

എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം നോവല്‍ ആസ്പദമാക്കി ആയിരം കോടി രൂപ മുടക്കി നിര്‍മിക്കാന്‍ തീരുമാനിച്ച മഹാഭാരതം എന്ന സിനിമയില്‍ നിന്നും നിര്‍മാതാവ് എസ്.കെ നാരായണന്‍ പിന്‍മാറി. സംവിധായകന്‍ ശ്രീകുമാര്‍ മേനോനും തന്നെ പറഞ്ഞു പറ്റിക്കുകയായിരുന്നെന്ന് നിര്‍മാതാവ് വ്യക്തമാക്കിയതായി ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. എം.ടിയുമായുള്ള കേസിന്റെ വിശദാംശങ്ങളടക്കം മറച്ചുവച്ചാണ് ശ്രീകുമാര്‍ മോനോന്‍ നിര്‍മാതാവിനെ വീഴ്ത്തിയത്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന് കാര്യങ്ങള്‍ വ്യക്തമായതോടെയാണ് ഈ പിന്‍മാറ്റം.
'സിനിമയുടെ ചിത്രീകരണത്തിനായി കോയമ്പത്തൂരില്‍ 250 ഏക്കര്‍ സ്ഥലം വാങ്ങി ഫിലിം സിറ്റി ആക്കി മാറ്റി അവിടെ ഷൂട്ടിംഗ് നടത്തുവാന്‍ നിര്‍മാതാവ് ഡോ. എസ്.കെ നാരായണന്‍ സ്ഥലം കണ്ടുവയ്ക്കുകയും ചെയ്തിരുന്നു. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റി മോഡല്‍ ആക്കാനായിരുന്നു പ്രൊജക്റ്റ്. എന്നാല്‍ ശ്രീകുമാര്‍ മേനോന്‍ എന്ന സംവിധായകന്‍ 'വടി വെയ്ക്കുന്നിടത്തു കുട വെയ്ക്കാത്ത' ഇന്റര്‍നാഷണല്‍ തട്ടിപ്പുകാരനാണെന്ന് ഉത്തമബോധ്യം വന്നതിനാലാണ് ഈ പ്രൊജക്റ്റ് അവസാനിപ്പിക്കാന്‍ നിര്‍മാതാവ് തീരുമാനിച്ചത്.' ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കുറിച്ചു.
ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:
എം.ടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം നോവല്‍ ആസ്പദമാക്കി ആയിരം കോടി രൂപ മുടക്കി നിര്‍മിക്കാന്‍ തീരുമാനിച്ച മഹാഭാരതം എന്ന സിനിമ പ്രോജെക്ടില്‍ നിന്നും നിര്‍മ്മാതാവ് ഡോ. എസ്‌കെ നാരായണന്‍ പിന്മാറി.
എം.ടി വാസുദേവന്‍ നായരുമായുള്ള രണ്ടാമൂഴത്തിന്റെ കരാര്‍ കാലാവധി കഴിഞ്ഞിട്ടില്ലെന്ന വ്യാജേന സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നിര്‍മ്മാതാവ് ഡോ. എസ്.കെ നാരായണനെ പറഞ്ഞു പറ്റിച്ചതിനാലാണ് നിര്‍മ്മാണത്തില്‍ നിന്നും പിന്മാറിയത്. എം.ടി വാസുദേവന്‍ നായരും ശ്രീകുമാര്‍ മേനോനും തമ്മിലുള്ള കരാര്‍ കാലാവധി പന്ത്രണ്ടു വര്ഷത്തേക്കാണെന്നു നിര്‍മ്മാതാവിനോടു ശ്രീകുമാര്‍ മേനോന്‍ പറഞ്ഞതു കളവാണെന്നു ബോധ്യപെട്ടതിനെ തുടര്‍ന്ന് ശ്രീകുമാര്‍ മേനോന്‍ എന്ന വഞ്ചകനെ വെച്ച് ഈ സിനിമ പ്രൊജെക്ടുമായി മുന്നോട്ടു പോകാന്‍ നിര്‍മ്മാതാവിനു താല്പര്യമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ്.
നാലു വര്‍ഷത്തിനുള്ളില്‍ 'രണ്ടാമൂഴ'ത്തിന്റെ ചിത്രീകരണം തുടങ്ങിയില്ലെങ്കില്‍ കരാര്‍ സ്വയമേവ റദ്ദാക്കപ്പെടുമെന്നുള്ളതായിരുന്നു എം.ടി വാസുദേവന്‍ നായരും ശ്രീകുമാര്‍ മേനോനും തമ്മിലുള്ള വ്യവസ്ഥ. കരാര്‍ കാലാവധി നാലു വര്‍ഷം കഴിഞ്ഞതിനു ശേഷം എം.ടി ശ്രീകുമാര്‍ മേനോന് വക്കീല്‍ നോട്ടീസ് അയച്ചു. അതിനു മറുപടി പോലും നല്‍കാത്തതിനെ തുടര്‍ന്ന് 'രണ്ടാമൂഴ'ത്തിന്റെ തിരക്കഥ തിരികെ കിട്ടണമെന്നാവശ്യപ്പെട്ട് എം.ടി കോഴിക്കോട് സബ് കോടതിയെ സമീപിച്ചപ്പോള്‍ സബ് കോടതി എം.ടിക്ക് തിരക്കഥ തിരിച്ചു നല്‍കിക്കൊണ്ട് ഉത്തരവിട്ടിരുന്നു.
ഈ വസ്തുതയെല്ലാം ശ്രീകുമാര്‍ മേനോന്‍ മറച്ചു വെച്ചും തെറ്റിദ്ധരിപ്പിച്ചും കൊണ്ടാണ് ഡോ. എസ്.കെ നാരായണനുമായി ചേര്‍ന്ന് 'രണ്ടാമൂഴം' സിനിമ പ്രൊജക്ടുമായി മുന്‍പോട്ടു പോകാന്‍ തീരുമാനിച്ചത്. അതിന്റെ ഭാഗമായി കോയമ്പത്തൂരില്‍ 250 ഏക്കര്‍ സ്ഥലം വാങ്ങി ഫിലിം സിറ്റി ആക്കി മാറ്റി അവിടെ ഷൂട്ടിംഗ് നടത്തുവാന്‍ നിര്‍മ്മാതാവ് ഡോ. എസ്.കെ നാരായണന്‍ സ്ഥലം കണ്ടുവയ്ക്കുകയും ചെയ്തിരുന്നു. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റി മോഡല്‍ ആക്കാനായിരുന്നു പ്രൊജക്റ്റ്. എന്നാല്‍ ശ്രീകുമാര്‍ മേനോന്‍ എന്ന സംവിധായകന്‍ 'വടി വെയ്ക്കുന്നിടത്തു കുട വെയ്ക്കാത്ത' ഇന്റര്‍നാഷണല്‍ തട്ടിപ്പുകാരനാണെന്ന് ഉത്തമബോധ്യം വന്നതിനാലാണ് ഈ പ്രൊജക്റ്റ് അവസാനിപ്പിക്കാന്‍ നിര്‍മാതാവ് തീരുമാനിച്ചത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ശ്രീകുമാര്‍ മേനോനും ഡോ. എസ്.കെ നാരായണനും തമ്മില്‍ കരാര്‍ ഒപ്പു വെച്ച് ഈ പ്രൊജക്ടുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത് എന്റെ സാന്നിധ്യത്തിലായിരുന്നു. ഈ വിവരം ഞാന്‍ ഫേസ്ബുക്കില്‍ കൊടുക്കാനിടയായതു കൊണ്ടാണ് ഇപ്പോള്‍ ഈ വിവരം അറിയിക്കേണ്ടി വന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates