

ഹൃദ്രോഗബാധയെ തുടര്‍ന്ന ആരോഗ്യസ്ഥിതി വഷളായ മോളി കണ്ണമാലിയുടെ ചികില്‍സ ഏറ്റെടുത്ത മമ്മൂട്ടിയുടെ നടപടി ആരാധകര്‍ മാത്രമല്ല മലയാളികള്‍ ഒന്നടങ്കം നെഞ്ചേറ്റിയിരുന്നു. ഇതിനൊപ്പം ആ വാര്‍ത്തയ്ക്ക് പിന്നിലെ ചില വേറിട്ട സത്യങ്ങളും മമ്മൂട്ടി എന്ന മനുഷ്യന്‍ ഇതുവരെ തുടര്‍ന്നുപോരുന്ന ശീലങ്ങളും തുറന്നെഴുതുകയാണ് സൈബറിടത്തിലെ എഴുത്തുകാരനായ സന്ദീപ് ദാസ്. മോളിയുടെ വീട്ടില്‍ നേരിട്ട് ചെല്ലാതെ ഒപ്പംനിന്ന് ചിത്രമെടുത്ത് വാര്‍ത്തയാക്കാതെ തന്റെ പിഎ വഴിയാണ് അദ്ദേഹം സഹായം അറിയിച്ചത്. ഇക്കാര്യം മോളിയുടെ കുടുംബമാണ് പുറത്തുപറയുന്നതും. ഇത്തരത്തില്‍ ഒട്ടേറെ പേര്‍ക്കാണ് മമ്മൂട്ടി എന്ന മനുഷ്യന്‍ സഹായം ചെയ്യുന്നത്. കുറിപ്പ് വായിക്കാം.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
മമ്മൂട്ടി എന്ന മഹാനടന്റെ മനുഷ്യസ്‌നേഹത്തിന്റെ പുസ്തകത്തില്‍ ഒരു അദ്ധ്യായം കൂടി ചേര്‍ക്കപ്പെട്ടിട്ടുണ്ട്. ഹൃദ്രോഗ ബാധ മൂലം കഷ്ടപ്പെടുന്ന നടി മോളി കണ്ണമാലിയുടെ ചികിത്സാ ചെലവുകള്‍ മമ്മൂട്ടി ഏറ്റെടുത്തു.'ചാള മേരി' എന്ന കഥാപാത്രത്തിലൂടെ പ്രശസ്തയായ മോളി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു.അപ്പോഴാണ് മമ്മൂട്ടി സഹായഹസ്തവുമായി എത്തിയത്. മമ്മൂട്ടി പതിവുതെറ്റിച്ചില്ല.സഹായം ചെയ്യാന്‍ പോകുന്നു എന്ന കാര്യം ആരെയും അറിയിച്ചില്ല. മോളിയുടെ ഓപ്പറേഷന് ആവശ്യമായ സൗകര്യങ്ങള്‍ തിരുവനന്തപുരത്ത് ഒരുക്കിയിട്ടുണ്ട് എന്ന വിവരവുമായി മമ്മൂട്ടിയുടെ പി.എ മോളിയുടെ വീട്ടില്‍ ചെല്ലുകയാണ് ചെയ്തത്. മോളിയുടെ കുടുംബമാണ് ഇക്കാര്യം പുറത്തുവിട്ടത്.
വേണമെങ്കില്‍ മമ്മൂട്ടിയ്ക്ക് മോളിയുടെ വീട്ടില്‍ നേരിട്ട് ചെല്ലാമായിരുന്നു.അവരെ ചേര്‍ത്തുപിടിച്ച് ഫോട്ടോ എടുക്കാമായിരുന്നു.അങ്ങനെയാണെങ്കില്‍ ആ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ തകര്‍ത്തോടുമായിരുന്നു.പക്ഷേ മമ്മൂട്ടി അങ്ങനെ ചെയ്യില്ല.വലതുകൈ കൊണ്ട് കൊടുക്കുന്നത് ഇടതുകൈ പോലും അറിയരുത് എന്നതാണ് എല്ലാക്കാലത്തും അദ്ദേഹത്തിന്റെ നിലപാട്.
നമ്മുടെ നാട്ടില്‍ പ്രളയമുണ്ടായ സമയത്ത് മമ്മൂട്ടി ദുരിതാശ്വാസക്യാമ്പുകളില്‍ എത്തിയിരുന്നു.പുല്‍വാമയിലെ ഭീകരാക്രമണത്തിനിടെ മരണമടഞ്ഞ വസന്തകുമാര്‍ എന്ന ജവാന്റെ ഭവനം മമ്മൂട്ടി സന്ദര്‍ശിച്ചിരുന്നു. 2016ലെ പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടംമൂലം ദുരിതത്തിലായവരെ മമ്മൂട്ടി ആശ്വസിപ്പിച്ചിരുന്നു. അങ്ങനെ എത്രയോ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ സാധിക്കും.പക്ഷേ ഈ സംഭവങ്ങള്‍ വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടിട്ടില്ല.പല സന്ദര്‍ശനങ്ങളുടെയും ചിത്രങ്ങള്‍ പോലും ലഭ്യമല്ലെന്ന് തോന്നുന്നു.അതാണ് മമ്മൂട്ടിയുടെ മഹത്വം.ഇക്കാര്യത്തില്‍ വാര്‍ത്താപ്രാധാന്യം ലഭിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമല്ല.
സിനിമയില്‍ ശാശ്വതമായ സൗഹൃദങ്ങളില്ല എന്നാണ് വയ്പ്.'ഉദയനാണ് താരം' എന്ന ചിത്രത്തില്‍ മുകേഷിന്റെ കഥാപാത്രം ''സൗഹൃദം വേറെ ; സിനിമ വേറെ'' എന്നൊരു ഡയലോഗ് പറയുന്നുണ്ട്.ലാഭനഷ്ടക്കണക്കുകളുടെ കണ്ണിലൂടെ സൗഹൃദങ്ങളെ നോക്കിക്കാണുന്നവരാണ് സിനിമയില്‍ ഏറെയും. സഹപ്രവര്‍ത്തകര്‍ക്ക് ദുഃഖങ്ങള്‍ വരുമ്പോള്‍ മിക്ക സിനിമാക്കാരും അത് കണ്ട ഭാവം നടിക്കാറില്ല.
എന്നാല്‍ സൗഹൃദങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും വളരെയേറെ വില കല്‍പ്പിക്കുന്ന വ്യക്തിയാണ് മമ്മൂട്ടി.തൊടുപുഴ വാസന്തി എന്ന പാവം നടി അന്തരിച്ചപ്പോള്‍ അവരുടെ വസതിയില്‍ പോയി ആദരാഞ്ജലികള്‍ അര്‍പ്പിച്ച അപൂര്‍വ്വം നടന്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം.
സെലിബ്രിറ്റികളും സാധാരണക്കാരും ഉള്‍പ്പടെ ഒട്ടേറെ മനുഷ്യരെ മമ്മൂട്ടി സഹായിച്ചിട്ടുണ്ട്.അഹങ്കാരിയെന്ന് മുദ്രകുത്തപ്പെട്ട ആ മനുഷ്യന്‍ അനേകം മനുഷ്യജീവനുകള്‍ നിശബ്ദമായി രക്ഷിച്ചെടുത്തിട്ടുണ്ട്.സമൂഹം ഇന്നും പുച്ഛത്തോടെ കാണുന്ന ആദിവാസികളെ സ്‌നേഹത്തോടെ ചേര്‍ത്തുനിര്‍ത്തുന്നുണ്ട്.മമ്മൂട്ടിയുടെ ഫെയ്‌സ്ബുക്ക് പേജില്‍ സഹായമഭ്യര്‍ത്ഥിച്ച പ്രേംകുമാര്‍ എന്ന വ്യക്തിയുടെ മക്കളുടെ വിദ്യാഭ്യാസച്ചെലവുകളും മമ്മൂട്ടി ഏറ്റെടുത്തിരുന്നു.
മമ്മൂട്ടിയുടെ കണ്ണുകള്‍ സ്‌ക്രീനില്‍ കണ്ട് വിസ്മയിച്ചുപോയിട്ടുണ്ട്.കരുണയുള്ള മിഴികളാണ് അദ്ദേഹത്തിന്റേത്.സമൂഹത്തിനുവേണ്ടി അവ സദാസമയം തുറന്നിരിക്കുകയാണ് !
മമ്മൂട്ടിയുടെ ഇതുപോലുള്ള പ്രവൃത്തികളെ വിലകുറച്ചുകാണുന്ന ആളുകളുണ്ടാകാം.''സിനിമയില്‍നിന്ന് ഇഷ്ടം പോലെ കാശ് സമ്പാദിക്കുന്നുണ്ടല്ലോ ; അതില്‍ നിന്ന് ഇത്തിരി കൊടുത്താലെന്താ?' എന്നൊക്കെ ചോദിക്കുന്നവര്‍.അത്തരക്കാര്‍ ചില കാര്യങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്.മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സ് എല്ലാവര്‍ക്കും ഉണ്ടാവില്ല.എല്ലാ ധനികരും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നില്ല.പലപ്പോഴും സമ്പന്നരിലാണ് പിശുക്ക് എന്ന വ്യാധി കൂടുതലായി കാണപ്പെടുന്നത്.
മോളി കണ്ണമാലിയുടെ രോഗവിവരങ്ങള്‍ പലരും വിളിച്ച് അന്വേഷിച്ചിരുന്നു.പക്ഷേ നല്ലൊരു സഹായം ചെയ്യാന്‍ മമ്മൂട്ടി തന്നെ വേണ്ടിവന്നു എന്ന് മോളിയുടെ മകന്‍ പറഞ്ഞിരുന്നു.എന്തെല്ലാം ആദര്‍ശങ്ങള്‍ പറഞ്ഞാലും പണത്തിന്റെ കാര്യം വരുമ്പോള്‍ പല മനുഷ്യരും സ്വാര്‍ത്ഥരായി മാറും.അവിടെയാണ് മമ്മൂട്ടിയുടെ ഔന്നത്യം.
ജീവിക്കാന്‍ പണം ആവശ്യമാണ്.പക്ഷേ മരിക്കുമ്പോള്‍ ഒന്നും ഒപ്പം കൊണ്ടുപോകാന്‍ നമുക്ക് സാധിക്കില്ല.അതുകൊണ്ടുതന്നെ പണത്തിന് ആവശ്യത്തിലധികം പ്രാധാന്യം നല്‍കിയിട്ട് പ്രയോജനമൊന്നുമില്ല.ഈ സത്യം അംഗീകരിക്കാന്‍ നമുക്ക് മടിയാണ്.പക്ഷേ അതാണ് മമ്മൂട്ടിയുടെ നയം.
ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് മമ്മൂട്ടി 'പേരന്‍പ് ' എന്ന സിനിമ ചെയ്തത്.അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ''എല്ലാ സിനിമയും പണത്തിന് വേണ്ടി ചെയ്യാനാവില്ല '' എന്നാണ് മമ്മൂട്ടി പറഞ്ഞത്.അങ്ങനെയൊരു മറുപടി നല്‍കാന്‍ മമ്മൂട്ടിയ്‌ക്കേ സാധിക്കൂ.പേരന്‍പും യാത്രയും പോലുള്ള കൊതിപ്പിക്കുന്ന അവസരങ്ങള്‍ അദ്ദേഹത്തിലേക്ക് വന്നുചേരുന്നതും അതുകൊണ്ടാണ്.
എം.ടി വാസുദേവന്‍ നായര്‍ മമ്മൂട്ടിയെ വിശേഷിപ്പിച്ചത് 'കെടാവിളക്ക് ' എന്നാണ്.മറ്റു ഭാഷകള്‍ക്ക് കടംകൊടുത്താലും തിരിച്ചുവാങ്ങി എന്നും സൂക്ഷിക്കുന്ന വിളക്ക് !
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates