

ചെന്നൈ : കായിക താരങ്ങള്‍ അടക്കം നിരവധി പ്രമുഖരുടെ ജീവിതം അടുത്ത കാലത്ത് സിനിമയായി പുറത്തുവന്നിരുന്നു. സിനിമയില്‍ മാദകത്വം കൊണ്ട് നിറഞ്ഞുനിന്ന സില്‍ക്ക് സ്മിതയുടെ ബയോപിക് രാജ്യത്ത് ഏറെ ശ്രദ്ധേയമായിരുന്നു. വിദ്യാബാലനായിരുന്നു സില്‍ക്കിന്റെ വേഷത്തില്‍ രംഗത്തെത്തിയത്. ഇപ്പോഴിതാ ഒരു ഒരു കാലത്ത് മലയാള സിനിമയില്‍ മാത്രമല്ല, തെന്നിന്ത്യന്‍ സിനിമയില്‍ തന്നെ ഇളംനീലതരംഗം തീര്‍ത്ത ഷക്കീലയുടെ ജീവചരിത്രവും സിനിമയാകുന്നു.
ബോളിവുഡ് താരം റിച്ച ഛദ്ദയാണ് ഷക്കീലയായി വേഷമിടുന്നത്. പ്രശസ്ത ബോളിവുഡ് സംവിധായകന്‍ ഇന്ദ്രജിത് ലങ്കേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അന്തരിച്ച മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരനാണ് ഇന്ദ്രജിത്ത്. ഏപ്രിലില്‍ ചിത്രത്തില്‍ ചിത്രീകരണം ആരംഭിക്കും. 2019 ആദ്യത്തോടെ ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്.
16 ആം വയസ്സില്‍ സിനിമാ രംഗത്തെത്തിയ ഷക്കീലയുടെ ജീവിതത്തിലൂടെയുള്ള യാത്രയാണ് സിനിമ പ്രതിപാദിക്കുന്നത്. ഷക്കീലയുടെ സ്വകാര്യജീവിതവും സിനിമയില്‍ നേരിടേണ്ടി വന്ന സാഹചര്യങ്ങളുമെല്ലാം ചിത്രത്തിലുണ്ട്. താരാധിപത്യം നിറഞ്ഞ സിനിമാരംഗത്ത് ബോക്‌സോഫീസ് കളക്ഷന്‍ റെക്കോഡുകള്‍ ഭേദിച്ച്, ഷക്കീല ചിത്രത്തിന് ലഭിച്ച സ്വീകാര്യതയും സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതായാണ് സൂചന. അതേസമയം ഷക്കീലയുടെ ജീവിതവുമായി ബന്ധപ്പെട്ട ചില വെളിപ്പെടുത്തലുകള്‍ വന്‍ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
1990 കളില്‍ മലയാള സിനിമയില്‍ കളം നിറഞ്ഞ ഷക്കീല, പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി തെന്നിന്ത്യന്‍ സിനിമകളിലും വന്‍ ആരാധകരെ നേടി. ഷക്കീല ചിത്രങ്ങള്‍ മൊഴിമാറ്റി ജപ്പാനീസ്, ചൈനീസ് ഭാഷകളിലും പ്രദര്‍ശനത്തിനെത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates