'ബോളിവുഡിനേക്കാള്‍ മികച്ചവയാണ് പ്രാദേശിക ഭാഷകളില്‍ വരുന്ന ചിത്രങ്ങള്‍'. മികച്ച മലയാളം ചിത്രത്തിനുള്ള പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ടുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റി അധ്യക്ഷന്‍ ശേഖര്‍ കപൂറിന്റെ വാക്കുകളാണിത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രം അവാര്‍ഡ് കമ്മിറ്റിയെ എത്രത്തോളം അത്ഭുതപ്പെടുത്തിയെന്ന് മനസിലാക്കാന്‍ ശേഖര്‍ കപൂറിന്റെ ഈ വാക്കുകള്‍ മാത്രം മതി.
മികച്ച മലയാള ചലച്ചിത്രത്തിനുള്ള പുരസ്‌കാരം ഉള്‍പ്പടെ പ്രധാനപ്പെട്ട മൂന്ന് ദേശീയ പുരസ്‌കാരങ്ങള്‍ നേടി മലയാള സിനിമയെ ഇന്ത്യയുടെ നെറുകയില്‍ എത്തിച്ചിരിക്കുകയാണ് ദിലീപ് പോത്തന്റെ തൊണ്ടിമുതലും ദൃക്‌സാക്ഷിയും. സംവിധാനത്തിലും തിരക്കഥയിലും അഭിനയത്തിലും ചിത്രം ഒരുപോലെ മികവു പുലര്‍ത്തിയെന്ന് ശേഖര്‍ കപൂര്‍ പറഞ്ഞു. അവാര്‍ഡ് പ്രഖ്യാപനത്തിനിടെ മലയാള സിനിമയെ അദ്ദേഹം വാനോളം പുകഴ്ത്തി. മലയാളത്തിലെ ഓരോ ചിത്രവും ഓരോ അനുഭവമായിരിക്കുമെന്നും മണ്ണില്‍ നിന്നാണ് ഇത്തരം സിനിമകളുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ബോളിവുഡ് സിനിമകള്‍ കാണുമ്പോള്‍ അതിലെ നാടന്മാരാണ് മനസില്‍ വരുന്നതെങ്കില്‍ മലയാളം ചിത്രത്തില്‍ കഥാപാത്രങ്ങളായിരിക്കും നമ്മളെ തൊടുന്നതെന്നാണ് ശേഖര്‍ കപൂറിന്റെ വാക്കുകള്‍.
ചിത്രത്തിലെ അഭിനയത്തിന് ഫഹദ് ഫാസിലിന് മികച്ച സഹനടനുള്ള പുരസ്‌കാരവും ചിത്രത്തിന്റെ തിരക്കഥയ്ക്ക് സജീവ് പാഴൂരിനുമാണ് പുരസ്‌കാരം ലഭിച്ചത്. എന്നാല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ കാര്യമായ പരിഗണ ചിത്രത്തിന് ലഭിച്ചില്ല. മികച്ച തിരക്കഥയ്ക്കും മികച്ച സ്വഭാവ നടന് അലന്‍സിയറിനും മാത്രമായിരുന്നു സംസ്ഥാന അവാര്‍ഡ്. മികച്ച നടനും മികച്ച സിനിമയ്ക്കും അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ചിത്രത്തിന് പ്രതീക്ഷിച്ചിരുന്നു.
മഹേഷിന്റെ പ്രതികാരത്തിന് ശേഷമുള്ള ദിലീഷ് പോത്തന്റെ രണ്ടാമത്തെ ചിത്രമായിരുന്നു ദൃക്‌സാക്ഷിയും തൊണ്ടിമുതലും. റിയലിസ്്റ്റിക്കായ അവതരണത്തിലൂടെയാണ് ദിലീഷ് പോത്തന്‍ എന്ന സംവിധായകന്‍ വ്യത്യസ്തനാക്കുന്നത്. സിനിമ കാണുന്ന ഓരോരുത്തരേയും ചിത്രത്തിലേക്ക് വലിച്ചടിപ്പിക്കാനുള്ള പോത്തേട്ടന്‍ ബ്രില്യന്‍സു തന്നെയാണ് ദൃക്‌സാക്ഷിയുടെയും പ്ലസ് പോയിന്റ്. ഫഹദ് ഫാസിലിനെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, നിമിഷ സജയന്‍, അലന്‍സിയര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തീയറ്ററിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. സന്ദീപ് സേനന്‍, അനീഷ് എം തോമസ് എന്നിവരായിരുന്നു നിര്‍മാതാക്കള്‍.
മാല മോഷണവുമായി ബന്ധപ്പെട്ട് കാസര്‍ഗോട്ടെ പൊലീസ് സ്റ്റേഷനില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. പ്രസാദ് (സുരാജ് വെഞ്ഞാറമൂട്) ശ്രീജ (നിമിഷ സജയന്‍) ദമ്പതിമാരുടെ ജീവിതത്തിലെ രണ്ട് ദിവസമാണ് സിനിമയില്‍ പറയുന്നത്. ബസ് യാത്രയില്‍ ശ്രീജയുടെ മാല കള്ളന്‍ (ഫഹദ് ഫാസില്‍) പൊട്ടിച്ച് വിഴുങ്ങുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. കേസില്‍ നിന്ന് രക്ഷപ്പെടാനുള്ള കള്ളന്റെ ശ്രമങ്ങളും മാല തിരിച്ചു കിട്ടാന്‍ പ്രസാദും ശ്രീജയും നടത്തുന്ന പോരാട്ടവുമാണ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates