മലയാള സിനിമയിലെ ശ്രദ്ധേയരായ നടിമാരിലൊരാളാണ് ചിത്ര. ശശികുമാറിന്റെ മോഹൻലാൽ ചിത്രം ആട്ടക്കലാശത്തിലൂടെ മലയാളത്തിലേക്കെത്തിയ ചിത്ര നിരവധി സുപ്രധാന കഥാപാത്രങ്ങൾക്കാണ് വേഷമിട്ടത്. ഇതിലേറെയും വളരെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. എന്നാൽ മലയാള സിനിമയിൽ നിന്നും നേരിട്ട ഒരു ദുരനുഭവം തുറന്നുപറയുകയാണ് ചിത്ര. ഒരു മാഗസിന് നൽകിയ അഭിമുഖത്തിലാണ് ചിത്രയുടെ തുറന്നുപറച്ചിൽ.
വലിയ ബാനറുകൾ, വലിയ സംവിധായകർ, വലിയ എഴുത്തുകാർ ഒക്കെ നിറഞ്ഞു നിന്ന കാലഘട്ടത്തിലായിരുന്നു തന്റെ മലയാളത്തിലേക്കുള്ള പ്രവേശം. ജോലി തന്നെ ഉന്മാദമായി കണ്ടിരുന്ന അവർക്ക് മോശപ്പെട്ട കാര്യങ്ങൾ ചിന്തിക്കാൻ കൂടി സമയം കിട്ടിയിരുന്നില്ല. ഇന്നത്തെ തലമുറയ്ക്ക് തൊഴിലിൽ ആത്മാർത്ഥത കുറഞ്ഞിട്ടാവാം സെറ്റിൽ അസുഖകരമായ സംഭവങ്ങൾ ആവർത്തിക്കുന്നതെന്ന് ചിത്ര പറയുന്നു.
അധികമാരോടും സംസാരിക്കാത്തതായിരുന്നു തന്റെ പ്രകൃതം. ഇത് ജാഡയാണെന്ന് തെറ്റിദ്ധരിച്ച ഒരു അസിസ്റ്റന്റ് ഡയറക്ടർ ഉണ്ടായിരുന്നു. അയാൾ എപ്പോഴും പറയും 'രണ്ടുകൊല്ലം കഴിഞ്ഞാൽ ഞാനും സിനിമയെടുക്കും. വലിയ സംവിധായകനാകും. എന്നെ മൈന്റ് ചെയ്യാത്തവരെയൊക്കെ അന്ന് ഒരു പാഠം പഠിപ്പിക്കും." എന്റെ മുഖത്തുനോക്കിയാവും മിക്കപ്പോഴും അയാളിത് പറയുക
കുറച്ചുവർഷങ്ങൾക്ക് ശേഷം അദ്ദേഹം സ്വതന്ത്ര സംവിധായകനായി. ആ പടത്തിൽ ഞാനായിരുന്നു നായിക. മമ്മൂട്ടിയാണ് നായകൻ. ഒരു പാട്ടുസീനിൽ ഞാൻ ഒരു കുന്നിറങ്ങിവരുന്നു. വലിയ കുന്നാണ്. തിളച്ചുമറിയുന്ന വെയിലും. ഞാൻ മിണ്ടാത്തതിലുള്ള പ്രതികാരം മനസിൽ വച്ചാവണം പതിനഞ്ച് തവണ അയാൾ ആ ഷോട്ട് എടുത്തു. ആകെ വിയർത്ത് കുളിച്ചു. എനിക്ക് തലചുറ്റി. എന്നാൽ വീണ്ടും വീണ്ടും അയാൾ ആ ഷോട്ടിന് നിർബന്ധിച്ചു കൊണ്ടിരുന്നു.
എന്റെ ദയനീയാവസ്ഥ കണ്ട മമ്മൂട്ടിക്ക് ദേഷ്യം വന്നു. അദ്ദേഹം സംവിധായകനോട് ചൂടായി. അപ്പോഴാണ് അയാൾ ഓ കെ പറഞ്ഞത്. മലയാള സിനിമയിൽ താൻ നേരിട്ട മോശപ്പെട്ട അനുഭവമാണ് ഇതെന്നും ചിത്ര പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates