

ചെന്നൈ; അന്തരിച്ച വിഖ്യാത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തെക്കുറിച്ച് പ്രചരിക്കുന്ന വ്യാജ വാർത്തകൾക്കെതിരെ മകൻ ചരൺ. ആശുപത്രിയിൽ പണം അടയ്ക്കാത്തത് കൊണ്ട് എസ്പിബിയുടെ മൃതദേഹം വിട്ടുകൊടുക്കാൻ വൈകിയെന്നും ഒടുവിൽ ഉപരാഷ്ട്രപതി ഇടപ്പെട്ട ശേഷമാണ് മൃതദേഹം വിട്ടുകാെടുത്തതെന്നും തരത്തിൽ വ്യാജപ്രചാരണം ശക്തമായിരുന്നു. അതിന് പിന്നാലെയാണ് വ്യാജപ്രചാരണങ്ങൾ നിർത്താൻ ആവശ്യപ്പെട്ട് ചരൺ രംഗത്തെത്തിയത്.
‘കഴിഞ്ഞ മാസം അഞ്ചുമുതൽ എസ്പിബി ആശുപത്രിയിൽ ചികിൽസയിലാണ്. അന്നുമുതൽ ഇന്നുവരെയുള്ള ബില്ലുകൾ അടച്ചിരുന്നു. പക്ഷേ ചിലർ പ്രചരിപ്പിക്കുന്നത്. ഒടുവിൽ ബില്ല് അടയ്ക്കാൻ പണമില്ലാതെ വന്നെന്നും തമിഴ്നാട് സർക്കാരിനോട് സഹായം ചോദിച്ചിട്ട് അവർ ചെയ്തില്ലെന്നുമാണ്. ഒടുവിൽ ഉപരാഷ്ട്രപതിയെ സമീപിച്ചെന്നും അദ്ദേഹം ഇടപെട്ടാണ് മൃതദേഹം വിട്ടുകൊടുത്തത് എന്നുമാണ്. ഇതെല്ലാം വ്യാജമാണ്. ആശുപത്രി അധികൃതർ അത്രകാര്യമായിട്ടാണ് അച്ഛനെ നോക്കിയത്. ദയവായി ഇത്തരം വ്യാജപ്രചാരണങ്ങൾ നിർത്തൂ.’ ചരൺ പറഞ്ഞു.
എസ്പിബിയുടെ ഫേയ്സ്ബുക്ക് പേജിലൂടെ പങ്കുവെച്ച ചരണിന്റെ ഫേയ്സ്ബുക്ക് ലൈവിലൂടെയായിരുന്നു പ്രതികരണം. ഓഗസ്റ്റ് അഞ്ചിനാണ് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് എസ്പിബിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. അതിനിടെ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി. പിന്നീട് കോവിഡ് നെഗറ്റീവായെങ്കിലും അവസ്ഥ മോശമായി തുടരുകയുമായിരുന്നു. വെള്ളിയാഴ്ചയാണ് എസ്പിബി വിടപറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates