അപരിചിത ദേശങ്ങളിലെ മലയാളി ജീവിതത്തിന്റെ വേറിട്ടഭാവങ്ങളുമായി ഒരു മലയാള സിനിമ, "നവൽ എന്ന ജുവൽ ". കേരളത്തിന്റെയും ഇറാന്റെയും സാംസ്‌കാരിക പശ്ചാത്തലങ്ങളിലുള്ള കഥപറയുന്ന ചിത്രം രഞ്ജിലാൽ ദാമോദരൻ എന്ന നവാഗതനാണ് സംവിധാനം ചെയ്യുന്നത്. ഓഗസ്റ്റ് 11നു കേരളത്തിലെമ്പാടുമുള്ള തീയേറ്ററുകളിൽ ചിത്രം പ്രദര്‍ശനത്തിനെത്തും.
ഹോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയായ ഇറാഖി നടി റീം കാദിമിനും ബോളിവുഡ് നടൻ ആദിൽ ഹുസൈനുമൊപ്പം മലയാളത്തിൽ നിന്നും ശ്വേതാമേനോനും പ്രധാന കഥാപാത്രമാവുന്നു. ശ്വേതാ മേനോൻ കഥാപാത്രത്തിന്റെ മേക് ഓവർ ചിത്രത്തിന്റെ സസ്പെൻസുകളിൽ ഒന്നാണ്. അതീവ സുരക്ഷാ സംവിധാനങ്ങളോടെ ഒമാനിൽ ചിത്രീകരിച്ച ശ്വേതാ മേനോന്റെ കഥാപാത്രത്തിന്റെ രൂപഭാവങ്ങൾ ചിത്രീകരണസമയത് തന്നെ വാർത്തയായിരുന്നു.
മലയാളിയുടെ അന്തർദേശീയ ജീവിതത്തിന്റെ കഥ പറയുന്ന "നവൽ എന്ന ജുവൽ' ഒരമ്മയും മകളും കടന്നുപോകുന്ന ജീവിത സംഘർഷങ്ങളിലൂടെ സമകാലിക ലോകത്തിന്റെ സാമൂഹിക -രാഷ്ട്രീയ ചിത്രീകരണമാണ്.
സംവിധായകൻ രഞ്ജിലാലിന്റെ കഥയ്ക്ക് അധ്യാപകനായ വി. കെ. അജിത്കുമാറും രഞ്ജിലാലും ചേർന്നാണ് തിരക്കഥയൊരുക്കിയത്. ചെറിയാൻ മാത്യു ആലഞ്ചേരിൽ നിർമാണ പങ്കാളിയായ ചിത്രത്തിന്റെ ഛായാഗ്രഹണം ജോബി ജെയിംസും എഡിറ്റ് വിജയകുമാറുമാണ്. റഫീഖ് അഹമ്മദിനൊപ്പം പതിനഞ്ചു വയസുകാരിയായ കാവ്യമയിയും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം എം. ജയചന്ദ്രനും, പശ്ചാത്തല സംഗീതം ഹോളിവുഡ് സംഗീതജ്ഞനായ എഡി ടോറസുമാണ്.
ഹോളിവുഡിലും മറ്റും വ്യാപകമായ പ്രോസ്തെറ്റിക് മേക്കപ്പ് സാങ്കേതികതയാണ് എം. ജെ. റോഷൻ ചിത്രത്തിലെ രൂപമാറ്റങ്ങൾക്കായി ഉപയോഗിച്ചിരിക്കുന്നത്. മുഖം മാറ്റിമറിക്കുമ്പോഴും യഥാർത്ഥ ഭാവങ്ങൾ നഷ്ടപ്പെടാതെ അവതരിപ്പിക്കാനാവുമെന്നതാണ് ഇത്തരം മേക്കപ്പിന്റെ സവിശേഷത. സുധീർ കരമന, അനുസിത്താര, അഞ്ജലി നായർ, പാരിസ് ലക്ഷ്മി, മണികണ്ഠൻ പട്ടാമ്പി, ചാലി പാല എന്നിവരാണ് മലയാളത്തിൽ നിന്നുള്ള മറ്റ് അഭിനേതാക്കൾ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates