വരനെ ആവശ്യമുണ്ട് എന്ന ഹിറ്റ് സിനിമയിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് അനൂപ് സത്യൻ. എന്നാൽ അനൂപ് സത്യന്റെ ആദ്യ ചിത്രം അല്ല ഇത്. പല സൂപ്പർഹിറ്റ് സംവിധായകരുടെ ചിത്രത്തിലും ക്ലാപ്പ് ബോയ് ആയും സഹസംവിധായകനായും അനൂപ് പ്രവർത്തിച്ചിട്ടുണ്ട്. എന്തിനു പറയുന്ന ജൂനിയർ ആർട്ടിസ്റ്റായി പോലും ക്യാമറയിൽ മുഖം കാണിച്ചിട്ടുണ്ട്. ഇപ്പോൾ തന്റെ ജീവിതത്തിലുണ്ടായ ക്ലാപ്പ് ബോയ് സ്റ്റോറി പങ്കുവെക്കുകയാണ് താരം.
ദിലീപിനേയും റിമ കല്ലിങ്കലിനേയും പ്രധാന കഥാപാത്രങ്ങളാക്കി ലാൽ ജോസ് സംവിധാനം ചെയ്ത ഏഴ് സുന്ദര രാത്രികൾ എന്ന സിനിമയിലൂടെയാണ് അനൂപ് ക്ലാപ്പ്ബോയ് ആവുന്നത്. ഇതേ ചിത്രത്തിൽ തന്നെയാണ് താരം അഭിനയിച്ചും കയ്യടി നേടിയത്. റിമയുടെ അടുത്തേക്ക് മദ്യപിച്ച് എത്തുന്ന പൂവാലനായാണ് അനൂപ് വരുന്നത്. ആ ഷോട്ട് സിംഗിൾ ഷോട്ടിൽ ഓകെ ആയപ്പോൾ ഒരു ക്ലാപ്പ് ബോയിക്ക് അവർ കയ്യടി തന്നുവെന്നുമാണ് അനൂപ് പറയുന്നത്. ഫേയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് പഴയ ഓർമ പങ്കുവെച്ചത്.
അനൂപ് സത്യന്റെ കുറിപ്പ് ഇങ്ങനെ
‘2013 അവസാനമാണ് ലാൽ ജോസ് സർ ചിത്രമായ ഏഴ് സുന്ദര രാത്രികളിൽ എഡി ആയി(ക്ലാപ് ബോയ്) ഞാൻ ചേരുന്നത്. അച്ഛൻ സിനിമാ സംവിധായകൻ ആണെങ്കില്‍ കൂടി, എന്റെ ജീവിതത്തിൽ ഞാൻ അഭിമുഖീകരിക്കുന്ന മൂന്നാമത്തെ സിനിമാ ഷൂട്ട് കൂടിയായിരുന്നു ഇത്. പിൻഗാമി ക്ലൈമാക്സ് ഷൂട്ട് ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ അവിടെ മോഹൻലാൽ എന്നൊരാൾ ഉണ്ടായതുകൊണ്ട് ഫിലിംമേക്കിങിലേയ്ക്കൊന്നും എന്റെ നോട്ടം എത്തുമായിരുന്നില്ല.
സിനിമയിൽ ക്ലാപ്പ് അടിക്കാൻ തന്നെ ഒരു ബുദ്ധിമുട്ട് എനിക്ക് ഉണ്ടായിരുന്നു. ഒരു സംവിധായകന്റെ മകൻ ആയിട്ടുകൂടി എന്തുകൊണ്ടാണ് ഇവനിത് നന്നായി ചെയ്യാത്തതെന്ന് പലരും പറയുന്നുണ്ടായിരുന്നു. ആദ്യ മൂന്ന് ദിവസം ലാൽ ജോസ് സാറും ക്ഷമിച്ചു. എന്നാൽ പിന്നെ പിന്നെ തെറ്റുവരുത്തിയാൽ എന്നോട് ദേഷ്യപ്പെടാന്‍ തുടങ്ങി. അതെന്നെ ഒരുപാട് സഹായിച്ചു. അങ്ങനെ ക്ലാപ്പ് ബോർഡിനെ ഇഷ്ടപ്പെടാൻ തുടങ്ങി. അതെന്നെ ക്യാമറ ലെൻസുകളുടെ റേഞ്ചിനെപറ്റിയും ഷോട്ട് ഡിവിഷനെപറ്റിയും താരങ്ങളോട് ഇടപെടുന്നതിനെപറ്റിയും പറയാതെ പറഞ്ഞുതന്നുകൊണ്ടിരുന്നു.
ഈ ടീമിൽ എന്നെ ചേര്‍ത്തതിന് ലാൽ ജോസ് സാറിന് നന്ദി. ഇത്രയും പറയുമ്പോൾ എന്റെ അഭിനയ നിമിഷത്തെപറ്റിയും പറയണം. ഒരു സീൻ ഷൂട്ട് ചെയ്യുന്നതിനിടെ ജൂനിയർ ആർടിസ്റ്റിനു പേടി തുടങ്ങി. അങ്ങനെ ആ സീൻ എന്നോട് ചെയ്യാൻ ലാൽ ജോസ് സർ ആവശ്യപ്പെട്ടു. ഞാൻ നോ പറയുന്നതിനു മുമ്പേ ജൂനിയർ ആർട്ടിസ്റ്റിന്റെ കോസ്റ്റ്യൂം അവർ എനിക്കു തന്നു കഴിഞ്ഞിരുന്നു. പക്ഷേ ആ ഷോട്ട് സിംഗിൾ ടേക്കിൽ ഓക്കെയായി. അന്ന് ഒരു ക്ലാപ്പ് ബോയ്ക്കു വേണ്ടി അവർ കൈയ്യടിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates