വില്ലനായും നായകനായും ക്രിസ്മസിനെ വരവേല്‍ക്കാന്‍ ടൊവിനോ; ആവേശം; നെഞ്ചിടിപ്പ്

എന്റെ ഉമ്മാന്റെ പേര് എന്ന ചിത്രത്തില്‍ നായകനായും മാരി 2വില്‍ വില്ലനായുമാണ് ടൊവിനോ എത്തുന്നത് 
വില്ലനായും നായകനായും ക്രിസ്മസിനെ വരവേല്‍ക്കാന്‍ ടൊവിനോ; ആവേശം; നെഞ്ചിടിപ്പ്
Updated on
2 min read

കൊച്ചി: കൊട്ടിഘോഷങ്ങളൊന്നുമില്ലാതെ, വലിയ ബഡായി വര്‍ത്തമാനങ്ങളൊന്നുമില്ലാതെ ക്രിസ്മസ് റീലീസിന് എത്തുന്ന മലയാള ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. നാല് മലയാള ചിത്രങ്ങളാണ് ക്രിസ്മസ് റിലീസിനായി എത്തുന്നത്. ഒപ്പം തമിഴില്‍ നിന്ന് ധനുഷും ഹിന്ദിയില്‍ നിന്ന് ഷാരൂഖ് ഖാനും കന്നടസിനിമയില്‍ നിന്നും യാഷും കൂടെയുണ്ട്. 

ടൊവിനോ തോമസിന്റെ രണ്ട് ചിത്രങ്ങളാണെത്തുന്നത്. എന്റെ ഉമ്മാന്റെ പേര് എന്ന ചിത്രത്തില്‍ നായകനാണെങ്കില്‍ മാരി 2വില്‍ വില്ലനായാണ് എത്തുന്നത്. രണ്ട് ചിത്രത്തിലും അതീവ ഗറ്റപ്പിലാണ് ടൊവിനോ. രണ്ട് ചിത്രങ്ങളും തീയേറ്ററില്‍ ആളുകളെ നിറയ്ക്കുമെന്നാണ് ആരാധകപക്ഷം. 
മറ്റ് ചിത്രങ്ങള്‍ ഫഹദ് ഫാസില്‍ നായകനാവുന്ന സത്യന്‍ അന്തിക്കാട് ചിത്രം ' ഞാന്‍ പ്രകാശന്‍', രഞ്ജിത്ത് ശങ്കര്‍ ജയസൂര്യ കൂട്ടുകെട്ടിലൊരുങ്ങുന്ന 'പ്രേതം2', ഷാരൂഖ് ഖാന്‍ ചിത്രം 'സീറോ', യാഷ് നായകനാവുന്ന കന്നടയിലെ ബ്രഹ്മാണ്ഡചിത്രം 'കെ ജി എഫ്', ധനുഷിന്റെ തമിഴ് ചിത്രം 'മാരി2' എന്നിവ ഡിസംബര്‍ 21 നും ലാല്‍ജോസ് കുഞ്ചാക്കോ ബോബന്‍ കൂട്ടുക്കെട്ടിന്റെ 'തട്ടുംപ്പുറത്ത് അച്യുതന്‍' ഡിസംബര്‍ 22 നുമാണ് തിയേറ്ററുകളിലെത്തുന്നത്.

എന്റെ ഉമ്മാന്റെ പേര് എന്ന ചിത്രം ജോസ് സെബാസ്റ്റിയനാണ് സംവിധാനം. ഒരു അമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ നര്‍മ്മത്തില്‍ ചാലിച്ച് പറയുന്ന 'എന്റെ ഉമ്മാന്റെ പേര്' എന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ജോസ് സെബാസ്റ്റ്യനും ശരത് ആര്‍.നാഥും ചേര്‍ന്നാണ്. ചിത്രത്തില്‍ ഹമീദ് എന്ന കഥാപാത്രമായാണ് ടൊവിനോ അഭിനയിക്കുന്നത്. 'ഒരു കുപ്രസിദ്ധ പയ്യനു' ശേഷം തിയേറ്ററിലെത്തുന്ന ടൊവിനോ ചിത്രമെന്ന പ്രത്യേകയും ചിത്രത്തിനുണ്ട്. ടൊവിനോ, ധനുഷിനൊപ്പം അഭിനയിക്കുന്ന 'മാരി2'വും ഡിസംബര്‍ 21 നു തന്നെയാണ് റിലീസ്.

ടൊവിനോയുടെ കഥാപാത്രത്തിന്റെ ഉമ്മയായി ഉര്‍വ്വശി എത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. സിനിമയുടെ ടൈറ്റിലില്‍ മാത്രമല്ല, സിനിമയിലും ശ്രദ്ധേയമായൊരു റോള്‍ തന്നെയാണ് ഉര്‍വ്വശിക്കെന്ന വാര്‍ത്തകളാണ് ലഭിക്കുന്നത്. മാമുക്കോയ, സിദ്ദിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തന്‍, ഹരീഷ് കണാരന്‍ എന്നിങ്ങനെ നിരവധി താരങ്ങളും ചിത്രത്തിലുണ്ട്.

'എല്‍സമ്മ എന്ന ആണ്‍കുട്ടി', 'പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും' തുടങ്ങിയ ജനപ്രിയചിത്രങ്ങള്‍ക്കുശേഷം ലാല്‍ ജോസ് കുഞ്ചാക്കോ ബോബന്‍ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുകയാണ് തട്ടിന്‍പുറത്ത് അച്യുതന്‍ എന്ന ചിത്രത്തിലൂടെ.'എല്‍സമ്മ എന്ന ആണ്‍കുട്ടി', 'പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും' തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ എം സിന്ധുരാജ് തന്നെയാണ് ഈ ചിത്രത്തിന്റെയും തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ഗ്രാമാന്തരീക്ഷത്തിലുള്ള ഒരു കഥയാണ് ചിത്രവും പറയുന്നത്. ഒരു കടയിലെ ജോലിക്കാരനായ ആ നാട്ടിലെ എല്ലാവിധ കാര്യങ്ങളിലും ഇടപെട്ട്, അമ്പലങ്ങളും ഉത്സവങ്ങളുമൊക്കെയി ആ നാടിന്റെ ഭാഗമായി ജീവിക്കുന്ന സാധാരണക്കാരനായ നാട്ടുമ്പുറത്തുകാരന്‍ കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഷെബിന്‍ ബെക്കര്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഇരട്ട സംവിധായകരായ അനില്‍ബാബുമാരില്‍ ബാബു നാരായണന്റെ മകളായ ശ്രാവണയാണ് ചിത്രത്തിലെ നായിക. നെടുമുടി വേണു, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്. ദീപാങ്കുരനാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഡിസംബര്‍ 22 നാണ് ചിത്രം റിലീസിനെത്തുന്നത്.

'പ്രേത'ത്തിന് രണ്ടാം ഭാഗവുമായി രഞ്ജിത് ശങ്കറും ജയസൂര്യയും വീണ്ടും തിയേറ്ററുകളിലേക്കെത്തുകയാണ്. 2016ലാണ് ആദ്യ ചിത്രമായ 'പ്രേതം' റിലീസ് ചെയ്തത്. 'പ്രേതം 2' എന്നു പേരിട്ടിരിക്കുന്ന പുതിയ ചിത്രവും ഹൊറര്‍ കോമഡി ത്രില്ലര്‍ ഴോണറിലാണ് വരുന്നത്. വരിക്കാശ്ശേരി മനയുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നതെന്ന സൂചനകളാണ് ട്രെയിലറുകള്‍ നല്‍കുന്നത്. മെന്റലിസ്റ്റ് ജോണ്‍ ഡോണ്‍ ബോസ്‌കോ ആയാണ് ജയസൂര്യ ഈ ചിത്രത്തിലും എത്തുന്നത്. ക്വീന്‍ ഫെയിം സാനിയ ഇയ്യപ്പന്‍, വിമാനം ഫെയിം ദുര്‍ഗ്ഗ കൃഷ്ണന്‍ എന്നിവരാണ് നായികമാരായെത്തുന്നത്. ഡെയ്ന്‍ ഡേവിഡ്, സിദ്ധാര്‍ഥ് ശിവ, അമിത് ചക്കാലയ്ക്കല്‍ എന്നിവരാണ് മറ്റ് താരങ്ങള്‍.

വിഷ്ണു നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം!. ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് നിര്‍മ്മാണം. ജയസൂര്യയുടെ ഭാര്യ സരിതയാണ് ചിത്രത്തില്‍ ജയസൂര്യയുടെ കഥാപാത്രത്തിന്റെ വസ്ത്രാലങ്കാരം നിര്‍വ്വഹിക്കുന്നത്.

'ഒരു ഇന്ത്യന്‍ പ്രണയകഥ'യെന്ന വിജയചിത്രത്തിനു ശേഷം സത്യന്‍ അന്തിക്കാടും ഫഹദ് ഫാസിലും കൈകോര്‍ക്കുന്ന ചിത്രമാണ് 'ഞാന്‍ പ്രകാശന്‍'. പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന സിനിമ എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്.

'മലയാളിക്ക് കണ്ടു പരിചയമുള്ള ഒരു ടിപ്പിക്കല്‍ മലയാളി യുവാവാണ് പ്രകാശന്‍' എന്നാണ് സത്യന്‍ അന്തിക്കാട് 'പ്രകാശ'നെ വിശേഷിപ്പിച്ചിരിക്കുന്നത്. ഗസറ്റില്‍ പരസ്യം ചെയ്ത് പ്രകാശന്‍ എന്ന പേര് 'പി.ആര്‍.ആകാശ് ' എന്ന് പരിഷ്‌കരിക്കുന്ന കഥാപാത്രമായാണ് ഫഹദ് എത്തുന്നത്. 'അരവിന്ദന്റെ അതിഥികള്‍', 'ലവ് 24ത7' എന്നീ ചിത്രങ്ങളിലൂടെ മലയാളിക്ക് സുപരിചിതയായ നിഖില വിമല്‍ ആണ് ചിത്രത്തിലെ നായിക. സലോമി എന്ന കഥാപാത്രത്തെയാണ് നിഖില അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ഒരു പ്രധാന റോളില്‍ ശ്രീനിവാസനും എത്തുന്നുണ്ട്. ഗോപാല്‍ജി എന്നാണ് ശ്രീനിവാസന്റെ കഥാപാത്രത്തിന്റെ പേര്. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറാമാന്‍ എസ്.കുമാറാണ്. ഷാന്‍ റഹ്മാന്റേതാണ് സംഗീതം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com