മാധ്യമപ്രവർത്തകർക്കെതിരെ മോശം പരാമർശം നടത്തിയ എംഎൽഎ യു പ്രതിഭയെ വിമർശിച്ച് സംവിധായകൻ പ്രജേഷ് സെൻ. സ്വന്തം ശരീരവും കുടുംബവും എല്ലാം വിട്ട് നാടിനു വേണ്ടി കണ്ണും മനസ്സും തുറന്നിരിക്കുന്നവരാണ് മാധ്യമപ്രവർത്തകരെന്നും അവർക്ക് പറ്റുന്ന തെറ്റുകൾ ചൂണ്ടിക്കാട്ടുകയാണ് വേണ്ടതെന്നും ഫേയ്സ്ബുക്ക് കുറിപ്പിലൂടെ പ്രജേഷ് പറഞ്ഞു. ശരീരം വിറ്റ് ജീവിക്കേണ്ടിവരുന്ന സാഹചര്യത്തിൽ എത്തിയവരേയും ചേർത്തുനിർത്തേണ്ട സമയമാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിഭയുടെ മാധ്യമപ്രവർത്തകർക്ക് എതിരെയുള്ള പരാമർശം രൂക്ഷ വിമർശനങ്ങൾക്ക് കാരണമാവുകയാണ്. തനിക്ക് എതിരായ വാർത്ത കൊടുത്തതാണ് എംഎൽഎയെ പ്രകോപിപ്പിച്ചത്.
പ്രജേഷ് സെന്നിന്റെ കുറിപ്പ്
ശരീരം വില്‍ക്കുക എന്നത് നിര്‍വികാരമായൊരു ജീവിതമാര്‍ഗ്ഗമാണെന്ന് ഓര്‍മ്മപ്പെടുത്തിയതിന് നന്ദി. വേറെ പണിക്കൊന്നും കൊള്ളാത്തവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന തൊഴില്‍. സ്വന്തം കുഞ്ഞിനെ അടുത്ത മുറിയില്‍ ഉറക്കി കിടത്തിയിട്ട് ലൈവ് സ്റ്റുഡിയോയില്‍ ഇരുന്ന് വാര്‍ത്ത വായിക്കുന്നവരും ജോലിക്ക് പോകുമ്പോള്‍ വീട്ടില്‍ കൂട്ടിന് ആളില്ലാതാകുന്നതിനാല്‍ ഗര്‍ഭിണിയായ ഭാര്യയെ അയല്‍വീട്ടില്‍ കൊണ്ടു പോയി ഇരുത്തിയ ശേഷം വാര്‍ത്തകള്‍ തേടി പോകുന്നതുമെല്ലാം ശരീരം വിറ്റ് ജീവിക്കാം എന്ന ‘ഐഡിയ’ അറിയാത്ത മാധ്യമപ്രവര്‍ത്തകരാണ്. കിടക്കപ്പായയില്‍ കുട്ടികളെ തമ്മില്‍ കെട്ടിയിട്ട് മുറിയടച്ച് നെഞ്ചിലൊരു പിടപ്പുമായി രാത്രി അസമയത്തുണ്ടായ ദുരന്തവാര്‍ത്ത ബ്രേക്കിങ് കൊടുക്കാന്‍ ഓടിപ്പോകുന്ന വനിതാ മാധ്യമപ്രവര്‍ത്തകരുണ്ട് നമുക്കിടയില്‍. അവര്‍ കൊടുക്കുന്ന വാര്‍ത്തയാണ് കംഫര്‍ട്ട് സോണില്‍ ഇരുന്ന് ലോകം മുഴുവന്‍ കാണുകയും ആസ്വദിക്കുകയും ചെയ്യുന്നത്. അവര്‍ക്കീ ‘ഐഡിയ’ അറിയാതെ പോയി എന്നുവേണം കരുതാന്‍.
സ്വന്തം വീട്ടില്‍ അടുപ്പ് പുകഞ്ഞില്ലെങ്കിലും തെരുവിലെ അതിഥിതൊഴിലാളിക്ക് ഭക്ഷണം കിട്ടുന്നുണ്ടോ എന്ന് നോക്കാന്‍ അവര്‍ ഓടും. കാരണം ശരീരം വിറ്റ് ജീവിക്കാമെന്ന ‘പുതിയ ജനാധിപത്യ’ ആശയം അവര്‍ക്ക് തെല്ലും അറിയില്ല. മാധ്യമപ്രവര്‍ത്തകരുടെ അത്തരം അറിവില്ലായ്മ പഠിപ്പിച്ചു തന്നെ മാറ്റണം. അത് തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാവുന്നതാണ് കൂടുതല്‍ നല്ലത്. കാരണം അതാണ് ആധികാരികം, സമഗ്രം, അംഗീകൃതം. ഒരു സ്ത്രീയാകട്ടെ പുരുഷനാകട്ടെ മറ്റൊന്നും ചെയ്യാനാകാതെ ശരീരം വില്‍ക്കല്‍ മാത്രമാണ് ഉപജീവന മാര്‍ഗ്ഗമെന്ന അവസ്ഥയില്‍ എത്തുകയോ എത്തിക്കുകയോ ചെയ്യുന്നത് ഒപ്പം ജീവിക്കുന്ന മറ്റ് മനുഷ്യരുടെ പരാജയമാണ്. ആ നിലയില്‍ നമ്മള്‍ എല്ലാം പരാജയമായിപ്പോകും.
കൊറോണ വ്യാപനം തടയാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തലങ്ങും വിലങ്ങും ഓടുമ്പോള്‍ അവര്‍ക്കൊപ്പവും ചിലപ്പോള്‍ അവര്‍ക്ക് മുന്നേയും ഓടുന്ന ഒരു വലിയ സമൂഹമാണ് മാധ്യമപ്രാര്‍ത്തകര്‍. അത് കാണാതെ പോകരുത്. അവര്‍ ഉണ്ടോ ഉറങ്ങിയോ എന്നൊന്നും ഇവിടെയാരും ചോദിക്കില്ല. കാരണം അവര് ശരീരം വിറ്റ് ജീവിച്ചോട്ടെ... സ്വന്തം ശരീരവും കുടുംബവും എല്ലാം വിട്ട് നാടിനു വേണ്ടി കണ്ണും മനസ്സും തുറന്നിരിക്കുന്ന വലിയൊരു വിഭാഗം മാധ്യമ പ്രവര്‍ത്തകരുണ്ടിവിടെ.
അവര്‍ക്കും തെറ്റുകള്‍ പറ്റും. അങ്ങനെ വരുമ്പോള്‍ ആ തെറ്റുകള്‍ ചൂണ്ടി കാണിക്കാം, ശകാരിക്കാം. അതല്ലേ നമ്മള്‍ പരിഷ്കൃത സമൂഹത്തിന് ചേരുന്നത്.
ശരീരം വിറ്റ് ജീവിക്കേണ്ടി വരുന്ന, സാഹചര്യം കൊണ്ട് ആ തൊഴിലിൽ എത്തിപ്പെട്ടവരെ കൂടി ചേർത്തു പിടിക്കേണ്ട സമയമാണ്. ലോക്ക് ഡൗണിൽ അവരുടെ ജീവിതവും നമുക്ക് ഊഹിക്കാം. അവരെയും അപമാനിക്കരുത്. നമുക്കൊരുമിച്ച് അതിജീവിക്കാം. അതിജീവിക്കണം ഈ കാലം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates