മാവോയിസ്റ്റ് എന്ന കഥയുടെ രാഷ്ട്രീയത്തെ അപ്രസക്തമാക്കി, മലയോര നിവാസികളെ മുഴുവന്‍ മാംസദാഹികളായ വേട്ടക്കാരാക്കി ചിത്രീകരിച്ചു; വിമര്‍ശനം, കുറിപ്പ്

സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയുടെ പുതിയ ചിത്രമായ ജെല്ലിക്കെട്ട് തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി മുന്നേറുകയാണ്
മാവോയിസ്റ്റ് എന്ന കഥയുടെ രാഷ്ട്രീയത്തെ അപ്രസക്തമാക്കി, മലയോര നിവാസികളെ മുഴുവന്‍ മാംസദാഹികളായ വേട്ടക്കാരാക്കി ചിത്രീകരിച്ചു; വിമര്‍ശനം, കുറിപ്പ്
Updated on
2 min read

സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരിയുടെ പുതിയ ചിത്രമായ ജല്ലിക്കട്ട് തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി മുന്നേറുകയാണ്.സോഷ്യല്‍മീഡിയയിലും മറ്റും ചിത്രത്തെ കുറിച്ച് സമ്മിശ്രപ്രതികരണമാണ്. എഴുത്തുകാരന്‍ എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയെ പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

എന്നാല്‍ മാവോയിസ്റ്റ് എന്ന കഥയുടെ രാഷ്ട്രീയത്തെ ചിത്രം അപ്രസക്തമാക്കിയെന്ന് സാഹിത്യ നിരൂപക സോഫിയ ജെയിന്‍സ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ വിമര്‍ശിക്കുന്നു. 'ലിജോ സിനിമയുടെ കാതലാക്കിയത് മാവോയിസ്റ്റിലെ പല വിതാനങ്ങളിലൊന്നായ, മനുഷ്യന്‍ അടിസ്ഥാനപരമായി മൃഗമാണ്, വേട്ടയാടാനുള്ള ത്വര അവന്റെ ചോദനയാണ് എന്ന ഒരു ലൈന്‍ മാത്രമാണ് . അത് പ്രേക്ഷകര്‍ക്ക് മനസിലാവാതെ പോയാലോ എന്ന് ലിജോയ്ക്ക് ഭയമുണ്ട്. അഥവാ പ്രേക്ഷകരെ under estimate ചെയ്യുന്നതിനാലാവണം സിനിമയില്‍ അത് നേരിട്ടങ്ങു പറയുകയും ,എന്നിട്ടും മനസിലാവാത്തവര്‍ക്കു വേണ്ടി സിനിമാന്ത്യത്തില്‍ സിംബോളിക് ആയി ചിത്രീകരിക്കുകയും ചെയ്തു. അപ്പോഴേക്കും കഥയുടെ രാഷ്ട്രീയം മുഴുവനും സ്വന്തം നരേഷന്റെ ഈ സെലക്ഷനിലൂടെ ലിജോ അപ്രസക്തമാക്കി.' - കുറിപ്പില്‍ പറയുന്നു.

'മലയോര നിവാസികളെ മുഴുവന്‍ മാംസദാഹികളായ വേട്ടക്കാരാക്കുന്ന വിരോധാഭാസമാണ് മാവോയിസ്റ്റ് എന്ന കഥയുടെ നിരവധി മാനങ്ങളുള്ള രാഷ്ട്രീയത്തെ റദ്ദ് ചെയ്യുന്നത്. ആള്‍ക്കൂട്ടമായതിനാല്‍ കഥാപാത്രങ്ങള്‍ക്ക് പ്രസക്തിയില്ലാത്ത സിനിമയാണിത്'- കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം

ഒരു സംവിധായകനെന്ന നിലയില്‍ ലിജോ ജോസ് പെല്ലിശേരിയെ ഓര്‍മ്മയും ശ്രദ്ധയും തിരിച്ചറിയാന്‍ തുടങ്ങുന്നത്
ആമേന്‍ എന്ന അഭ്രകാവ്യത്തിലൂടെയാണ് . ഈ മ യൗ കണ്ടതോടെ ലിജോയുടെ അടുത്ത സിനിമക്ക് വേണ്ടിയുള്ള കാത്തിരിപ്പായിരുന്നു. എസ് ഹരീഷിന്റെ നിരവധി മാനങ്ങളുള്ള മാവോയിസ്റ്റ് എന്ന കഥ എങ്ങനെയാവും ലിജോ അവതരിപ്പിക്കുക എന്ന ആകാംക്ഷയുണ്ടായിരുന്നു. എന്നാല്‍ ജെല്ലിക്കെട്ട് കണ്ടിറങ്ങിയപ്പോള്‍ അത് അത്രയേറെ ആവേശമൊന്നും കൊള്ളിച്ചില്ല എന്നതില്‍ Social media hype ഉം LJP വാഴ്ത്തുപാട്ടുകാരും പൊറുക്കട്ടെ. ഉവ്വ് , ത്രസിപ്പിച്ചിട്ടുണ്ട്. അത് പക്ഷേ പശ്ചാത്തല സംഗീതവും ഛായാഗ്രഹണവുമാണ്. ദൃശ്യങ്ങള്‍ക്കു മേല്‍ ദൃശ്യങ്ങള്‍ ഉച്ചസ്ഥായിയില്‍ വിന്യസിച്ച് പ്രേക്ഷകരുടെ കണ്‍കെട്ടുകയാണ് സംവിധായകന്‍. സദാ മുഖരിതമായ സ്‌ക്രീന്‍ അരോചകമാണ് ചിലപ്പോഴെങ്കിലും . അതിനാലാവണം പിന്തുടരാനാവാത്തതിനാല്‍ പലപ്പോഴും
convey ചെയ്യാത്ത സംഭാഷണങ്ങള്‍, ദൃശ്യങ്ങള്‍ എന്നിവയും ആ പോത്തിനു പിറകെ ഓടുകയാണ്. ലിജോ സിനിമയുടെ കാതലാക്കിയത്
മാവോയിസ്റ്റിലെ പല വിതാനങ്ങളിലൊന്നായ, മനുഷ്യന്‍ അടിസ്ഥാനപരമായി മൃഗമാണ്, വേട്ടയാടാനുള്ള ത്വര അവന്റെ ചോദനയാണ് എന്ന ഒരു ലൈന്‍ മാത്രമാണ് . അത് പ്രേക്ഷകര്‍ക്ക് മനസിലാവാതെ പോയാലോ എന്ന് മൂപ്പര്‍ക്ക് ഭയമുണ്ട്. അഥവാ പ്രേക്ഷകരെ under estimate ചെയ്യുന്നതിനാലാവണം സിനിമയില്‍ അത് നേരിട്ടങ്ങു പറയുകയും ,എന്നിട്ടും മനസിലാവാത്തവര്‍ക്കു വേണ്ടി സിനിമാന്ത്യത്തില്‍ സിംബോളിക് ആയി ചിത്രീകരിക്കുകയും ചെയ്തു. ഗതികേട് ! അപ്പഴേക്കും കഥയുടെ രാഷ്ട്രീയം മുഴുവനും സ്വന്തം നരേഷന്റെ ഈ സെലക്ഷനിലൂടെ ലിജോ അപ്രസക്തമാക്കി. മുഖമറ്റ പെണ്ണുങ്ങള്‍ വെറും കാഴ്ചക്കാരാവുന്ന ,വേട്ട ദാഹത്തിന്റെ വന്യതക്കപ്പുറം നില്‍ക്കുന്ന ഒരാള്‍ പോലും ഇല്ലാത്ത ഒരിടമാണ് സിനിമയുടെ ഭൂമിക എന്നത് സാമാന്യ ബോധത്തോട്, ബോധ്യങ്ങളോട് ചില ചോദ്യങ്ങളുയര്‍ത്തും. സിനിമക്ക് ആധാരമായ മാവോയിസ്റ്റ് എന്ന കഥ വായിക്കാത്ത മലപ്പുറം/കോഴിക്കോടന്‍ /കണ്ണൂര്‍ പ്രേക്ഷകര്‍ക്ക് , കുടിയേറ്റക്കാരായ ഇടുക്കിക്കാരാകെ ഇറച്ചിക്കായി  അതിപ്പോ പെണ്ണിന്റെയാണെങ്കിലും  പോത്തിന്റെയാണെങ്കിലും ശരി  എന്തിനും തയ്യാറുള്ളവരാകുകയാണ്. ഒരേ മാനറിസമുള്ള നാട്ടുകാരോ എന്ന് ചോദിക്കരുത്. Mobile ഒക്കെ ഉപയോഗിക്കുന്നതായി ചിത്രീകരിക്കുന്നതിലൂടെ കഥ സമകാലികമാണെന്ന് ബോധ്യപ്പെടുത്തുന്നുണ്ട്. എന്നിട്ടും മലയോര നിവാസികളെ മുഴുവന്‍ മാംസദാഹികളായ വേട്ടക്കാരാക്കുന്ന വിരോധാഭാസമാണ് കഥയുടെ നിരവധി മാനങ്ങളുള്ള രാഷ്ട്രീയത്തെ റദ്ദ് ചെയ്യുന്നത്. ആള്‍ക്കൂട്ടമായതിനാല്‍ കഥാപാത്രങ്ങള്‍ക്ക് പ്രസക്തിയില്ലാത്ത സിനിമയാണ്. എങ്കിലും ചെമ്പനും ഒരു പരിധി വരെ ജാഫര്‍ ഇടുക്കിയും ഒഴികെയുള്ളവര്‍ അഭിനയം കൊണ്ട് ചെറുതല്ലാതെ ബോറടിപ്പിച്ചു. പ്രത്യേകിച്ച് എസ് ഐ , അയാളുടെ ഭാര്യ ,പള്ളീലച്ചന്‍, നാട്ടു പ്രമാണി, കുട്ടച്ചന്‍ എന്നിവര്‍. കണ്ടിറങ്ങിയപ്പോള്‍ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന ഒരേ ഒരു ചിത്രം പോത്തിറച്ചി കിട്ടാത്തതിനാല്‍ കോഴിയെ തിരഞ്ഞ് പോകേണ്ടി വരുന്ന ജാഫറിന്റെ തലയിലെ പക്ഷിക്കെട്ടാണ്. ഇത്രയും പറഞ്ഞതു കൊണ്ട് ജെല്ലിക്കെട്ട് തീരെ മോശം സിനിമയാണെന്നല്ല. കൊള്ളാം .. കണ്ടിരിക്കാം .. അല്ലാതെ നവമാധ്യമങ്ങള്‍ തള്ളി മറിക്കുന്ന പോലൊന്നുമില്ല എന്നു മാത്രം. ലിജോ, ജെല്ലിക്കെട്ടു പോലല്ലാത്ത വിസ്മയങ്ങള്‍ സൃഷ്ടിക്കുമെന്ന പ്രതീക്ഷയുമുണ്ട്. അവസാനമായി, ലിജോയുടെ ഇതുവരെ വന്നതില്‍ ബ്രില്യന്റ് വര്‍ക്ക് ഈ .മ. യൗ ആണെന്ന് പറയുമ്പോള്‍ ബുജികള്‍ മാപ്പാക്കണം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com