തൂത്തുക്കുടി കസ്റ്റഡി മരണത്തിനെതിരെ തമിഴ്നാട്ടിൽ പ്രതിഷേധം ശക്തമാവുകയാണ്. സിനിമ മേഖലയിൽ നിന്നും നിരവധി പേരാണ് പൊലീസിനെയും സർക്കാരിനെയും വിമർശിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇപ്പോൾ പൊലീസിനെ മഹത്വവൽക്കരിച്ച് സിനിമകൾ എടുത്തതിൽ കുറ്റബോധം തോന്നുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തുകയാണ് സംവിധായകൻ ഹരി. സൂര്യ പൊലീസ് വേഷത്തിൽ എത്തിയ സിങ്കം സീരീസും വിക്രമിന്റെ സാമിയുമെല്ലാം ഹരിയുടെ സംവിധാനത്തിൽ പിറന്നവയാണ്. പൊലീസുകാർ ഹീറോകളായി എത്തിയ ഈ ചിത്രങ്ങളെല്ലാം വലിയ വിജയമായിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഈ സിനിമകൾ ഒരുക്കിയതിൽ വേദനയുണ്ടെന്നാണ് പ്രസ്താവനയിലൂടെ ഹരി പറഞ്ഞത്.
‘പൊലീസുകാരിൽ ചിലർ ചെയ്ത പ്രവൃത്തി പൊലീസ് സേനയെ തന്നെ ഇന്ന് കളങ്കപ്പെടുത്തിയിരിക്കുകയാണ്. പൊലീസുകാരെ മഹത്വവത്കരിച്ച് അഞ്ചു പടങ്ങൾ ചെയ്തതിൽ ഞാനിന്ന് വളരെയധികം വേദനിക്കുകയാണ്.. പ്രസ്താവനയിൽ ഹരി പറയുന്നു. “സാത്താൻകുളത്ത് നടന്നത് പോലെ ഭയാനകവും ക്രൂരവുമായ ഒരു സംഭവം തമിഴ്‌നാട്ടിൽ ആർക്കും ഇനി സംഭവിക്കരുത്. ഇതിൽ ഉൾപ്പെട്ടവർക്ക് ഏറ്റവും ഉയർന്ന ശിക്ഷ ലഭിക്കുമെന്ന് ഉറപ്പാക്കുക എന്നതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള ഏക മാർഗം' ഹരി പറയുന്നു.
സിങ്കം സീരീസിൽ മൂന്ന് സിനിമകളാണ് ഇതുവരെ പുറത്തുവന്നത്. തമിഴ് പൊലീസിനെ പ്രകീർത്തിച്ചുകൊണ്ടുള്ള ചിത്രങ്ങളെല്ലാം ബോക്സ്ഓഫിസിൽ ഹിറ്റായിരുന്നു. സിങ്കത്തിന്റെ നാലാം ഭാഗത്തിനായി ആരാധകർ കാത്തിരിക്കുന്നതിനിടയിലാണ് ഹരിയുടെ പ്രതികരണം. തൂത്തുക്കുടി സ്വദേശികളായ ജയരാജ്, ഫെനിക്സ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിൽ കൊലചെയ്യപ്പെട്ടത്. ക്രൂര മർദ്ദനത്തിന് ഇരയാക്കിയതിന് ശേഷമാണ് ഇരുവരേയും കൊലപ്പെടുത്തിയത്. പൊലീസുകാർക്കെതിരെ പ്രതിഷേധം രൂക്ഷമാവുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates