിച്ച അടിപിടിയും അതിന്റെ പ്രതികാരം അടുത്ത പെരുന്നാളിന് തീര്‍ക്കുന്നതാണ് കഥാസാരം.
•പ്രധാനപ്പെട്ട കഥപ്രാത്രങ്ങള്‍ കാട്ടാളന്‍ പെറിഞ്ചു ,പുത്തന്‍ പള്ളി ജോസ്, മറിയം ,കാട്ടാളന്റെ ഉററസ്‌റ്റേഹിതനായ മുതലാളി ,പള്ളിലച്ചന്‍ തുടങ്ങിയവര്‍
•പ്രധാന കഥാപാത്രമായ കാട്ടാളന്‍ പൊറിഞ്ചു ചട്ടമ്പിയും ഇറച്ചിവെട്ടുക്കാരനും ആരെയും തല്ലിയൊതുക്കുന്നവനും സ്വന്തം മുതലാളിക്കു വേണ്ടി എന്തും ചെയ്യാന്‍ തയ്യാമുള്ളവനുമാണ്
•കാട്ടാളന്റെ ഇന്‍ട്രോ ക്വട്ടേഷന്‍ ടീമിനെ തല്ലിയൊതുക്കിയാണ്.
•കല്യാണം നടത്തി കൊടുക്കുന്നതിനായി ഉള്ളില്‍ നിന്ന് അടച്ചിട്ട പള്ളിയുടെ മണിമേടയിലേക്ക് കയറി ചില്ലു വാതില്‍ തകര്‍ത്ത് കുമ്പസാര കൂട്ടില്‍ കെട്ടിയിട്ട അച്ചനെ കെട്ടഴിച്ച് വിടുന്ന കാട്ടാളന്‍, ചട്ടമ്പിയാണെങ്കിലും മറുള്ളവരെ സഹായിക്കുന്നവനാണ് .
•വെട്ടാനുള്ള പോത്തിനെ ചുവന്ന മാലയണിച്ച് നഗര പ്രദക്ഷിണം വെക്കുന്ന കാട്ടാളന്‍ പൊറിഞ്ചു.
•കാട്ടാളന്റെ ഉററ സ്‌നേഹിതനാണ് പുത്തന്‍ പള്ളിജോസ്. നാടന്‍ പാട്ടുകളുമായി കളളുഷാപ്പിലും ചാരായഷാപ്പിലും കട്ടാളനൊപ്പം അടിച്ചു പൊളിക്കുന്നവന്‍.
•ചട്ടയും മുണ്ടും ധരിച്ച് മദ്യം കഴിച്ച് മാര്‍ക്കററിലൂടെ പണം പലിശക്കു കൊടുക്കുന്നവളും കടയിലേക്ക് തന്റേടത്തോടെ വരുന്നവളുമായ നായികയായ മറിയ.
•അമ്പുതിരുനാളോടനുബന്ധിച്ച് ബാന്റുസെററിനൊപ്പം കള്ളടിച്ച് പുത്തന്‍ പള്ളി ജോസുമായി എന്നടീ റാക്കമ്മ . .പാട്ടിന് താളം ചവിട്ടുന്നവള്‍ .
•മറിയയെവര്‍ണ്ണിക്കുമ്പോള്‍ തൃശൂര്‍ പൂരത്തിന് നില അവിട്ടുകളാ ഞങ്ങള്‍ക്കുള്ളില്‍ വിരിയാ.. എന്ന സീന്‍
•കാട്ടാളന്‍ പൊറിഞ്ചുവിന് മറിയയോടുള്ള പ്രണയം .ഫാന്റസി സീനുകളിലുള്ള പ്രണയരംഗങ്ങള്‍. പുത്തന്‍ പള്ളി ജോസിനെ വടിവാള്‍ കൊണ്ട് വെട്ടുന്ന ഗുണ്ടകള്‍.സിനിമാതിയറററിലേക്ക് ഓടിക്കയുന്നതും ബാല്‍ക്കണിയില്‍ നിന്ന് ചാടുന്നതും ഒപ്പമ്മത്തി വെട്ടുന്നതും ഒരു പാട് വെട്ട് കൊണ്ട് വീണ് കിടക്കുമ്പോള്‍ ഗുണ്ടകളോട്, 'തീര്‍ത്തിട്ട് പോടാ..പൊലയാടി മക്കളെ..'എന്നു പറഞ്ഞ് ..മരിച്ചു വീഴുന്ന പുത്തന്‍ പള്ളി ജോസ്
•പുത്തന്‍ പള്ളി ജോസിന്റെ ശവസംസ്‌കാരയാത്ര
•അവസാന ഭാഗത്ത് പകരം വീട്ടലിന്റെ ഭാഗമായി പള്ളി പറമ്പില്‍ ശൃംഗാരം അഭിനയിച്ച് കൂട്ടികൊണ്ടു പോകുന്ന മറിയ ,അവളുടെ പ്രതികാരം..

പലപ്പോഴായി അയച്ചുകൊടുത്ത തിരക്കഥകളുടെ ഇമെയിലുകളും അതിന്റെ ഹാര്‍ഡ് കോപ്പികളും ,മാതൃഭൂമി പ്രസിദ്ധീകരിച്ച വിലാപ്പുറങ്ങള്‍ നോവലും തെളിവായി ഹാജരാക്കിയിട്ടാണ് ഈ സിനിമാ ഷൂട്ടിംഗ് നിര്‍ത്തിവെക്കാനുള്ള തല്‍ക്കാലിക നിരോധന ഉത്തരവ് (LA:834/2019 in O.S:03/2019 ) ലഭിക്കുന്നത്. എന്നിട്ടും കോടതിയെ ധിക്കരിച്ച് പൊറിഞ്ചു മറിയം ജോസിന്റെ ഷൂട്ടിംഗ് അവര്‍ തുടരുന്നുണ്ടായിരുന്നു. അത് കമ്മീഷന്‍ വന്ന് തെളിവെടുത്തതുമാണ്.

ഏറെ ഹിറ്റുകള്‍ സമ്മാനിച്ച ഒരു സീനിയര്‍ സംവിധായകന്‍ എന്ന നിലയില്‍ ജോഷിയില്‍ നിന്ന് നീതിയും ഇടപെടലും പ്രതിക്ഷിച്ചതാണ് എന്നാല്‍
സംവിധായകന്‍ എന്നോട് പറഞ്ഞത് , 'ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും സിനിമയെടുക്കാന്‍ ആരുടെയും അനുവാദം വേണ്ടല്ലോ' എന്നാണ്. അതുപോലെയാണത്ര കാട്ടാളന്‍ പൊറിഞ്ചുവും മറിയവും .(??) അവര്‍ ജീവിച്ചിരുന്നവരാണെന്ന്.ഫോക്ക്‌ലോറാണെന്നും..
അങ്ങനെയെങ്കില്‍ സാറാടീച്ചറുടെ പുതിയ നോവലിലെ ബുധിനിയെ ഇവരടിച്ചു മാറ്റുമോ? (ബുധിനി ഇപ്പോഴും ജീവിച്ചിരിക്കുന്നു.)
പുരാണകഥാപാത്രമാണെന്ന് പറഞ്ഞ് എം ടി യുടെ രണ്ടാമൂഴത്തിലെ ഭീമനെ തൊടാന്‍ ഇവര്‍ ധൈര്യപ്പെടുമോ?

എഴുത്തുകാരിയുടെ കോപ്പി റൈറ്റ് ആണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത് . ഇവരെല്ലാം ജീവിച്ചിരുന്ന കഥാപാത്രങ്ങളാണന്ന വാദം സര്‍ഗസ്ഷ്ടിക്കു നേരെയുള്ള കടന്നു കയററമല്ലേ?
അറിയപ്പെടാതെയും രേഖപ്പെടുത്താതെയും പോകുന്ന സാധാരണക്കാരുടെ ജീവിതവും വൈകാരികതയുമാണ് നോവല്‍ അടയാളപ്പെടുത്തുന്നത് .ആ കഥാപാത്രങ്ങള്‍ക്ക് ജീവനുണ്ടെങ്കില്‍ അത് നോവലിന്റെ വിജയമായി കാണണം .ആരുടേയും ബയോപിക് അല്ല ഞാന്‍ നോവലാക്കിയത്.

ഈ സിനിമയിറക്കുന്നവര്‍ ജീവിച്ചിരുന്നവരുടെ ബയോപിക് ആണോ എടുത്തിട്ടുള്ളത്? എന്റെ നോവലിറങ്ങുന്നതിനു മുമ്പ് എന്തു കൊണ്ട് ഈ ആശയം ഇവര്‍ക്ക് വന്നില്ല? കാട്ടാളന്‍ പൊറിഞ്ചു എന്ന സിനിമ ഫിലിം ചേബറില്‍( ഡാനി പ്രൊഡക്ഷന്‍സ് )രജിസ്റ്റര്‍ ചെയ്തിരിക്കുമ്പോള്‍ എങ്ങിനെ അവര്‍ക്ക് ആ പേര് സിനിമയില്‍ ഉപയോഗിക്കാനാകുന്നു.?

ചുരുക്കത്തില്‍ പ്രതിഭയല്ല ഇവര്‍ക്ക് വേണ്ടത് .
സിനിമാതമ്പുരാക്കന്മാരുടെ വാലാട്ടികളും ചെരിപ്പുനക്കികളുമായി അഞ്ചും പത്തും വര്‍ഷം നടക്കാതെ ഒരു സുപ്രഭാതത്തില്‍ തിരക്കഥാകൃത്തുകളായി വരുകയോ? അതും ഒരു പെണ്ണ്? ഞങ്ങളിങ്ങനെ പല കള്ളങ്ങളും പറയും . വാക്കിന് വിലയോ മൂല്യങ്ങളോ (അതെന്താ ..അങ്ങാടി മരുന്നോ?) വേണ്ടി വന്നാല്‍ ഗുണ്ടായിസം വരെ കാണിക്കും .പ്രതിഫലം തരാതെ നോവലും തിരക്കഥയും അടിച്ചു മാറ്റും .സ്വാധീനവും പണവും ഉപയോഗിച്ച് ഞങ്ങള്‍ സിനിമയിറക്കും. 
ചതിയുടെ ആള്‍രൂപങ്ങള്‍ക്ക് കള്ളം പറയുന്നതിനും അത് ന്യായികരിക്കുന്നതിനും വല്ല ഉളിപ്പുമുണ്ടോ? കണ്ടാമൃഗം തോററു പോകും ഇവരുടെ തൊലിക്കട്ടിയില്‍.

മറ്റുള്ളവരുടെ പ്രതിഭ നിര്‍ലജ്ജം അപഹരിക്കുന്ന എഴുത്തുകാരനോടും അപഹരിച്ച മൊതലുപയോഗിച്ച് സിനിമ സംവിധാനം ചെയ്യുന്ന വലിയ സംവിധായകനോടും മററുള്ളവരെ വഞ്ചിച്ച് പ്രൊഡക്ഷന്‍ കുപ്പായമണിഞ്ഞ് നടക്കുന്ന ഉഡായിപ്പുകളോടും ഇതെല്ലാമറിഞ്ഞിട്ടും മൗനംകൊള്ളുന്ന കാശിറക്കുന്ന നിര്‍മ്മാതാക്കളോടും ഒന്നേ പറയാനുള്ളൂ , എന്റെ കഥാപാത്രങ്ങളെയും അവരുടെ പഞ്ചുള്ള ക്വാറക്ടറുകളെയും ഒരു തല്ലു കൂട്ട് സിനിമയുടെ ഭാഗമാക്കി വികലമാക്കിയതിന് കാലവും വായനക്കാരും നിങ്ങള്‍ക്കൊരിക്കലും മാപ്പ് തരില്ല എന്ന്.

തകിടം മറിഞ്ഞ നീതിബോധം എന്നെ അമ്പരപ്പിക്കുന്നുണ്ട് .അന്തിമവിധി വന്നിട്ടില്ലെങ്കിലും (അടുത്ത വാദം ആഗസ്റ്റ് 30 നാണ്) താല്‍ക്കാലിക നിരോധന ഉത്തരവ് പിന്‍ വലിച്ചതുകൊണ്ട് അവര്‍ക്കിനി സിനിമ ഇറക്കാമല്ലോ.. അവര്‍ക്ക് വേണ്ടതും അതാണ്.എല്ലാ തെളിവുകളും പരിശോധിച്ചു കഴിയുമ്പോള്‍ നീതി കിട്ടുമെന്ന് എനിക്കുറപ്പുണ്ട്. .സാധാരണക്കാരുടെ ആശ്രയം നീതിന്യായ വ്യവസ്ഥ മാത്രമാണല്ലോ.

സിനിമാലോകത്ത് നീതി നിഷേധിക്കപ്പെട്ടതിന്റെയും ചതിക്കപ്പെട്ടതിന്റേയും അമര്‍ത്തപ്പെട്ട നിലവിളികള്‍ അനവധിയാണത്രേ! .പുറത്തുപറയുന്നവരെ അവരൊതുക്കി കളയുംപോലും. അപഹരിക്കല്‍ ഒരു കലയും അവകാശവുമായെണ്ണുന്ന പ്രതിഭയില്ലാത്ത ഇക്കൂട്ടരോട് ഇത്രയെങ്കിലും പ്രതികരിച്ചില്ലെങ്കില്‍ സ്വന്തം കുഞ്ഞുങ്ങളെ സംരക്ഷിക്കാനാവാത്ത ഒരെഴുത്തുകാരിയുടെ ആത്മരോഷത്താല്‍ ഞാന്‍ ഉരുകി പോകുമെന്നതുകൊണ്ട് മാത്രം
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com