കത്തിക്ക് ശേഷം എ.ആര്‍ മുരുഗദോസും വിജയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് സര്‍ക്കാര്‍. നവംബര്‍ ഏഴിന് തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തിനായി വിജയ് ആരാധകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ ചിത്രീകരണത്തിന്റെ ആരംഭം മുതല്‍ നിരവധി പ്രതിസന്ധികളെ അഭിമുഖീകരിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇക്കാര്യങ്ങള്‍ വിശദീകരിക്കുകയാണ് സംവിധായകന്‍ എ ആര്‍ മുരുഗദോസ്.
സര്‍ക്കാര്‍ സിനിമ ചിത്രീകരിക്കുന്നതിനിടെ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി തിരുനെല്‍വേലി ആത്മഹത്യാരംഗം ചിത്രീകരിക്കുമ്പോഴാണെന്ന് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മുരുഗദോസ് തുറന്നുപറയുന്നു. 'എന്റെ തലച്ചോറിനെ പോലും മരവിപ്പിക്കുന്ന സംഭവമായിരുന്നു അത്. സര്‍ക്കാരിന്റെ ടീസര്‍ പുറത്തിറങ്ങിയതു മുതല്‍ 2017 ഒക്ടോബറില്‍ നടന്ന ആ ദാരുണ സംഭവം വീണ്ടും ചര്‍ച്ചയായി. ശരീരത്തില്‍ തീ പടര്‍ന്നപ്പോഴും അവര്‍ അനങ്ങാതെ നിന്ന ദൃശ്യങ്ങള്‍ എന്നെ വിടാതെ വേട്ടയാടി. ചിത്രീകരണ സമയത്തും അഭിനേതാക്കള്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കുമ്പോഴും വല്ലാതെ അസ്വസ്ഥനായിരുന്നു ഞാന്‍. ഷൂട്ടിങ് കഴിഞ്ഞപ്പോള്‍ ഞാന്‍ നിര്‍ത്താതെ പൊട്ടിക്കരഞ്ഞു. അത്രയധികം എന്റെ മനസിനു മുറിവേറ്റിരുന്നു. ചിത്രത്തിന്റെ പ്രചാരണത്തിനു വേണ്ടിയുളള പാഴ്‌വാക്കുകളല്ല ഇത് എന്റെ നെഞ്ചില്‍ തൊട്ടാണ് ഞാനിത് പറയുന്നത്.' മുരുഗദോസ് പറയുന്നു.
കടബാധ്യതയെക്കുറിച്ച് പരാതി നല്‍കാനെത്തിയ ഒരു കുടുംബത്തിലെ നാലു പേര്‍ തിരുനെല്‍വേലി കളക്ടറേറ്റില്‍  തീ കൊളുത്തി ആത്മഹത്യചെയ്തത് സമൂഹമനസാക്ഷിയെ വല്ലാതെ പിടിച്ച് ഉലച്ച സംഭവമായിരുന്നു. 2017 ഒക്ടോബറിലാണ് സംഭവം നടന്നത്. കാശിധര്‍മം സ്വദേശികളായ ഇസൈക്കിമുത്തുവും ഭാര്യ സുബ്ബുലക്ഷ്മിയും അവരുടെ രണ്ട് പെണ്‍കുഞ്ഞുങ്ങളുമാണ് ആത്മഹത്യ ചെയ്തത്. വട്ടിപ്പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്നായിരുന്നു അവര്‍ ജീവനൊടുക്കിയത്.
 
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates