കൊച്ചി : നടന്‍ ഷെയ്ൻ നിഗം വെല്ലുവിളിക്കുകയാണെന്ന് നിര്‍മ്മാതാക്കള്‍. ഉല്ലാസം എന്ന ചിത്രവുമായി ബന്ധപ്പെട്ട് ഷെയ്ൻ കള്ളം പ്രചരിപ്പിക്കുകായാണ്. കരാര്‍ ലംഘനമാണ് ഷെയ്ന്‍ നടത്തുന്നത്. എഗ്രിമെന്റ് ലംഘനം മുമ്പ് ഉണ്ടായിട്ടില്ല. 25 ലക്ഷം രൂപയ്ക്കാണ് കരാര്‍ ഒപ്പിട്ടത്. ഇപ്പോള്‍ ചിത്രം പൂര്‍ത്തിയാക്കാന്‍ 45 ലക്ഷം രൂപ വേണമെന്നാണ് ഷെയ്ന്‍ ആവശ്യപ്പെടുന്നത്. ഇത് മാന്യതയ്ക്ക് നിരക്കാത്ത നടപടിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു.
പ്രശ്‌നപരിഹാരത്തിനായാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ കാത്തിരുന്നത്. അമ്മയുമായി പ്രശ്‌നം മാന്യമായി സെറ്റില്‍ ചെയ്യാനാണ് ആഗ്രഹിക്കുന്നത്. ഇത് പുളിങ്കുരു വെച്ചുള്ള കച്ചവടമല്ല, കോടികള്‍ വെച്ചുള്ള കച്ചവടമാണ്. ഡബ്ബ് ചെയ്ത ഒരു ചിത്രം മുടക്കി അവിടെ കിടത്തിയിരിക്കുന്നു. രണ്ട് നിര്‍മ്മാതാക്കളെ ചിത്രീകരണത്തിനിടെ ബുദ്ധിമുട്ടിച്ച് പൂര്‍ത്തിയാകാതെ കിടക്കുന്നു. ഇന്‍ഡസ്ട്രിയില്‍ ഇനി മുന്നോട്ടുപോകുമ്പോള്‍ ഒരുപാട് വീണ്ടുവിചാരങ്ങള്‍ നിര്‍മ്മാതാക്കളുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ട സാഹചര്യമാണ് ഷെയ്‌നിന്റെ പ്രവൃത്തി കൊണ്ട് ഉണ്ടായിട്ടുള്ളതെന്ന് നിര്‍മ്മാതാക്കള്‍ സൂചിപ്പിച്ചു.
നിര്‍മ്മാതാക്കളുടെ കത്തിന് അദ്ദേഹം നല്‍കിയ മറുപടി അമ്മ എക്‌സിക്യൂട്ടീവ് ഒമ്പതാം തീയതി യോഗം വിളിച്ചിട്ടുണ്ട്. അതില്‍ നിര്‍ദേശിക്കുന്ന വിധത്തിലാകും പ്രവര്‍ത്തിക്കുക എന്നാണ്. അമ്മ എന്ന സംഘടനയെ മാനിച്ചുകൊണ്ട് ആ തീരുമാനത്തിനായി കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ എഗ്രിമെന്റ് രേഖകള്‍ തിരുത്തിയെന്ന ഷെയ്‌നിന്റെ ആരോപണം തെറ്റാണ്. അത് ചിത്രം അഭിനയിക്കുന്നത് മുതല്‍ ഡബ്ബ് ചെയ്ത് തീര്‍ക്കുന്നതുവരെ പിക്ചര്‍ കോണ്‍ട്രാക്ടാണ്. ഇതിലാണ് എല്ലാ താരങ്ങളും ഒപ്പിടുന്നത്. തികച്ചും അനാവശ്യമായ ഇഷ്യുവിലേക്കാണ് പുള്ളി ഇന്‍ഡസ്ട്രിയെ മുഴുവന്‍ വലിച്ചിഴച്ച് കൊണ്ടുപോകുന്നത്.
വിഷയവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും രണ്ട് സംഘടനകളിലും ഉണ്ട്. പൊതുമധ്യത്തില്‍ രേകകള്‍ വെളിയില്‍ വിടാത്തതിന് കാരണം നാളെ ഒരു ജെന്റില്‍മാന്‍ ടോക്ക് അമ്മയുമായി നടക്കുമ്പോള്‍ മുന്നില്‍ വെക്കേണ്ടതാണ്. അതുകൊണ്ടാണ്. നാളെ പുറത്തുവിടേണ്ടതാണെങ്കില്‍ പുറത്തുവിടുക തന്നെ ചെയ്യും. അതില്‍ ഒളിക്കേണ്ടതായി ഒന്നുമില്ല. ഇതിന്റെ ഡേറ്റകള്‍ ആരെങ്കിലും പരിശോധിക്കുമ്പോള്‍, ഞങ്ങളുടെ ഭാഗത്തുനിന്ന് കള്ളം പറയുന്നുണ്ടോ എന്ന് മനസ്സിലാകുമെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു.
ഷെയ്ന്‍ നേരത്തെ പൈങ്കിളി എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറായിക്കൊണ്ടുള്ള രേഖകളും അസോസിയേഷനില്‍ ഉണ്ട്. പൈങ്കിളി സിനിമയ്ക്ക് 25 ലക്ഷം രൂപയാണ് പ്രതിഫലം ആവശ്യപ്പെട്ടത്. ഷെയ്‌നിന്റെ അച്ഛന്‍ അബി കൂടി ഉള്‍പ്പെട്ടാണ് 25 ലക്ഷം കരാര്‍ ഉറപ്പിച്ചത്. 15 ലക്ഷം മാത്രമായിരുന്നു അപ്പോള്‍ ഷെയ്‌നിന് പ്രതിഫലം ഉണ്ടായിരുന്നത്. കുമ്പളങ്ങി നൈറ്റ്‌സിന് 15 ലക്ഷം രൂപയാണ് മേടിച്ചിരുന്നത്. വലിയപെരുന്നാള്‍ സിനിമയ്ക്കാണ് അയാള്‍ 30 ലക്ഷം മേടിച്ചത്. ഇപ്പോല്‍ അഭിനയിക്കാന്‍ 45 ലക്ഷം വേണമെന്നാണ് ഷെയ്ന്‍ ആവശ്യപ്പെടുന്നത്. മുമ്പ് ഒപ്പിട്ട കരാറിന് ഇപ്പോഴത്തെ പ്രതിഫലം വേണമെന്ന് ആവശ്യപ്പെടുന്നത് അംഗീകരിക്കാനാവില്ലെന്നും നിര്‍മ്മാതാക്കള്‍ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates