കറുത്ത വർഗ്ഗക്കാരനായ ജോർജ് ഫ്ലോയിഡ് പൊലീസ് ക്രൂരതയിൽ കൊലപ്പെട്ട സംഭവത്തിൽ അമേരിക്കയിൽ വലിയ പ്രതിഷേധസമരങ്ങൾ അരങ്ങേറുകയാണ്. ലോകമെങ്ങും വലിയ പ്രതിഷേധത്തിനും ചർച്ചയ്ക്കും വഴിയൊരുക്കിയ സംഭവം വെള്ളക്കാരന്റെ മനസിൽ നിന്നും മായാത്ത വർണവെറിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. വ്യത്യസ്തമായ രീതിയിൽ ഈ പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയാണ് പ്രശസ്ത ഹോളിവുഡ് നടി ആഞ്ജലീന ജോളി.
പിറന്നാൾ ദിനത്തിൽ വർണവെറിക്കെതിരെ വലിയൊരു തുക സംഭാവനയായി നൽകിയിരിക്കുകയാണ് ആഞ്ജലീന. നാൽപത്തിയഞ്ചാം പിറന്നാളിനോടനുബന്ധിച്ച് ഒരു കോടി അമ്പത്തിയൊന്നു ലക്ഷം രൂപയാണ് നടി സംഭാവന നൽകിയത്. സാമൂഹിക നീതിയും നിയമ പരിരക്ഷയും ഉറപ്പു വരുത്താനായി യുഎസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എൻഎസിസിപിയുടെ ലീഗൽ ഡിഫൻസ് ഫണ്ടിലേക്കാണ് തുക നൽകിയത്.
‘ജീവിക്കാനുള്ള അവകാശം എല്ലാവർക്കും തുല്യമാണ്. അത് ആരുടെയും കുത്തകയല്ല. വിവേചനവും ഇത്തരം ക്രൂരകൃത്യങ്ങളും അംഗീകരിക്കാൻ സാധിക്കില്ല. ഇത്തരം തെറ്റുകൾക്കു നേരെ വിരൽ ചൂണ്ടുക തന്നെ വേണം. അത് ഓരോ അമേരിക്കൻ പൗരന്റെയും കടമയാണ്, താരം പറഞ്ഞു. ഫ്ലോയ്ഡിനെ പോലെ നടുക്കുന്ന അനുഭവത്തിലൂടെ കടന്നു പോയവരുടെ കുടുംബത്തിന് നിയമപരിരക്ഷ ഉറപ്പു വരുത്തണമെന്നും തുല്യനീതിക്കായുള്ള പോരാട്ടം തുടരണമെന്നും ആഞ്ജലീന ആവശ്യപ്പെട്ടു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates