ഉയരെയിലെ അഭിനയത്തിന് പാര്‍വതിയെ പ്രശംസിച്ച് സംഗീത സംവിധായകനും ഗായകനുമായ ഷഹബാസ് അമന്‍. പാർവ്വതി എന്ന നടി ഇല്ലായിരുന്നുവെങ്കിൽ 'ഉയരെ' എന്ന സിനിമ ഉണ്ടാകുമായിരുന്നില്ലെന്ന് തോന്നിയെന്നും സിനിമയേക്കാൾ പാർവതി തന്നെയാണ് അതിൽ 'ഉയരെ' എന്നുമാണ് ഷഹബാസിന്റെ വാക്കുകൾ.
എല്ലാ ആണുങ്ങളും തങ്ങളിൽ അടങ്ങിയിട്ടുള്ള എഴുപത്തിയഞ്ച് ശതമാനത്തോളം ഗോവിന്ദ് ഷമ്മിമാരെ, ഒന്നുകിൽ നല്ലരീതിയിലേക്ക് സ്വയം മാറ്റി മറിക്കുകയോ അല്ലെങ്കിൽ ശല്യം ചെയ്യാതെ ഒരു സൈഡിലേക്ക് മാറ്റി നിർത്തുകയോ ചെയ്യുകയാണെങ്കിൽ അതിന്റെ ഗുണം യുദ്ധകാലാടിസ്ഥാനത്തിൽ ഈ സോസൈറ്റിക്ക് അനുഭവിക്കാൻ കഴിയുമെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ഷഹബാസ് പറയുന്നു.
ഷഹബാസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം
പാർവ്വതി എന്ന നടി ഇല്ലായിരുന്നുവെങ്കിൽ ഉണ്ടാകുമായിരുന്നില്ലാത്ത സിനിമയാണു 'ഉയരെ' എന്ന് തോന്നി!
അവരല്ലാതെ ഇന്നുള്ള ആരാണു ആ വേഷം ചെയ്യാൻ തയ്യാറാവുക?? അത് തന്നെ സ്വയം ഒരു രാഷ്ടീയ സാംസ്കാരിക പ്രവർത്തനമാണു! ബോൾഡ് മാത്രമല്ല. പാർവ്വതി ഒറ്റക്കൊരു ബോർഡും കൂടിയാണു !സ്വയം തീരുമാനമെടുക്കുന്ന ഒരു വകുപ്പ്! അതിന്റെ ഏറ്റവും നല്ല പ്രവർത്തനങ്ങളിൽ ഒന്നാണ് 'ഉയരെ' യിലെ മുഖ്യ കഥാപാത്രത്തിനു 'മുഖം നൽകൽ' !സിനിമയേക്കാൾ പാർവതി തന്നെയാണ് അതിൽ 'ഉയരെ'! സ്വതന്ത്രമാകുന്നതിനനുസരിച്ച് കൂടുതൽ കൂടുതൽ സക്രിയാത്മകമായും ശക്തമായും നീതിയുക്തമായും പ്രവർത്തിക്കാൻ കഴിയുന്ന ഒരു ഡിപ്പാർട്ട്മെന്റാണു സ്ത്രീ എന്ന് പറയുന്ന സംഭവം !ഏതൊരാണിനും ജീവിതത്തിലെപ്പോഴെങ്കിലും അക്കാര്യം ബോധ്യപ്പെട്ടിട്ടുണ്ടാകും! പാർവ്വതിയും പല്ലവിയും അത് സമാന്തരമായും സംയുക്തമായും ഒരിക്കൽ കൂടി തെളിയിക്കുന്നു ! എല്ലാ ആണുങ്ങളും തങ്ങളിൽ അടങ്ങിയിട്ടുള്ള എഴുപത്തിയഞ്ച് ശതമാനത്തോളം ഗോവിന്ദ് ഷമ്മിമാരെ, ഒന്നുകിൽ നല്ലരീതിയിലേക്ക് സ്വയം മാറ്റി മറിക്കുകയോ അല്ലെങ്കിൽ ശല്യം ചെയ്യാതെ ഒരു സൈഡിലേക്ക് മാറ്റി നിർത്തുകയോ ചെയ്യുകയാണെങ്കിൽ അതിന്റെ ഗുണം യുദ്ധകാലാടിസ്ഥാനത്തിൽ ഈ സോസൈറ്റിക്ക് അനുഭവിക്കാൻ കഴിയും !അത് നൂറു ശതമാനം ഉറപ്പ്!
അത്കൊണ്ട് നിങ്ങൾ നിങ്ങളുടെ ആണ്മക്കളെ എത്രയും വേഗം ഈപടം കാണിച്ച് കൊടുക്കൂ!
എന്നിട്ട് പറയൂ
ഉയരൂ ഗോവിന്ദ് ഉയരൂ!
ഇമേജ്: പവി ശങ്കറിന്റെ ഒരു വർക്ക്.പാർവ്വതി തിരുവോത്തിന്റെ പേജിൽ നിന്നും.
എല്ലാവരോടും സ്നേഹം...
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates