

'വേറെ എന്തൊക്കെ കഥകളുണ്ട്, ഇത്തരത്തിലുള്ള കഥകള്‍ എന്തിനാണ്?രാജ്യത്തെ വിമര്‍ശിക്കുന്ന ചിത്രങ്ങള്‍ എടുക്കുന്നത് എന്തിനാണ്?' സമകാലീന ഇന്ത്യന്‍ രാഷ്ട്രീയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകരോട് സിബിഎഫ്‌സിയുടെ റീജിയണല്‍ ബോര്‍ഡ് അംഗങ്ങള്‍ ചോദിച്ച ചോദ്യമാണിത്. ഇത് ചോദിക്കുക മാത്രമല്ല 'കാറ്റ്, കടല്‍, അതിരുകള്‍' എന്ന ഈ ചിത്രം രാജ്യാന്തര സൗഹൃദത്തെ ബാധിക്കുന്നതാണ് എന്ന് ചൂണ്ടിക്കാട്ടി അനുമതി നല്‍കിയതുമില്ല. തുടര്‍ന്ന് റിവ്യു കമ്മിറ്റിയെ സമീപിച്ച അണിയറ പ്രവര്‍ത്തകരോട് മറ്റു ചില വിചിത്ര നിര്‍ദേശങ്ങളാണ് സെന്‍സര്‍ ബോര്‍ഡ് മുന്നോട്ടുവച്ചത്. പശുവിനെ കാണിക്കാന്‍ പാടില്ല, പശുവിനെക്കുറിച്ച് സംസാരിക്കുന്ന സംഭാഷണങ്ങളെല്ലാം നിശബ്ദമാക്കണം!
സെന്‍സര്‍ ബോര്‍ഡിന്റെ കത്രിക വയ്ക്കലുകള്‍ക്കെല്ലാം ഒടുവില്‍ കാറ്റ്, കടല്‍, അതിരുകള്‍ ഈ വരുന്ന 31ന് തീയേറ്ററുകളിലെത്തുകയാണ്. പശുവെന്ന വാക്കിനെയല്ലെ നിശബ്ദമാക്കാന്‍ കഴിയൂ, ചിത്രം പറയുന്ന മാനുഷികതയുടെ രാഷ്ട്രീയത്തെ ഇല്ലാതാക്കാന്‍ സാധിക്കില്ലല്ലോ എന്നാണ് അണിയറ പ്രവര്‍ത്തകരുടെ നിലപാട്.
സ്വന്തം നാട്ടില്‍ നിന്ന് ജീവനും ജീവിതവും കയ്യില്‍പ്പിടിച്ചോടിയ ഒരു ജനത രക്ഷ തേടി എത്തിയ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് അനുഭവിക്കുന്ന യാതനകളുടെ നേര്‍സാക്ഷ്യമാണ് കാറ്റ് കടല്‍ അതിരുകള്‍ ചര്‍ച്ച ചെയ്യുന്നത്.
രോഹിങ്ക്യന്‍, തിബറ്റന്‍ അഭയാര്‍ത്ഥികളുടെ അവസ്ഥ വ്യക്തമാക്കുന്ന ചിത്രം, അവരുടെ ക്യാമ്പുകളില്‍ നിന്നുള്ള യഥാര്‍ത്ഥ ദൃശ്യങ്ങളാണ് പകര്‍ത്തിയിരിക്കുന്നത്. ഇതിനുവേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഒരുപക്ഷേ ആദ്യാമായിട്ടാണ് അഭയാര്‍ത്ഥികളുടെ ജീവിത സാഹചര്യങ്ങള്‍ വ്യക്തമാക്കുന്ന ഒരു ചിത്രം വരുന്നത്. അഭയാര്‍ത്ഥികളെ അതിക്രമിച്ചു കയറിയവരായി ചിത്രീകരിക്കുന്ന ഒരുവിഭാഗത്തിന് ഇതൊട്ടും ദഹിക്കണമെന്നില്ല, അതാണ് സെന്‍സര്‍ ബോര്‍ഡിന്റെ ഭാഗത്ത് നിന്നുണ്ടായ നീക്കങ്ങള്‍ സൂചിപ്പിക്കുന്നത്- ചിത്രത്തിന്റെ തിരക്കഥാകൃത്ത് കെ സജിമോന്‍ സമകാലിക മലയാളത്തോട് പറഞ്ഞു.
പശുക്കടത്താരോപിച്ച് രാജ്യത്ത് നടക്കുന്ന കൊലപാതകങ്ങളും ഗോസംരക്ഷകരുടെ അക്രമങ്ങളുമെല്ലാം ചിത്രത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. പശുവിന്റെ ദൃശ്യങ്ങള്‍ ഒഴിവാക്കണം, പശു എന്ന വാക്കുതന്നെ മ്യൂട്ട് ചെയ്യണം. പൗരത്വ നിയമത്തെക്കുറിച്ച് പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ മ്യൂട്ട് ചെയ്യണം എന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശം. നവംബറില്‍ റിലീസ് നിശ്ചയിച്ചിരുന്ന സിനിമയാണ്. ഇത്രയമൊക്കെ വിയര്‍പ്പൊഴുക്കിയ ശേഷം ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സാധിക്കാത്ത അവസ്ഥ വന്നാല്‍ ശരിയാകില്ല എന്ന് കരുതി നിബന്ധനകള്‍ അംഗീകരിക്കുകകായിരുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
പൗരത്വ നിയമത്തിന് എതിരുതന്നെയാണ് ഞങ്ങളുടെ സിനിമ. മനുഷ്യത്വമാണ് അതിന്റെ ഭാഷ. കാറ്റ്, കടല്‍, അതിരുകള്‍ എന്നീ മൂന്നൂ സെഗ്മെന്റുകളായാണ് കഥ പറയുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെതന്നെ ഇതൊരു ട്രാവല്‍ മൂവി ഗണത്തില്‍ പെടുത്താന്‍ പറ്റുന്ന ചിത്രമാണ്- സജിമോന്‍ കൂട്ടിച്ചേര്‍ത്തു.
സമദ് മങ്കട സംവിധാനം ചെയ്ത ചിത്രം കൊക്കൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഇ.കെ. ഷാജിയാണ് നിര്‍മിച്ചിരിക്കുന്നത്. അനുമോഹന്‍, കൈലാഷ്, ലിയോണ ലിഷോയ്, ഡോ. വേണുഗോപാല്‍, ഡോ. ജാനറ്റ് തുടങ്ങിയവര്‍ക്കൊപ്പം തിബറ്റന്‍ അഭയാര്‍ഥികളുടെ പ്രതിനിധിയായി ദാവോ ലാ മോയും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
അന്‍സാറാണ് ക്യാമറ. ശരത്തിന്റെ കഥയ്ക്ക് കെ. സജിമോനാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. ഹസീന എസ് കാനം, അനില്‍ മങ്കട, ഇ.കെ.എം. പാനൂര്‍ എന്നിവരുടെ വരികള്‍ക്ക് കെ.വി. അബൂട്ടി സംഗീതമൊരുക്കുന്നു. വിപിനാണ് എഡിറ്റിങ്, പശ്ചാത്തല സംഗീതം റോണി റാഫേല്‍. പ്രൊഡക്ഷന്‍ കട്രോളര്‍ സേതു അടൂര്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates