രാമന്റെ ഏദന്‍തോട്ടത്തില്‍ വിരിഞ്ഞത് മാലിനിയുടെ പൂക്കള്‍! രാമന്റെ ഏദന്‍തോട്ടം സിനിമാറിവ്യൂ
ദൃശ്യം എന്ന സിനിമ ചിലരെയെങ്കിലും പ്രചോദിപ്പിച്ചത് അതിലെ ക്രിമിനല്‍ ഒളിപ്പിക്കുന്ന തന്ത്രത്തെയാണെങ്കില്‍ പ്രിയപ്പെട്ട പെണ്‍ സഹോദരിമാരെ നിങ്ങളെ രാമന്റെ ഏദന്‍തോട്ടം പ്രചോദിപ്പിക്കട്ടെ എന്ന ആശംസയോടെ തുടങ്ങുകയാണ്.
മലയാള സിനിമയുടെ വര്‍ത്തമാനകാലത്തുനിന്നുതന്നെയാണ് തുടങ്ങുന്നത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സാഹചര്യം, സിനിമാമേഖലയിലെ സ്ത്രീകള്‍ക്കായി നടി മഞ്ജുവാര്യരുടെ നേതൃത്വത്തില്‍ ഒരു സംഘടന രൂപപ്പെട്ട സമയം, പീഢകസ്വാമിയുടെ ലിംഗം ഛേദിച്ച് 23 ഫീമെയില്‍ കോട്ടയത്തിന് നേര്‍സാക്ഷ്യമുണ്ടാക്കിയ ധീരയായ പെണ്‍കുട്ടിയുടെ ഉദയം.... ഇങ്ങനെ ഒരുപാട് കാലിക പ്രസക്തിയുള്ള സന്ദര്‍ഭങ്ങളിലൂടെയാണ് സിനിമയും മലയാളവും കടന്നുപോകുന്നത്. ആ സാഹചര്യത്തില്‍ രാമന്റെ ഏദന്‍തോട്ടം ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നു എന്നു പറയാതെ വയ്യ.
രാമന്‍ ഈ കഥയില്‍ ഒരു നല്ല തോട്ടത്തിന്റെ ഉടമ മാത്രമാണ്. പക്ഷെ മാലിനിയാണ് ഈ തോട്ടത്തില്‍ പൂക്കള്‍ വിരിയിച്ചത്. മാലിനി മനസ്സുകൊണ്ട് പറിച്ചെടുത്ത വിത്തുമായി സ്വന്തമായൊരു പൂന്തോട്ടം സൃഷ്ടിക്കപ്പെടുന്നതോടെയാണ് രാമന്റെ ഏദന്‍തോട്ടം അവസാനിക്കുന്നത്. കഥ വ്യക്തമായി പറയുന്നത് ഒരുതരം വഞ്ചനയാണെന്നതുകൊണ്ടുതന്നെ കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കുക മാത്രമാണ് ഇവിടെ ചെയ്യുന്നത്.
ഏറെ ആഗ്രഹിച്ച് ലഭിച്ച വിവാഹജീവിതം പ്രണയസുരഭിലമല്ലാതായിത്തീര്‍ന്നതിന്റെ വേദനയുമായി എത്രയോ ആണും പെണ്ണും അഡ്ജസ്റ്റ്‌മെന്റ് എന്ന പേരില്‍ ഭാര്യാഭര്‍ത്താക്കന്മാരായിത്തന്നെ തുടരുന്നുണ്ട്. മാലിനിയും അത്തരമൊരു ജീവിതത്തിലൂടെയാണ് കടന്നുപോകുന്നത്. നിര്‍മ്മിച്ച സിനിമകളെല്ലാം പൊട്ടിയ ചരിത്രംമാത്രമുള്ള ഭര്‍ത്താവ് ഒരു വന്‍ലാഭമുള്ള സിനിമയ്ക്കായുള്ള ഓട്ടത്തിലാണ്.
നര്‍ത്തകിയായിത്തുടങ്ങിയതായിരുന്നു മാലിനിയുടെ ജീവിതം. വിവാഹത്തോടെ വെറും വീട്ടമ്മയായി അവള്‍ ഒതുങ്ങി. എന്നാല്‍ ഭര്‍ത്താവിനൊപ്പം മണ്ണിന്റെ മണമുള്ള രാമന്റെ ഏദന്‍തോട്ടത്തില്‍ എത്തിയതോടെയാണ് അവള്‍ അവളെ തിരിച്ചറിയാന്‍ തുടങ്ങിയത്. രാമനുമായുള്ള സൗഹൃദം അവളെ ജീവിക്കാന്‍ പ്രേരിപ്പിച്ചു.
പരസ്ത്രീബന്ധമുള്ള ഭര്‍ത്താവ് സ്ത്രീയുടെ പരപുരുഷസൗഹൃദംപോലും ലൈംഗികതയുടെ ചുറ്റുപാടുകളായി മാത്രം കാണുന്നു. ഇങ്ങനെയൊരു സാഹചര്യത്തില്‍ മുന്നോട്ടുപോകുന്ന കഥയ്ക്ക് ഒരു സീരിയലിന്റെ പരിസരം എളുപ്പത്തില്‍ സാധ്യമാവുന്നതാണ്. എന്നാല്‍ ഇടയില്‍ കമേഴ്‌സ്യല്‍ എലമെന്റ് എന്ന വാശിയുടെ പുറത്ത് വരുന്ന ചില കഥാപാത്രങ്ങളുടെ ഇടപെടലുകള്‍ ഒഴിവാക്കിയിരുന്നാല്‍ നേരിയതായെങ്കിലും സീരിയലിലേക്ക് ചായുമായിരുന്ന കഥയെ സിനിമാറ്റിക്കായി നിലനിര്‍ത്താന്‍ സാധിക്കുമായിരുന്നു. എങ്കിലും സീരിയല്‍ - സിനിമ അതിര്‍വരമ്പ് ലംഘിക്കുന്നില്ല. ഒറു റഫറിയുടെ റോളില്‍ നിന്നു നോക്കിയാല്‍ തൊട്ടുതൊട്ടില്ല എന്ന മട്ടിലായിരുന്നു എന്നു പറയാം.
ഭര്‍ത്താവിന്റെ സംശയം കൊടുമുടിയിലെത്തിയപ്പോള്‍ സ്വന്തം ഭാര്യയെക്കുറിച്ച് അയാള്‍ നടത്തുന്ന നിരീക്ഷണം ഏറെ ശ്രദ്ധേയമാണ്. രാമനോടുള്ള അവളുടെ വീഡിയോമെസേജ് കണ്ടുകൊണ്ട് അയാള്‍ പറയുന്നുണ്ട്: ''ഇത് അവള്‍ക്ക് പ്രണയം തന്നെയാണ്. ഞങ്ങളുടെ ജീവിതത്തില്‍ ഇത്രയൊന്നും പ്രണയാര്‍ദ്രത കാണിച്ചിട്ടില്ല.'' ഭാര്യയുടെ നേര്‍ത്ത മുഖംമാറ്റത്തെപ്പോലും മനസ്സിലാക്കാന്‍ സാധിക്കുന്ന ആ നിമിഷത്തിലെ ഭര്‍ത്താവ് എല്ലാ ഘട്ടങ്ങളിലും അയാളിലുണ്ടായിരുന്നെങ്കില്‍ തീരാവുന്നതേയുള്ളു അവരുടെ പ്രശ്‌നം. അവരുടെ വിവാഹജീവിതത്തില്‍ പ്രണയാര്‍ദ്രതയുണ്ടായില്ലെന്നതിന് അയാള്‍ അവളെ മാത്രമാണ് കുറ്റപ്പെടുത്തുകയും ചെയ്യുന്നത്. ഒരു ശരാശരി പുരുഷമേധാവിത്വത്തെ ജോജു എന്ന നടനിലൂടെ വരച്ചുകാട്ടാന്‍ ഈ സീനുകള്‍ മാത്രം മതിയാകും.
സഹികെട്ട് അയാള്‍ക്ക് വിവാഹമോചനത്തിനുള്ള വക്കീല്‍നോട്ടീസ് അയയ്ക്കുന്ന മാലിനി സ്വാതന്ത്ര്യത്തിലേക്കാണ് വാതില്‍ തുറക്കുന്നത്. ഈ കത്ത് കിട്ടുമ്പോള്‍ ഭര്‍ത്താവ് എല്ലാം മറന്ന് അവളുടെ അടുത്തെത്തി ഒരുമിച്ചുള്ള ജീവിതത്തിനായി കെഞ്ചുന്നുണ്ട്. വളരെ പ്രസന്നതയോടെയാണ് അവള്‍ അത് നിരസിക്കുന്നത്.
ഓരോരുത്തരും ഓരോ വ്യക്തികളാണെന്നും അവരെ വിവാഹത്തിന്റെ ഉടമ്പടിയില്‍ തളച്ചിടുന്നത് എത്ര കെട്ടിയാലും മുഴച്ചുനില്‍ക്കുന്ന ഒന്നായി ജീവിതം മാറുമെന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു. മകള്‍ രണ്ട് പരിസരങ്ങളിലായി ജീവിക്കട്ടെ എന്ന വാക്കുകൂടി മാലിനി പറയുന്നിടത്താണ് രാമന്റെ ഏദന്‍തോട്ടം മാലിനിയുടെ പൂക്കളാല്‍ നിറയുന്നത്.
സിനിമാമേഖലയില്‍ അടുത്തിടെയുണ്ടായ പല സന്ദര്‍ഭങ്ങളെയും ഓര്‍ത്തെടുക്കുന്നുണ്ട് ഈ ചിത്രം. ദിലീപ് - മഞ്ജു വാര്യര്‍ വിവാഹമോചനത്തില്‍ തുടങ്ങുന്നതാണ് ഈ കഥയും എന്നു പറയേണ്ടിവരും. എന്നാല്‍ ദിലീപ് എന്ന ഭര്‍ത്താവിനെയല്ല; മഞ്ജുവാര്യര്‍ എന്ന ഭാര്യയെ മാത്രമാണ് ഈ സിനിമയിലേക്ക് പകര്‍ത്തിയത്.
രാമന്റെ ഏദന്‍തോട്ടം പുറത്തിറങ്ങിയ വേളയില്‍ മഞ്ജുവാര്യര്‍ ഈ ചിത്രത്തിന് ആശംസകളുമായി ഫെയ്‌സ്ബുക്കില്‍ കുറിച്ചത് ഇതുകൊണ്ടായിരിക്കണം എന്ന് അല്‍പം കുശാഗ്രബുദ്ധിയോടെതന്നെ ചിന്തിച്ചാല്‍ തെറ്റു പറയാനാവില്ല.
നടി ആക്രമിക്കപ്പെട്ടതിനുശേഷം സ്ത്രീവിരുദ്ധ സംഭാഷണങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വന്നത് എല്ലാവരും ഓര്‍ത്തിരിക്കാനിടയുണ്ട്. ചിലര്‍ മാപ്പു പറയുകയും, പൃഥ്വിരാജിനെപ്പോലുള്ളവര്‍ കുറേക്കൂടി കടന്ന് പറയുകയും ചെയ്തതാണ്. എന്നാല്‍ അതിനുശേഷവും സ്ത്രീയെ ഒരു പുരുഷന്റെ നിഴലില്‍ ജീവിച്ചുവളരുന്നവളായിട്ടല്ലാതെ, സ്വതന്ത്രയായിട്ട് കണ്ടിട്ടില്ല. എന്നാല്‍ ആ ചിത്രങ്ങള്‍ക്കും അത്തരം സന്ദര്‍ഭങ്ങള്‍ക്കും ഏദന്‍തോട്ടത്തിലെ മാലിനിയും അവളുടെ തീരുമാനവും പ്രചോദനം നല്‍കുന്നതാണ്.
പീഢനം സഹിക്കാതെ ഒരു പെണ്‍കുട്ടി സ്വാമിയുടെ ലിംഗഛേദം നടത്തി ധീരവനിതയായ നാട്ടില്‍ മാലിനിയും ഒരു പ്രതിരോധമാണ് തീര്‍ക്കുന്നത്. കെ.ജി. ജോര്‍ജ്ജിന്റെ മറ്റൊരാള്‍ എന്ന സിനിമയില്‍ സീമയുടെ കഥാപാത്രമായ സുശീല തന്റെ ഭര്‍ത്താവ് കൈമളിനോട്(കരമന ജനാര്‍ദ്ദനന്‍) കാണിക്കുന്നതിനേക്കാള്‍ മാലിനി ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. ഇതൊക്കെ പറയുമ്പോള്‍ ലിംഗഛേദവും വിവാഹമോചനവുമാണ് എല്ലാ സ്ത്രീകളും പ്രതിരോധിക്കാന്‍ ചെയ്യേണ്ടത് എന്ന അഭിപ്രായവുമില്ല എന്ന് ആവര്‍ത്തിച്ചുപറയാന്‍ ആഗ്രഹിക്കുകയാണ്.
ചില സിനിമകളിലെ ചില കഥാപാത്രങ്ങളെങ്കിലും ഇന്നയാള്‍ ചെയ്താല്‍ നന്നാകുമായിരുന്നു എന്നൊരു തോന്നലുണ്ടാകാറുണ്ട്. ഇന്നലെ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് പ്രേംപ്രകാശ് ഈ ലേഖകനോട് ഒരിക്കല്‍ പറയുകയുണ്ടായി: ഇന്നലെയില്‍ ജയറാം ചെയ്ത വേഷം മോഹന്‍ലാലും സുരേഷ്‌ഗോപി ചെയ്ത വേഷം മമ്മൂട്ടിയും ചെയ്യുന്നതിനെക്കുറിച്ചായിരുന്നു ആദ്യം പ്ലാന്‍ ചെയ്തതും ആലോചിച്ചതും. പക്ഷെ അത് നടക്കാതെ പോയതില്‍ പത്മരാജനും വേദനയുണ്ടായിരുന്നു എന്ന്. ഇതു കേട്ടപ്പോള്‍ മനസ്സില്‍ വെറുതെ സങ്കല്‍പ്പിച്ചുപോയിരുന്നു ആ കഥാപാത്രങ്ങള്‍ മോഹന്‍ലാലും മമ്മൂട്ടിയും ചെയ്താലുണ്ടാകുന്നതിന്റെ സൗന്ദര്യത്തെക്കുറിച്ച്(ജയറാമും സുരേഷ്‌ഗോപിയും നന്നായി ചെയ്തില്ല എന്ന് ഇതിന് അര്‍ത്ഥമില്ല). ഈ ചിത്രത്തിലും അങ്ങനെയൊരു താരതമ്യം നടത്തി നോക്കുക മാത്രമാണ് ചെയ്യുന്നത്. ജോജുവിന്റെ വേഷം ബിജുമേനോനും കുഞ്ചാക്കോയുടെ വേഷം ഫഹദ് ഫാസിലും ചെയ്തിരുന്നുവെങ്കില്‍ എന്ന് വെറുതെ ഒരു മോഹം. കുഞ്ചാക്കോയും ജോജുവും ഒട്ടും മാറ്റ് കുറച്ചില്ല എന്ന സത്യാവസ്ഥയോടൊപ്പംതന്നെ ആലോചിച്ചുവെന്നുമാത്രം!
സ്‌കൂള്‍ വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറി എന്ന കേസില്‍ ഉള്‍പ്പെട്ടതിനുശേഷം ശ്രീജിത് രവി അപ്രത്യക്ഷമായിരിക്കുകയായിരുന്നു. ഈ ചിത്രത്തില്‍ മികച്ച വേഷവുമായാണ് ശ്രീജിത് രവി എത്തുന്നത്. പക്വതയോടെയാണ് ഈ വേഷത്തെ ശ്രീജിത് കൊണ്ടുനടക്കുന്നത്. ഈ സിനിമയുടെ സന്ദേശം ശ്രീജിത് രവിയും ഉള്‍ക്കൊണ്ടിട്ടുണ്ടാവും എന്നു പ്രതീക്ഷിക്കുകയും ചെയ്യുന്നു.
ചിലരെങ്കിലും രാമന്റെ സ്വഭാവ മേന്മയെ പര്‍വ്വതീകരിച്ച് കാണിക്കുന്നുവെന്ന ആക്ഷേപം ഉയര്‍ത്തിയതായി കണ്ടു. മാലിനിയെ ഒന്നു തൊടാന്‍പോലും കൂട്ടാക്കാതെ പതിവ്രതനായി നില്‍ക്കുന്നത് സദാചാരമൂല്യം ഉയര്‍ത്താനാണോ എന്ന ചോദ്യവുമുണ്ടായിരുന്നു. ഒരു പെണ്ണിനെ വെറും കാമച്ചരക്കായിമാത്രമല്ല, നല്ല സൗഹൃദമായും ചിലര്‍ കാണുന്നതിലെന്താണ് തെറ്റ്. മാലിനി എന്താണെന്ന് കൃത്യമായി വരച്ചിട്ട കഥയില്‍ അവളെ ആ മട്ടില്‍ത്തന്നെ മനസ്സിലാക്കാന്‍ സാധിച്ചു എന്നത് ഒരു സുഹൃത്തിന്റെ മേന്മയായി കണക്കാക്കുന്നതല്ലേ നല്ലത്? ഒരു ചോദ്യംമാത്രമായി കരുതിയാല്‍ മതി!
വാല്‍ക്കഷണം: സിനിമ കണ്ടിറങ്ങുന്ന വേളയില്‍ തൊട്ടടുത്ത തീയേറ്ററില്‍നിന്നും ബാഹുബലിയുടെ ക്ലൈമാക്‌സ് സീന്‍ ശബ്ദസാന്നിധ്യത്തില്‍ പൊടിപൊടിക്കുമ്പോള്‍ ചില ഭര്‍ത്താക്കന്മാരെങ്കിലും, ''കണ്ടാ, അവിടെ തിമിര്‍ക്കണ കണ്ടാ?!'' എന്ന് ഭാര്യമാരെ നോക്കി പറയുന്നുണ്ടായിരുന്നു. പക്ഷെ ചില ഭാര്യമാര്‍ അത്തരം ചോദ്യത്തെ നേരിട്ടത്; ടൈറ്റിലുകള്‍ ഓടിക്കൊണ്ടിരിക്കുന്ന തിരശ്ശീലയിലേക്ക് മാലിനിയെ ഒന്നുകൂടി കാണിക്കുന്നുണ്ടോ എന്ന അന്വേഷണത്തോടെയുള്ള നോട്ടത്തോടെയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

