

''സിനിമയെ അധിക്ഷേപിക്കുന്ന തരത്തില്‍ പ്രചാരണം നടത്തുകയും തിയേറ്ററില്‍ കൂവുകയും ചെയ്യുമ്പോള്‍ അത് ഞങ്ങളുടെ ഹൃദയം തകര്‍ക്കുന്നു. നിങ്ങള്‍ ഇത്രയുംകാലം എനിക്ക് നല്‍കിയ മുഴുവന്‍ ആത്മധൈര്യവും തകര്‍ക്കുകയാണ്. ഞാന്‍ ബിജോയ് നമ്പ്യാര്‍ക്കൊപ്പവും അദ്ദേഹത്തിന്റെ ആഖ്യാനത്തോടൊപ്പവും മാത്രമാണ്. സിനിമയുമായി ബന്ധമില്ലാത്തവര്‍ വെട്ടിച്ചുരുക്കുകയോ മാറ്റിമറിക്കുകയോ ചെയ്യുന്നത് സിനിമയെ കൊല്ലുന്നതിന് തുല്യമാണ്. ദയവു ചെയ്ത് അത് ചെയ്യരുത്. ഞാന്‍ അപേക്ഷിക്കുകയാണ് '' -ദുല്‍ഖര്‍ സല്‍മാന്‍.
ചിത്രം പുറത്തിറങ്ങി ഒരാഴ്ചയ്ക്കകം നായകന് ഇത്തരത്തില്‍ പ്രതികരിക്കേണ്ടിവരുന്നതും തന്റെ ചിത്രത്തിന്റെ ക്ലൈമാക്‌സ് മാറ്റിയതില്‍ തനിക്ക് പങ്കില്ലന്ന് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ക്ക് വെളിപ്പെടുത്തേണ്ടി വരുന്നതും മലയാള സിനിമയുടെ ചരിത്രത്തിലെ അത്യപൂര്‍വ്വ സംഭവമാണ്. അതുകൊണ്ട് തന്നെ സോളോ മലയാളിയുടെ കാഴ്ച ശീലങ്ങളെ പല തരത്തില്‍ ചോദ്യം ചെയ്യുകയും ഉത്തരം തേടുകയും ഹൃദയം തകര്‍ക്കപ്പെടുന്ന വേദനയോടെ നിസ്സഹായമാവുകയും ചെയ്യുന്നുണ്ട്. ടീസറുകളിലൂടെ പ്രേക്ഷകരെ ആകാംക്ഷാഭരിതരാക്കി 225 കേന്ദ്രങ്ങളില്‍ ഒരേ സമയം റിലീസൊരുക്കി മലയാളത്തിലും തമിഴിലും ആഘോഷത്തോടെയെത്തിയ സിനിമയ്ക്കാണ് ഈ ദുര്‍ഗ്ഗതി. ഇവിടെ സോളോയെ മുന്‍നിര്‍ത്തി ചര്‍ച്ചയാകേണ്ടതും ദൃശ്യത്തിലെയും പ്രമേയത്തിലെയും അവതരണത്തിലെയും പരീക്ഷണവും/ഭൂരിപക്ഷ പ്രേക്ഷക ശീലങ്ങളും /ആസ്വാദനത്തിലെ അസഹിഷ്ണുതയും തന്നെ.
'സോളോ ചാര്‍ലിയെയോ ബാംഗ്ലൂര്‍ ഡെയ്‌സിനെയോ പോലുള്ള ചിത്രമല്ലന്ന് ആളുകള്‍ എന്നോട് പറയാറുണ്ട്. എന്തുകൊണ്ടാണ് ഈ ചിത്രം ചെയ്തതെന്നും എന്നോട് പലരും ചോദിച്ചു. ഇത്തരത്തിലുള്ള പരീക്ഷണങ്ങള്‍ അനാവശ്യമാണന്നാണ് ചിലര്‍ പറഞ്ഞത്. നിങ്ങള്‍ക്കറിയുമോ, ഇതുകൊണ്ടൊക്കെതന്നെയാണ് ഞാന്‍ ഇതില്‍ അഭിനയിച്ചത്. വ്യത്യസ്തങ്ങളായ ചിത്രങ്ങള്‍ ചെയ്യാന്‍ തന്നെയാണ് എനിക്ക് ആഗ്രഹം. വ്യത്യസ്തതയെക്കുറിച്ച് എല്ലാവരും പറയുമ്പോള്‍ ഒരു വിഭാഗം എന്തിനാണ് വ്യത്യസ്തമായ ഒരു ചിത്രത്തെ കളിയാക്കുന്നത്? എന്നും ദുല്‍ഖറിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റിലുണ്ട്. ഒരു ആലോചനയ്ക്കും അവസരമില്ലാത്ത, കണ്ടു ശീലിച്ച ഫ്രെയിമുകളില്‍, സര്‍വ്വ ശക്തനും സര്‍വ്വ സമ്മതനും സകലകലാ വല്ലഭനുമായ നായകനെ കൈയ്യടിച്ച് വിജയിപ്പിക്കുകയും നടപ്പിലും ഉടുപ്പിലും അനുകരിക്കുകയും ആ ആത്മസുഖമാണ് സിനിമാ ആസ്വാദനമെന്ന് ധരിക്കുകയും ചെയ്യുന്നവര്‍ക്ക് അത്രപെട്ടന്ന് സോളോ ദഹിക്കില്ല. ഒരു പരീക്ഷണവും അവരെ തൃപ്തിപ്പെടുത്തുകയുമില്ല, മാസ് റിലീസിങ്ങിനൊരുങ്ങുമ്പോള്‍ തന്നെ ഈ അപകടം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ കാണാതെ പോയി എന്നത് അതിശയിപ്പിക്കുന്നതാണ്. അതുകൊണ്ട് സോളോ മോശം ചിത്രമാകുന്നില്ല. പരീക്ഷണങ്ങളെ കൗതുകത്തോടെ വീക്ഷിക്കുന്നവര്‍ക്ക് സോളോ വേറിട്ട അനുഭവം തന്നെയാണ്.
ശിവന്‍ എന്ന മിത്താണ് കഥകളുടെ പ്രചോദനം. ഇതിലൂടെ സൃഷ്ടിക്കാന്‍ ശ്രമിച്ച നാല് കഥകളാണ് സോളോ. ശിവനാമ പര്യായങ്ങളായ ശേഖര്‍, ത്രിലോക്, ശിവ, രുദ്ര എന്നീ നാല് മുഖ്യ കഥാപാത്രങ്ങളായെത്തുന്നത് ദുല്‍ഖര്‍ സല്‍മാന്‍ തന്നെയെന്നതാണ് മറ്റ് അന്തോളജി ചിത്രങ്ങളില്‍ നിന്ന് സോളോയെ വ്യത്യസ്തമാക്കുന്നത്. വായു, ജലം, അഗ്‌നി, ഭൂമി എന്നീ പ്രതീകങ്ങളിലൂടെ പ്രമേയ സാധ്യത തേടുകയാണ് സംവിധായകന്‍. സ്വാഭാവികമായും ഇത്തരം ഒരു അന്വേഷണം ജനപ്രിയമാകുമെന്ന് കരുതുന്ന ഫോര്‍മുലകളെ തൃപ്തിപെടുത്തുന്നതായിരിക്കില്ല. മാത്രമല്ല ആഖ്യാനത്തിലെ സങ്കീര്‍ണതയും വെല്ലുവിളിയാകും. ഈ വെല്ലുവിളിയാണ് ബിജോയ് നമ്പ്യാര്‍ ഏറ്റെടുത്തത്.
സൃഷ്ടി, സ്ഥിതി, സംഹാരം. ഇതിന്റെ പ്രയോക്്താവ് ആര് എന്നും ഓരോ ചിത്രവും പറയാതെ പറയുന്നുണ്ട്. പ്രണയം തന്നെയാണ് ജീവ വായുവും ജലവും. സഹനം ഭൂമിയും പ്രതികാരം അഗ്‌നിയുമാകുന്നു. പ്രണയ നഷ്ടം, ഓര്‍മ്മ, സൃഷ്ടി, പ്രണയത്തെ നിഷേധിക്കേണ്ടി വരുന്ന ചില സങ്കീര്‍ണതകള്‍ ഇതിനെയൊക്കെ ചിത്രം പ്രശ്‌നവത്കരിക്കുന്നുണ്ട്.
ശേഖറിന്റെ ലോകം
നായകനെയോ നായികയെയോ ഫഌഷ് ബാക്കിലേക്ക് നയിക്കുന്ന ഒരു കാരണമുണ്ടാകുകയും ആ പഴയ കഥയുടെ ആഖ്യാതാവായി ഇവരിലാരങ്കിലുമോ മറ്റ് കഥാപാത്രങ്ങളോ മാറുകയും ചെയ്യുന്ന സ്ഥിരം ഫോര്‍മാറ്റ് തന്റെടത്തോടെ തകര്‍ത്ത് ഹൈപ്പര്‍ ലിങ്ക് നരേറ്റീവ് ഫോര്‍മാറ്റിലേക്ക് ഈ ചിത്രത്തെ ഉയര്‍ത്തിയിരിക്കുന്നു. പല വഴിയിലൂടെ കഥ വികസിക്കും, കൂടിച്ചേരും, നമ്മെ അദ്ഭുതപ്പെടുത്തും. അന്ധയായ രാധികയും (സായ് ധന്‍സിക) വിക്കുമൂലം സംസാരിക്കാന്‍ ബുദ്ധിമുട്ടുന്ന ശേഖറും (ദുല്‍ഖര്‍) തമ്മിലുള്ള പ്രണയമാണ് ഈ ചിത്രം. രാധികയുടെ നൃത്തത്തിലും പ്രണയ സാഫല്യത്തിലുമെല്ലാം ജലമുണ്ട്. പ്രണയം തന്നെയാണ് ജീവജലം. ശാരീരിക പരിമിതികളെ പ്രണയം കൊണ്ട് മറികടക്കുകയാണ് ഇരുവരും. പിന്‍തിരിപ്പിക്കാനുള്ള ബന്ധുക്കളുടെ മുഴുവന്‍ ശ്രമത്തെയും ചെറുത്തുകൊണ്ടാണ് ഇവര്‍ ഒരുമിച്ചൊഴുകുന്നത്. പിറക്കാനിരിക്കുന്ന കുഞ്ഞിന്റെ ജനിതക വൈകല്യത്തെ കുറിച്ചുള്ള വെളിപ്പെടുത്തലിനോ ആവലാതികള്‍ക്കോ ഇവരെ പിരിക്കാന്‍ പറ്റുന്നില്ല. ഇവിടെ പ്രണയം, സൃഷ്ടി, മരണം, ഓര്‍മ്മകളുടെ കടലിരമ്പം, ആശ്വാസത്തിന്റെ ജല മര്‍മ്മരം എല്ലാം നമ്മെ അസ്വസ്ഥരാക്കുകയോ ചിലപ്പോഴൊക്കെ ആശ്വസിപ്പിക്കുകയോ ചെയ്യും. ഈ പ്രമേയത്തില്‍ തന്നെ ഒരു നാടകീയതയുണ്ട്്. സ്വാഭാവികമായും ആ നാടകീയത ഈ ചിത്രത്തില്‍ ആദ്യാവസാനമുണ്ട്. ഗിരീഷ് ഗംഗാധരന്റെ ക്യാമറയും പ്രശാന്ത് പിള്ളയുടെ പശ്ചാത്തല സംഗീതവും ശേഖറിന്റെ ലോകത്തെ ഭാവനാ സമ്പന്നമാക്കി.
ത്രിലോക്
ജലം പോലെ പ്രണയം ജീവ വായുവാണ്. ജീവ വായുവിന്റെ നിഷേധം പ്രണയ ഭാവത്തെ പ്രതികാരത്തിലേക്ക് നയിക്കുന്നു. അതിനുമപ്പുറം ചെറിയ അശ്രദ്ധ, സ്വാര്‍ത്ഥത, ഒരു കൈസഹായത്തിനുള്ള വൈമനസ്യം ഇതെല്ലാം ഇല്ലാതാക്കുന്നത് ഒരു ജീവിതം മാത്രമല്ല, നൂറുനൂറ് കിനാക്കളെയാണ്. ഒരു വാഹനാപകടത്തില്‍ നിന്നാണ് ചിത്രത്തിന്റെ തുടക്കം. തുടര്‍ച്ചയാകട്ടെ പ്രതികാരവും. ത്രിലോക് വര്‍ത്തമാനകാലത്തെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. രേവതി വെങ്കിടേഷും ആന്‍ അഗസ്റ്റിനും രഞ്ജി പണിക്കരും ഈ ചിത്രത്തെ അനുഭവമാക്കി
ശിവ
അഗ്‌നിയാണ് പ്രതീകം. ബന്ധങ്ങളെ ചാമ്പലാക്കുന്ന, പ്രതികാരത്തിന്റെ കണക്കു തീര്‍ക്കുന്ന തീ. ദുല്‍ഖറിന്റെ ശിവ ഗംഭീരമായി. ശിവ ഒന്നും സംസാരിക്കുന്നില്ല, പക്ഷെ അയാളുടെ മൗനം അത്രമേല്‍ വാചാലമാണ്. പ്രതികാരം/മനുഷ്യത്വം/ബന്ധങ്ങള്‍ ഇതിലെല്ലാം തീ അമര്‍ന്നും ആളിയും കത്തുന്നുണ്ട്. പൊള്ളലോടെയല്ലാതെ ശിവയില്‍ നിന്ന് മുക്തരാകില്ല.
രുദ്ര
ഭൂമി സഹനത്തിന്റെ പ്രതീകമാണ്. പ്രണയത്തിന് സഹനഭാവമുണ്ട്. അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരനാണ് രുദ്ര. ഭൂമിയുടെ അതിരുകള്‍ മാത്രമല്ല പ്രണയത്തിനും അപ്രതീക്ഷിത വേലികളുയരും. അത്തരമൊരു പ്രണയ നഷ്ടത്തിന്റെ കാരണം തേടിയുള്ള അന്വേഷണമാണ് ചിത്രം. പക്ഷെ കാരണം അതുവരെ തുടര്‍ന്ന് പോന്ന ഒഴുക്കിനെ തടഞ്ഞുനിര്‍ത്തുന്നതും നിരാശപ്പെടുത്തുന്നതുമായി. രുദ്രയുടെ ക്ലൈമാക്‌സാണ് തിരുത്തല്‍ വിവാദത്തില്‍ പെട്ടിരിക്കുന്നത്.
ദുല്‍ഖര്‍ സല്‍മാന്‍ ഈ നാലു കഥാപാത്രങ്ങളെയും ജീവസ്സുളളതാക്കി. ചാര്‍ലിയില്‍ നിന്നും ബാഗ്ലൂര്‍ ഡെയ്‌സില്‍ നിന്നുമൊക്കെ ദുല്‍ഖര്‍ ഏറെ മാറിപ്പോയിരിക്കുന്നു. ശേഖറും ത്രിലോകും ശിവയും രുദ്രയും ദുല്‍ഖറിലൂടെ ജീവിച്ചു.
ഗിരീഷ് ഗംഗാദരന്‍, മധുനീലകണഠന്‍, സെജന്‍ ഷാ എന്നിവരുടെ ക്യാമറയും ശ്രീകര്‍ പ്രസാദിന്റെ എഡിറ്റും സോളോയോ മികച്ച ദൃശ്യാനുഭവമാക്കന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates