'മാമാങ്കം ഡീഗ്രേഡിങ്ങില്‍ തളരില്ല, ഒടിയനെപ്പോലെ അതിജീവിക്കും'; കുറിപ്പുമായി ഒടിയന്റെ തിരക്കഥാകൃത്ത്

'ഗൂഢമായ താല്‍പര്യങ്ങളോടെ, ഈ സിനിമയെ ഡീഗ്രേഡ് ചെയ്യാന്‍ ഒരുങ്ങുന്നവരെ മലയാള പ്രേക്ഷകര്‍ തിരിച്ചറിയുകതന്നെ വേണം'
'മാമാങ്കം ഡീഗ്രേഡിങ്ങില്‍ തളരില്ല, ഒടിയനെപ്പോലെ അതിജീവിക്കും'; കുറിപ്പുമായി ഒടിയന്റെ തിരക്കഥാകൃത്ത്
Updated on
2 min read

മാമാങ്കം സിനിമയ്‌ക്കെതിരേ നടക്കുന്ന ഡീഗ്രേഡിങ്ങിനെതിരേ ഒടിയന്റെ തിരക്കഥാകൃത്ത് ഹരികൃഷ്ണന്‍. ഒടിയനെപ്പോലെ മാമാങ്കവും ഡീഗ്രേഡിങ്ങില്‍ തളരില്ലെന്നും അദ്ദേഹം ഫേയ്‌സ്ബുക്കില്‍ കുറിച്ചു. ഒടിയന്റെ ഒന്നാം വാര്‍ഷികത്തിനാണ് ഹരികൃഷ്ണന്റെ പ്രതികരണം. ഒടിയന് നേരിടേണ്ടിവന്ന ഡീഗ്രേഡിങ്ങും തുടര്‍ന്ന് സിനിമയുടെ അതിജീവനവും പറഞ്ഞുകൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. അതിന് പിന്നാലെയാണ് മാമാങ്കത്തെക്കുറിച്ച് പറഞ്ഞത്. ഗൂഢമായ താല്‍പര്യങ്ങളോടെ, ഈ സിനിമയെ ഡീഗ്രേഡ് ചെയ്യാന്‍ ഒരുങ്ങുന്നവരെ മലയാള പ്രേക്ഷകര്‍ തിരിച്ചറിയുകതന്നെ വേണം. മാമാങ്കം തീര്‍ച്ചയായും നാം കാണേണ്ട സിനിമയാണെന്നും അദ്ദേഹം കുറിക്കുന്നു. 

ഹരികൃഷ്ണന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

ഓര്‍മയുണ്ട്, കഴിഞ്ഞ വര്‍ഷത്തെ ഇതേ ദിവസം.
ഇതേ സമയം.

കോട്ടയത്ത്, അതിരാവിലത്തെ 'ഒടിയന്റെ' ആദ്യ പ്രദര്‍ശനം കഴിഞ്ഞ് ഓഫിസില്‍ തിരിച്ചെത്തിയതേയുണ്ടായിരുന്നുള്ളൂ . സിനിമ കണ്ട പരിചയക്കാരുടെ നല്ല വാക്കുകള്‍ പറഞ്ഞുള്ള വിളികളും മെസേജുകളും കിട്ടിത്തുടങ്ങി.
പക്ഷേ, അപ്പോഴേക്കും ഡീ ഗ്രേഡിങ് തുടങ്ങിക്കഴിഞ്ഞിരുന്നു!!
മലയാളം കണ്ട ഏറ്റവും വലിയ ഓപ്പനിങ്ങും ഫസ്റ്റ് ഡേ കലക്ഷനും നേടിയ സിനിമയ്‌ക്കെതിരെ, സോഷ്യല്‍ മീഡിയയില്‍ തുടങ്ങിയ ആക്രമണവും അതുവരെ മലയാള സിനിമ പരിചയിക്കാത്തതായിരുന്നു.
തിന്മയുടെ സകല കരുത്തോടെയും , ഏറ്റവും നീചമായ ആരോപണങ്ങള്‍ ഉന്നയിച്ചുപോലും നടന്ന സൈബര്‍ ആക്രമണം!! അവരിലേറെയും സിനിമ കാണാത്തവരായിരുന്നു എന്നതായിരുന്നു കൗതുകകരം. ആ സിനിമയുടെ ആദ്യ പ്രദര്‍ശനം തുടങ്ങുന്നതിനുമുന്‍പേ സിനിമയെ സമൂലം വിമര്‍ശിക്കുന്ന, കാശിനു കൊള്ളില്ലെന്ന മട്ടിലുള്ള പോസ്റ്റുകള്‍ പ്രവഹിച്ചു.
ഏതു സിനിമയെയും പോലെ, പല കുറവുകളുമുള്ള സിനിമതന്നെയായിരുന്നു ഒടിയനും. പക്ഷേ, അതിലേറെ ഗുണാംശങ്ങള്‍ ആ സിനിമയില്‍ ഉണ്ടായിരുന്നു. ഈ തിരിച്ചറിവു കൊണ്ടുതന്നെയാണ് ഈ സൈബര്‍ ആക്രമണം സംഘടിതമാണെന്നും അതില്‍ ആരുടെയൊക്കെയോ ഗൂഢോദ്ദേശങ്ങളുണ്ടെന്നും ഞങ്ങള്‍ മനസ്സിലാക്കിയത്.
പക്ഷേ, അതിജീവനത്തിന്റെ സിനിമ കൂടിയായിരുന്നു ഒടിയന്‍.
രണ്ടു ദിവസം കൊണ്ടുതന്നെ ഡീഗ്രേഡിങ്ങിനെ സിനിമയുടെ നന്മകൊണ്ട് അതിജീവിക്കാന്‍ അതിനു കഴിഞ്ഞു. തിയറ്ററുകളിലേക്കു കുടുംബങ്ങള്‍ ഒഴുകിയെത്തി. നൂറു കോടി കലക്ഷനും ചില തിയറ്ററുകളില്‍ നൂറു ദിവസവും ആ സിനിമയ്ക്കു നേടാനായി.

വെറുതെയല്ല ഈ കഥ ഓര്‍മിച്ചത്. മറ്റൊരു വലിയ, നല്ല സിനിമയും സംഘടിതമായ ഡീഗ്രേഡിങ്ങിനെ നേരിടുകയാണ് ഇപ്പോള്‍: മാമാങ്കം.
മലയാളം ഇതുവരെ കണ്ടതില്‍ ഏറ്റവും വലിയ ചിത്രം. മമ്മൂട്ടി എന്ന അപാര പ്രതിഭാശാലി.യായ നടന്റെ അതുല്യമായ വേഷപ്പകര്‍ച്ചകള്‍, അമ്മക്കിളിക്കൂട് മുതല്‍ ജോസഫ് വരെ അതീവശ്രദ്ധേയമായ കയ്യൊപ്പുകളിട്ട എം. പത്മകുമാര്‍ എന്ന സംവിധായകന്റെ സൂക്ഷ്മസൗന്ദര്യമുള്ള സംവിധാനം, ഇനിയും എത്രയോ പേരുടെ സമര്‍പ്പണം, എത്രയോ രാപ്പകലുകളുടെ ക്‌ളേശം...
അതെ, ചങ്ങാതി, മാമാങ്കം എന്ന സിനിമ ഈ ഡീഗ്രേഡിങ്ങില്‍ തളരില്ല.
ഇതിലുമേറെ പ്രതിസന്ധികളെ അതിജീവിച്ചാണല്ലോ ഈ സിനിമ സ്‌ക്രീനിലെത്തിയതുതന്നെ!

ചരിത്രത്തിന്റെ സൗന്ദര്യം അതിന്റെ വേറിട്ട കഥനത്തിലുമാണ്.
വടക്കന്‍ വീരഗാഥയോ പഴശ്ശിരാജയോ അല്ല മാമാങ്കം. അതു ചരിത്രത്തില്‍ ചാവേറുകള്‍ വീരംകൊണ്ടും ചോര കൊണ്ടും കണ്ണീരു കൊണ്ടും എഴുതിയ ഒരു വലിയ കഥയുടെ പുതിയ കാലത്തിനു ചേര്‍ന്ന സിനിമാവിഷ്‌കാരമാണ്.
ചരിത്രം ജയത്തിന്റെയും തോല്‍വിയുടെയും സ്വപ്നത്തിന്റെ.യും ഇച്ഛയുടെയുമൊക്കെ മനുഷ്യകഥയാണെന്നു കൂടി തിരിച്ചറിയുന്നവര്‍ യാഥാര്‍ഥ്യമാക്കിയ സിനിമ.
നേരത്തെ, ഒടിയനെപ്പറ്റി എഴുതിയതുപോലെ , തീര്‍ച്ചയായും ചില കുറവുകള്‍ ഈ സിനിമയില്‍നിന്നും കണ്ടെടുക്കാം. പക്ഷേ, അതിനൊക്കെയപ്പുറത്താണ് ഇതിഹാസമാനങ്ങളോടെ, എങ്കിലും , ഭൂമി തൊട്ട് കഥ പറയുന്ന ഈ നല്ല സിനിമ

സിനിമ നല്ലതല്ലെന്നു പറയാന്‍, നല്ലതാണെന്നു പറയാനുള്ളതുപോലെ പ്രേക്ഷകനു തീര്‍ച്ചയായും അവകാശമുണ്ട്. രണ്ട് അവകാശങ്ങളെയും മാനിച്ചുകൊണ്ടുതന്നെ പറയട്ടെ: ഗൂഢമായ താല്‍പര്യങ്ങളോടെ, ഈ സിനിമയെ ഡീഗ്രേഡ് ചെയ്യാന്‍ ഒരുങ്ങുന്നവരെ മലയാള പ്രേക്ഷകര്‍ തിരിച്ചറിയുകതന്നെ വേണം. മാമാങ്കം തീര്‍ച്ചയായും നാം കാണേണ്ട സിനിമയാണ്.

ദുഷ്ടലാക്കോടെ ആരൊക്കെയോ ചേര്‍ന്ന്, ആദ്യ നാളുകളില്‍ ഒടിയന്‍ എന്ന സിനിമയിലേല്‍പ്പിച്ച ദുരനുഭവം ഇനിയൊരിക്കലും ആവര്‍ത്തിക്കരുത്
നല്ല സിനിമ ഒരിക്കലും തോറ്റുകൂടാ.
തോല്‍ക്കുകയുമില്ല, തീര്‍ച്ച.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com