നീണ്ട ഒരിടവേളയ്ക്ക് ശേഷം ബോളിവുഡ് സൂപ്പര്‍താരം ഹൃത്വിക് റോഷന്‍ പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് സൂപ്പര്‍ 30. അനന്തകുമാര്‍ എന്ന മനുഷ്യന്‍ പാവപ്പെട്ട കുട്ടികളെ തന്റെ എന്‍ട്രന്‍സ് കോച്ചിങ് ക്ലാസിലൂടെ വിജയത്തിലേക്ക് നയിച്ച യഥാര്‍ഥ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
താരത്തിന്റെ നായകവേഷത്തിന് പുറമെ, യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയ കഥയാണിതെന്ന പ്രത്യേകതയും സൂപ്പര്‍ 30ക്കുണ്ട്. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് അനന്തകുമാറും സജീവമായിരുന്നു. സിനിമ വിജയകരമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ഇതിനിടെ അദ്ദേഹം പിടിഐയ്ക്ക് നല്‍കിയ അഭിമുഖം വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.
'എന്നെക്കുറിച്ച് മോശമായി സംസാരിക്കുന്നവരുമുണ്ട്. ഞാന്‍ ആരുടെ കയ്യില്‍ നിന്നും സാമ്പത്തിക സഹായങ്ങള്‍ സ്വീകരിക്കാറില്ല. നമ്മുടെ പ്രധാനമന്ത്രിയും വ്യവസായികളായ മുകേഷ് അംബാനി, ആനന്ദ് മഹീന്ദ്ര എന്നിവര്‍ സംഭാവന നല്‍കാമെന്ന് പറഞ്ഞിരുന്നു. പക്ഷേ ഞാന്‍ സ്വീകരിച്ചില്ല. എനിക്ക് ആരുടെയും പണം വേണ്ട'- അനന്തകുമാര്‍ വ്യക്തമാക്കി.
അനന്തകുമാറിന്റെ അഭിമുഖം വലിയ ചര്‍ച്ചയായതോടെ ആനന്ദ് മഹീന്ദ്ര രംഗത്തെത്തി. അനന്തകുമാര്‍ പറഞ്ഞത് സത്യമാണെന്ന് ആനന്ദ് മഹീന്ദ്രയും പറഞ്ഞു. 'ഞങ്ങള്‍ കണ്ടിരുന്നു. അദ്ദേഹം വളരെ വിനയത്തോടെ എന്റെ സഹായം നിരസിച്ചു. ഞാന്‍ എല്ലായ്‌പ്പോഴും അദ്ദേഹത്തിന്റെ ആരാധകനായിരിക്കും. ഒരുപാട് ജിവീതങ്ങളെയാണ് അദ്ദേഹം മാറ്റിമറിച്ചത്'- ആനന്ദ് മഹീന്ദ്ര വ്യക്തമാക്കി.
ബ്രെയിന്‍ ട്യൂമര്‍ ബാധയെ തുടര്‍ന്ന് ചികിത്സയിലാണ് അനന്തകുമാര്‍. താന്‍ ജീവിച്ചിരിക്കുന്ന സമയത്ത് തന്നെ സിനിമ പുറത്തിറങ്ങണമെന്ന് ആഗ്രഹിച്ചിരുന്നതായി അദ്ദേഹം നേരത്തേ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഗണിതശാസ്ത്രജ്ഞനായ അനന്തകുമാര്‍ പട്‌നയില്‍ ധനികരായ കുട്ടികളുടെ കോച്ചിങ് ക്ലാസ് അധ്യാപകനായിരുന്നു. പിന്നീട് സൂപ്പര്‍30 എന്ന പേരില്‍ പാവപ്പെട്ട 30 കുട്ടികളെ തിരഞ്ഞെടുത്ത് അദ്ദേഹം പഠിപ്പിക്കാന്‍ ആരംഭിച്ചു. ഇന്ത്യയിലെ ഐഐടികളില്‍ പ്രവേശനം ലഭിക്കാന്‍ വേണ്ട എന്‍ട്രന്‍സ് പരീക്ഷ പാസാവാന്‍ അനന്തകുമാര്‍ അവരെ പ്രാപ്തരാക്കി. ഇവിടെ തുടങ്ങിയാണ് അനന്തകുമാര്‍ വ്യത്യസ്തനാകുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates