സിനിമ പ്രേമികളുടെ ഇഷ്ട സംവിധായകനാണ് ഗൗതം വാസുദേവ് മേനോൻ. അദ്ദേഹത്തിന്റെ റൊമാന്റിക് ചിത്രങ്ങളെ ഫേവറേറ്റ് ലിസ്റ്റിൽ ഉൾപ്പെടുത്താത്തവർ ചുരുക്കമാണ്. അദ്ദേഹം ഒരുക്കിയ പ്രണയചിത്രങ്ങളേക്കാൾ റൊമാന്റിക്കായിരുന്നു അദ്ദേഹത്തിന്റെ പ്രണയകഥ. അദ്ദേഹത്തിന്റെ പല സിനിമകൾക്കും സ്വന്തം ജീവിതവുമായി ബന്ധമുണ്ടെന്ന് നേരത്തെ മുതൽ പ്രചാരമുണ്ടായിരുന്നു. ഇപ്പോൾ തന്റെ പ്രണയത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഗൗതം മേനോൻ. തിരുവനന്തപുരം സ്വദേശിയായ പ്രീതി മേനോനാണ് അദ്ദേഹത്തിന്റെ കഥയിലെ നായിക.
തന്റെ അടുത്ത സുഹൃത്തിനെയാണ് താൻ പ്രണയിച്ച് വിവാഹം കഴിച്ചത് എന്നാണ് ഗൗതം മേനോൻ പറയുന്നത്. ആദ്യം ഇഷ്ടം തുറന്നു പറഞ്ഞത് പ്രീതിയായിരുന്നു. അത് കഴിഞ്ഞ രണ്ട് വർഷത്തിന് ശേഷം ഒരു തീയെറ്ററിൽ വെച്ചാണ് ഗൗതം ഇഷ്ടം പറഞ്ഞത്. തന്റെ സിനിമ വാരണം ആയിരവുമായി തന്റെ പ്രണയത്തിന് സാമ്യമുണ്ടെന്നാണ് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്.
സുഹൃത്തെന്ന് കരുതി ഞാന്‍ വര്‍ഷങ്ങളായി ഇടപഴകിയ ഒരു പെണ്‍കുട്ടി ഉണ്ടായിരുന്നു. ഒരിക്കല്‍ അവള്‍ എന്നോട് പറഞ്ഞു, ''ഇത് സൗഹൃദവും കടന്നു പോയിരിക്കുന്നു. നീ എന്നെ ഒരു സുഹൃത്തായി കാണുന്നത് കൊണ്ടാണ് ഞാന്‍ അത് പറയാതിരുന്നത്.'' എന്നാല്‍ ഇനി പറയാതിരിക്കാനാകില്ല. ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും സുഹൃത്തുക്കള്‍ മാത്രമായി ഇരിക്കാന്‍ കഴിയില്ലെന്ന് പലരും പറയാറുണ്ട്. അങ്ങനെ പറയാന്‍ സാധിക്കില്ല ചിലര്‍ തമ്മില്‍ സൗഹൃദം മാത്രമുണ്ട്. ചിലരുടേത് പ്രണയമായി തീരാറുമുണ്ട്.
ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നതിനാല്‍ ഞാന്‍ അതിനപ്പുറം കടന്നു ചിന്തിച്ചിരുന്നില്ല. പ്രണയത്തെക്കുറിച്ച് അവര്‍ തുറന്ന് പറഞ്ഞപ്പോള്‍ സുഹൃത് ബന്ധത്തിനപ്പുറം അവരുടെ ജീവിതത്തില്‍ എനിക്ക് ഒരു ഇടമുണ്ടെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. രണ്ട് വര്‍ഷമെടുത്താണ് ഞാന്‍ സമ്മതം അറിയിക്കുന്നത്. ഒരു തിയേറ്ററില്‍ വച്ചാണ് ഞാന്‍ എന്റെ പ്രണയം തുറന്ന് പറഞ്ഞത്. ''ഞാനും നിന്നെ സ്‌നേഹിക്കുന്നു, നമുക്ക് വിവാഹം ചെയ്യാം'' എന്ന് പറഞ്ഞു.
വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷമാണ് തന്റെ ആദ്യ സിനിമ പുറത്തിറങ്ങിയത് എന്നാണ് ഗൗതം പറയുന്നത്. വിവാഹം കഴിക്കുമ്പോള്‍ എനിക്ക് പേരോ പ്രശസ്തിയോ ഒന്നും തന്നെ ഇല്ലായിരുന്നു. കയ്യില്‍ പ്രത്യേകിച്ച് ഒന്നുമില്ലാതെ ഞാന്‍ വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചു. ഭാര്യയുടെ പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ സിനിമ ചെയ്യുന്നത് വളരെ വിഷമകരമാകുമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates