ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആരാധകരെ നേടിയെടുത്ത അധ്യാപകൻ രജിത് കുമാറും നടി കൃഷ്ണപ്രഭയും വിവാഹിതരായി എന്നതരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇരുവരുടെയും ഒരു ചിത്രം വൈറലായത്തിന് പിന്നാലെയാണ് വാർത്തകളും നിറഞ്ഞത്. എന്നാൽ പുതിയതായി ആരംഭിക്കാൻ പോകുന്ന ഒരു ഹാസ്യ പരമ്പരയുടെ പ്രമോഷണായിരുന്നു ആ ചിത്രമെന്ന് പിന്നീട് വെളിപ്പെടുത്തി. ഇപ്പോഴിതാ ചിത്രം പുറത്തുവിട്ടതിന് പിന്നാലെ ഉണ്ടായ അനുഭവങ്ങൾ പങ്കുവച്ചിരിക്കുകയാണ് കൃഷ്ണപ്രഭ.
ടിവി സീരിയലിനായി പകർത്തിയ ഫോട്ടോ ഒരു പ്രൊമോഷൻ തന്ത്രം തന്നെയായിരുന്നെന്നും തെറ്റിദ്ധരിപ്പിച്ചതിൽ ക്ഷമ ചോദിക്കുന്നെന്നും കൃഷ്ണപ്രഭ വിഡിയോയിൽ പറഞ്ഞു. ഫോട്ടോ കണ്ടതിന് പിന്നാലെ ധാരാളം പേർ പരിഭവിച്ചും സത്യം അറിയാനും ഒക്കെയായി വിളിച്ചെന്നും ഫോട്ടോ പുറത്തു വന്നപ്പോഴാണ് നമ്മളോട് ഏറ്റവും ചേർന്ന് നിൽക്കുന്നത് ആരെന്ന് മനസ്സിലായതെന്നും കൃഷ്ണപ്രഭ പറയുന്നു.
"കൂട്ടത്തിൽ ഏറ്റവുമധികം പരിഭവം പറഞ്ഞത് പിഷാരടിയാണ്. സത്യം പറഞ്ഞാൽ അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് കണ്ണുനിറഞ്ഞുപോയി. 'നിങ്ങൾക്ക് വേണ്ടപ്പെട്ടവർ ആണെന്നാണ് വിചാരിച്ചത്. ഒരു വാക്കു പറയാമായിരുന്നു. കല്യാണ ആൽബത്തിൽ നിന്നും ഫോട്ടോ എടുത്തു മാറ്റാൻ പോകുന്നു', ഇത്രയും പറഞ്ഞ് കോൾ കട്ട് ചെയ്ത പിഷാരടിയെ തിരികെ വിളിച്ചാണ് സത്യാവസ്ഥ പറഞ്ഞ് ബോധ്യപ്പെടുത്തിയത്".
ഇപ്പോൾ കുടുംബസമേതം വയനാട്ടിലാണ് കൃഷ്ണപ്രഭ. വയനാട്ടിലേയ്ക്കു തിരിക്കുന്ന സമയത്തു തന്നെയാണ് ഈ ഫോട്ടോ റിലീസാവുന്നതും. വയനാട് ട്രിപ്പിന്റെ കാര്യം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു. 'കല്യാണം കഴിഞ്ഞയുടൻ ഹണി മൂണിന് പോയോ?' എന്നതായിരുന്നു പലരുടെയും ചോദ്യം.
രജിത്കുമാർ ഒരു സൂപ്പർ കോ ആർട്ടിസ്റ്റ് ആണെന്നാണ് കൃഷ്ണപ്രഭയുടെ അഭിപ്രായം. ആദ്യമായാണ് അദ്ദേഹം ഒരു പരമ്പരയിൽ വരുന്നത്. നല്ല വ്യക്തിത്വത്തിനുടമയാണ് രജിത് സാറെന്നും നടി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates