

കഴിഞ്ഞ കുറച്ച് മാസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നീറിപ്പുകയുന്ന ഒരു വിഷയമാണ് മീടൂ കാംപെയിന്‍. പ്രത്യേകിച്ച് ചലച്ചിത്രമേഖലയില്‍. നിരവധി ബോളിവുഡ് നടിമാര്‍ തങ്ങള്‍ക്ക് നേരിട്ട ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിച്ച് രംഗത്തെത്തി. ഇത് ചലച്ചിത്ര മേഖലയിലെ പല പ്രമുഖ പുരുഷന്‍മാരുടെയും മുഖമൂടികള്‍ വലിച്ച് കീറുകയും ചെയ്തു.
സിനിമാ മേഖലയില്‍ നടന്നുകൊണ്ടിരിക്കുന്ന പല കീഴ്‌വഴക്കങ്ങളെയും പുറത്തു കൊണ്ടുവരാനും അതിനെതിരെ പ്രതികരിക്കാനുള്ള വേദിയായും പല സ്ത്രീകളും ഇതിനെ പ്രയോജനപ്പെടുത്തിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന അതിക്രമങ്ങളും നീതികേടുകളുമാണ് ഇതിലൂടെ പുറത്തുവന്നത്. ഉദാഹരണത്തിന് 2008ല്‍ ഒരു സിനിമാ സെറ്റില്‍ വെച്ച് തനിക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമത്തെ കുറിച്ച് തനുശ്രീ ദത്ത തുറന്ന പറഞ്ഞത് വലിയ വിവാദമായിരുന്നു. ഈ സംഭവത്തില്‍ നടന്‍ നാനാ പടേക്കറും സംവിധായകന്‍ വിവേക് അഗ്നിഹോത്രിയുമായിരുന്നു കുറ്റക്കാര്‍.
ഇപ്പോഴും ചലച്ചിത്ര മേഖലയില്‍ പലരും തുറന്നു പറച്ചിലുകള്‍ തുടരുകയാണ്. അതിനിടെ മീടൂ കാംപെയ്‌നുകളെക്കുറിച്ച് സംസാരിക്കാന്‍ സിഎന്‍എന്നും ന്യൂസ് 18നും ചേര്‍ന്ന് ഒരു വട്ടമേശ സമ്മേളനം സംഘടിപ്പിച്ചിരുന്നു. ദീപിക പദുക്കോണ്‍, അനുഷ്‌ക ശര്‍മ്മ, ആലിയ ഭട്ട്, റാണി മുഖര്‍ജി തുടങ്ങിയവരാണ് ഇതില്‍ പങ്കെടുത്ത് സംസാരിച്ചത്.
ഇതില്‍ നടി റാണി മുഖര്‍ജി നടത്തിയ ചില പ്രസ്താവനകളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. മറ്റ് നടിമാരെല്ലാം മീടു കാംപെയ്‌ന്റെ സാധ്യതകളെക്കുറിച്ചും സ്ത്രീകളുടെ പ്രശ്‌നങ്ങളെ കുറിച്ചും സംസാരിച്ചപ്പോള്‍ ഇതില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന അഭിപ്രായമാണ് റാണി മുന്നോട്ട് വെച്ചത്.
മീടുവിന്റെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ സ്വയം പര്യാപതരാകണമെന്നും ശക്തരാകണമെന്നുമാണ് റാണി മുഖര്‍ജി പറയുന്നത്. 'നിങ്ങള്‍ ശക്തരാണെന്നുള്ള വിശ്വാസം സ്വയം ഉണ്ടാക്കിയെടുത്താല്‍ നിങ്ങള്‍ക്ക് നേരെ വരുന്ന മോശം സാഹചര്യങ്ങളെ നോക്കി നോ എന്ന് പറയാന്‍ കഴിയും. സ്വയം രക്ഷിക്കാനുള്ള ശക്തിയുണ്ടെന്ന് സ്ത്രീകള്‍ മനസിലാക്കുകയാണ് ആദ്യം വേണ്ടത്'- റാണി മുഖര്‍ജി പറഞ്ഞു.
എല്ലാവരും റാണി മുഖര്‍ജി പറയുന്നത് പോലെയുള്ള ജീനിന് ഉടമകളായിരിക്കില്ല, എന്നാണ് ദീപിക പദുക്കോണ്‍ ഇതിനോട് പ്രതികരിച്ചത്. ആയോധനകലയും സ്വയം പ്രതിരോധവുമെല്ലാം പെണ്‍കുട്ടികളെ സ്‌കൂളില്‍ വെച്ച് പഠിപ്പിക്കണം, സ്വന്തം ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നുമാണ് പിന്നീട് റാണി മുഖര്‍ജി ചര്‍ച്ചയില്‍ പറഞ്ഞത്.
എന്നാല്‍ ഇതിനെരെ ദീപിക ശക്തമായിത്തന്നെ പ്രതികരിച്ചു. അനുഷ്‌കയും ദീപികയുടെ പോയന്റിനോട് ചേര്‍ന്ന് നില്‍ക്കുകയാണ് ചെയ്തത്. 'എന്ത് കൊണ്ടാണ് അതിക്രമങ്ങള്‍ക്കെതിരെ സ്ത്രീകള്‍ സ്വയം പ്രതിരോധിക്കണമെന്ന് പറയുന്നത് എന്നായിരുന്നു ദീപിക ചോദിച്ചത്. എന്തായാലും റാണി മുഖര്‍ജിയുടെ ഇത്തരത്തിലുള്ള നിലപാടുകള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates