

തെന്നിന്ത്യയിലെ ഒരു സൂപ്പര്‍ താരം തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും അയാളെ താന്‍ തല്ലിയിട്ടുണ്ടെന്നും രാധിക ആപ്‌തെ പറഞ്ഞത് വലിയ വിവാദമായിരുന്നു. ഒരു അഭിമുഖത്തിലൂടെയായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. തെന്നിന്ത്യയില്‍ തമിഴ്, തെലുങ്ക്, മലയാളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ളതിനാല്‍ രാധികയുടെ ഈ വെളിപ്പെടുത്തല്‍ രജനികാന്തിനെ വരെ പ്രതിസ്ഥാനത്ത് നിര്‍ത്തിയിരുന്നു. കബാലിയില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചിട്ടുള്ളതിനാല്‍ ആണിത്.
നന്ദമൂരി ബാലകൃഷ്ണ, സൂര്യ, പ്രകാശ് രാജ്, ഫഹദ് ഫാസില്‍, അജ്മല്‍ അമീര്‍ എന്നിവരാണ് രാധികയോടൊപ്പം അഭിനയിച്ചിട്ടുള്ള മറ്റു തെന്നിന്ത്യന്‍ താരങ്ങള്‍. ഈ മൂന്ന് ഭാഷകളിലായി വിരലിലെണ്ണാവുന്ന സിനിമകള്‍ മാത്രമേ രാധിക ചെയ്തിട്ടുള്ളൂ എന്നത് ഇവരിലേക്കെല്ലാം വിരല്‍ ചൂണ്ടാനുള്ള കാരണമായി.
അതിനാല്‍ തെറ്റ് ചെയ്യാത്തവരെ ചര്‍ച്ചയിലേക്ക് വലിച്ചിഴക്കരുത് എന്ന് ആരാധകരില്‍ നിന്നും ആവശ്യം ഉയര്‍ന്നപ്പോഴാണ് രാധികയുടെ പുതിയ വെളിപ്പെടുത്തല്‍. നേഹ ധൂപിയ അവതാരകയായെത്തുന്ന ടോക്ക് ഷോവിലാണ് രാധിക ഇതേക്കുറിച്ച് വിശദീകരിച്ചത്.
'ഞാന്‍ ചെയ്ത ചില തെന്നിന്ത്യന്‍ സിനിമകളില്‍ ചിലത് എനിക്ക് വിചിത്രമായ അനുഭവമാണ് സമ്മാനിച്ചത്. എല്ലാ സിനിമകളും ഒരുപോലെ ആണെന്ന് പറയുകയല്ല. പക്ഷേ തെന്നിന്ത്യയില്‍ ലിംഗ വിവേചനമുണ്ട്. അവിടെ നായകന്‍മാര്‍ വലിയ സ്വാധീനം ഉള്ളവരാണ്.
ഒരു തെലുങ്കു ചിത്രം അഭിനയിച്ചതിന്റെ അനുഭവം പറയാം. ഞാന്‍ സുഖമില്ലാതെ കിടക്കുന്ന രംഗമുണ്ടായിരുന്നു. സെറ്റില്‍ ഒരുപാട് പേരുണ്ടായിരുന്നു. ഞാന്‍ നേരത്തേ പറഞ്ഞ ആ നടന്‍ എന്റെ കാലില്‍ ഇക്കിളിയാക്കി. അയാള്‍ ഒരുപാട് പ്രശസ്തനായ നടനാണ്. ഞാന്‍ പെട്ടന്ന് എഴുന്നേറ്റ് അയാളെ തല്ലി. അവിടെ മൊത്തം അണിയറ പ്രവര്‍ത്തകരും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളുമെല്ലാം ഉണ്ടായിരുന്നു. ഞാന്‍ അയാളെ നോക്കി ഇനി മേലാല്‍ ആവര്‍ത്തക്കരുതെന്ന് താക്കീത് ചെയ്തു. അയാള്‍ ഞെട്ടിപ്പോയി'- രാധിക വ്യക്തമാക്കി.
ലയണ്‍, ലെജന്‍ഡ് എന്നിങ്ങനെ രണ്ട് തെലുങ്ക് സിനിമകളില്‍ രാധിക അഭിനയിച്ചിട്ടുണ്ട്. ഇതില്‍ പ്രധാനവേഷത്തിലെത്തിയത് നന്ദമൂരി ബാലകൃഷ്ണയാണ്.
കബാലിയില്‍ രജനികാന്തിനൊപ്പമുള്ള അനുഭവം വളരെ സന്തോഷത്തോടെയാണ് രാധിക ഓര്‍ക്കുന്നത്. 'മഹാനായ വ്യക്തിയാണ് അദ്ദേഹം. തെന്നിന്ത്യയിലെ എല്ലാ ഇന്‍ഡസ്ട്രിയും ഒരുപോലെയല്ല. പക്ഷേ ഞാന്‍ അഭിനയിച്ച രണ്ട് തെലുങ്കു സിനിമകളിലും എനിക്ക് പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്'- രാധിക കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates