സുഡാനി ഫ്രം നൈജീരിയ സിനിമയുമായി ബന്ധപ്പെട്ട പ്രതിഫല വിവാദത്തില്‍ നൈജീരിയന്‍ താരം സാമുവല്‍ റോബിന്‍സണ്ണിന് പിന്തുണയുമായി എംഎല്‍എ വി.ടി. ബല്‍റാം. അഞ്ച് മാസം നീണ്ട റോബിന്‍സണ്ണിന്റെ സേവനത്തിന് 1,80,000 ആണ് കൊടുത്തതെന്നത് തീര്‍ത്തും തുച്ഛമാണെന്ന് ബല്‍റാം ഫേയ്‌സ്ബുക് പോസ്റ്റിലൂടെ പറഞ്ഞു. പ്രൊഡക്ഷന്‍ കമ്പനിയുടെ ന്യായീകരണങ്ങള്‍ വെറും സാങ്കേതികം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിഫലത്തെക്കുറിച്ചും വംശീയ വിവേചനത്തെക്കുറിച്ചും റോബിന്‍സണ്‍ ഉയര്‍ത്തിയ സംശയങ്ങള്‍ സ്വാഭാവികമാണ്. ലോകമെമ്പാടും റേസിസത്തിന്റെ തിക്താനുഭവങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്ന ഒരു ജനതയുടെ പ്രതിനിധി എന്ന നിലയില്‍ അദ്ദേഹത്തിന്റെ ഈ ആശങ്ക തീര്‍ത്തും ന്യായമാണ്, അത് പരിഹരിച്ച് ഈ നാടിന്റെ ജനാധിപത്യ ബോധത്തേക്കുറിച്ചുള്ള വിശ്വാസം തിരിച്ചു നല്‍കേണ്ടത് മലയാള സിനിമാ വ്യവസായത്തിന്റെയും സാംസ്‌ക്കാരിക ലോകത്തിന്റേയും ഉത്തരവാദിത്തമാണെന്നും ബല്‍റാം വ്യക്തമാക്കി. സ്‌ക്രീനില്‍ കാണിക്കുന്ന സ്‌നേഹവും കരുതലുമെല്ലാം പുറത്തും കാണിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വി.ടി. ബല്‍റാമിന്റെ ഫേയ്‌സ്ബുക് പോസ്റ്റ്
സുഡാനി ഫ്രം നൈജീരിയ എന്ന സിനിമ കണ്ടു കഴിഞ്ഞ ഉടനേ ഞാന്‍ ഫേസ്ബുക്കില്‍ കുറിച്ചത് 'മനുഷ്യനന്മയില്‍ വിശ്വാസം തിരിച്ചു നല്‍കുന്ന സിനിമ' എന്നായിരുന്നു. എന്നാല്‍ ആ സിനിമയുമായി ബന്ധപ്പെട്ട ഇപ്പോഴുള്ള വിവാദങ്ങള്‍ എന്നെ തിരുത്തുകയാണെന്ന് പറയേണ്ടി വരുന്നതില്‍ ദു:ഖമുണ്ട്. ജാതി, മത, ദേശ, വംശീയ ചിന്തകള്‍ക്കപ്പുറത്തുള്ള മനുഷ്യ സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും ഒരു നാടിന്റെ നിഷ്‌ക്കളങ്ക നന്മയുടേയും സന്ദേശം സ്‌ക്രീനില്‍ കാണുമ്പോഴും അണിയറയില്‍ നിന്ന് വംശീയതയുടേയും ചൂഷണത്തിന്റേയും ആരോപണങ്ങളാണ് ഉയരുന്നതെന്നത് ദൗര്‍ഭാഗ്യകരമാണ്.
ചിത്രത്തില്‍ ഏറെ ആകര്‍ഷകമായ 'സുഡു'വിന്റെ റോള്‍ ചെയ്ത നൈജീരിയന്‍ അഭിനേതാവ് സാമുവല്‍ അബിയോള റോബിന്‍സണ്‍ തന്റെ പ്രതിഫലത്തേക്കുറിച്ച് ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ തീര്‍ച്ചയായും ഗൗരവത്തോടെ കാണേണ്ടതാണ്. 5 മാസത്തിലേറെ നീണ്ട അദ്ദേഹത്തിന്റെ സേവനങ്ങള്‍ക്ക് വെറും 1,80,000 രൂപ മാത്രമാണ് പ്രതിഫലം നല്‍കിയതെന്നത് തീര്‍ത്തും തുച്ഛമാണ്. ഈ തുക സാമുവല്‍ അംഗീകരിച്ച് കരാര്‍ ഒപ്പിട്ടതാണെന്നും അദ്ദേഹത്തിനത് ആദ്യമേ നിരസിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നുവെന്നുമുള്ള പ്രൊഡക്ഷന്‍ കമ്പനിയുടെ ന്യായീകരണം വെറും സാങ്കേതികം മാത്രമാണ് എന്ന് പറയാതെ വയ്യ.
വളരെ ചെലവ് കുറച്ച് എടുക്കുന്ന ഒരു ചിത്രം എന്ന നിലയിലാണ് കലയോടുള്ള അഭിനിവേശത്തിന്റെ പേരില്‍ താന്‍ കുറഞ്ഞ പ്രതിഫലത്തിന് സമ്മതിച്ചതെന്നും എന്നാല്‍ സാമാന്യം നല്ല ബജറ്റില്‍ വിദേശ മാര്‍ക്കറ്റ് അടക്കം ലക്ഷ്യം വച്ചുള്ള ഒരു സിനിമയാണിത് എന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത് എന്നുമുള്ള സാമുവലിന്റെ വാദങ്ങള്‍ ഒറ്റയടിക്ക് തള്ളിക്കളയാന്‍ സാധിക്കില്ല. സിനിമയിലെ പ്രതിഫലത്തിന് അങ്ങനെ വസ്തുനിഷ്ഠ മാനദണ്ഡങ്ങളൊന്നും നിലവിലില്ല എന്നും ഒരു പരിധിക്കപ്പുറം അത് പ്രയോഗവല്‍ക്കരിക്കുക എന്നത് എളുപ്പമല്ല എന്നും അംഗീകരിക്കുമ്പോള്‍ത്തന്നെ ന്യായവും മാന്യവുമായ പ്രതിഫലം എല്ലാവര്‍ക്കും ഉറപ്പുവരുത്താന്‍ ഒരു ഇന്‍ഡസ്ട്രി എന്ന നിലയില്‍ സിനിമക്ക് കഴിയേണ്ടതുണ്ട്.
തന്റെ സഹ അഭിനേതാക്കള്‍ക്കും തന്റെ തന്നെ മുന്‍കാല ചിത്രങ്ങള്‍ക്കും ലഭിക്കുന്ന പ്രതിഫലവുമായി ഇപ്പോഴത്തേതിനെ താരതമ്യപ്പെടുത്താനുള്ള സ്വാതന്ത്ര്യം സാമുവലിനുണ്ട്. അത്തരമൊരു താരതമ്യത്തില്‍ തന്റെ പ്രതിഫലം ഗണ്യമായി കുറവാണെന്ന് പിന്നീടാണെങ്കിലും തിരിച്ചറിയുന്ന സാമുവലിന് അതിന്റെ പിറകില്‍ തന്റെ വിദേശ പശ്ചാത്തലവും തൊലിയുടെ നിറവും വിവേചനപരമായ പങ്ക് വഹിച്ചിട്ടുണ്ടോ എന്ന സംശയമുയരുന്നത് സ്വാഭാവികമാണ്. ലോകമെമ്പാടും റേസിസത്തിന്റെ തിക്താനുഭവങ്ങള്‍ ഏറ്റുവാങ്ങേണ്ടി വരുന്ന ഒരു ജനതയുടെ പ്രതിനിധി എന്ന നിലയില്‍ അദ്ദേഹത്തിന്റെ ഈ ആശങ്ക തീര്‍ത്തും ന്യായമാണ്, അത് പരിഹരിച്ച് ഈ നാടിന്റെ ജനാധിപത്യ ബോധത്തേക്കുറിച്ചുള്ള വിശ്വാസം തിരിച്ചു നല്‍കേണ്ടത് മലയാള സിനിമാ വ്യവസായത്തിന്റെയും സാംസ്‌ക്കാരിക ലോകത്തിന്റേയും ഉത്തരവാദിത്തമാണ്.
സിനിമയില്‍ പരിക്കു പറ്റി നാട്ടിലേക്ക് മടങ്ങുന്ന 'സുഡു'വിന് വിലപേശി ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റ് എടുത്തു കൊടുക്കുന്നുണ്ട് മാനേജരായ മജീദ്. അതയാളുടെ ഉത്തരവാദിത്തമാണ്. ആ നിലക്കുള്ള കരാറുമുണ്ടായിരിക്കാം. എന്നാല്‍ മജീദിന്റെ ഉമ്മമാര്‍ 'സുഡു'വിന് നല്‍കുന്നത് വിലകൂടിയ ഫോറിന്‍ വാച്ചും 'ഇത് അന്റെ പെങ്ങള്‍ക്ക് കൊടുത്തോ' എന്ന് പറഞ്ഞ് ഒരു ജോഡി സ്വര്‍ണ്ണക്കമ്മലുമാണ്. ഫുട്‌ബോള്‍ കളിച്ച് കാശുണ്ടാക്കാന്‍ വേണ്ടി മലപ്പുറത്തേക്ക് വന്ന നൈജീരിയക്കാരന്‍ 'സുഡാനി'ക്ക് കരാര്‍ പ്രകാരം നല്‍കുന്ന പ്രതിഫലത്തിന്റെ ഭാഗമല്ല ആ വാച്ചും സ്വര്‍ണ്ണക്കമ്മലും. അതൊരു നാടിന്റെ സ്‌നേഹമാണ്, നന്മയുള്ള ഗ്രാമീണരുടെ കരുതലാണ്, വന്‍കരകള്‍ക്കപ്പുറത്തുള്ള മനുഷ്യജീവിതങ്ങളോടുള്ള ഐക്യപ്പെടലാണ്. സ്‌ക്രീനില്‍ മാത്രമല്ല, പുറത്തും അതുണ്ടാകണമെന്നാണ് നമ്മുടെ ആഗ്രഹം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates